ചൈനയിലെത്തുന്നവര്‍ക്ക് ഇനി ക്വാറന്‍റൈന്‍ ഇല്ല

മൂന്ന് വർഷമായി തുടരുന്ന നിയന്ത്രണമാണ് ഒഴിവാക്കിയത്.

Update: 2022-12-27 09:07 GMT
Advertising

ബീജിങ്: വിദേശ യാത്രക്കാർക്കുള്ള നിർബന്ധിത ക്വാറന്‍റൈൻ ഒഴിവാക്കി ചൈന. മൂന്ന് വർഷമായി തുടരുന്ന നിയന്ത്രണമാണ് ഒഴിവാക്കിയത്. ഇന് യാത്രയ്ക്ക് 48 മണിക്കൂര്‍ മുന്‍പുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മതി. ചൈനയിലേക്കും പുറത്തേക്കുമുള്ള വിമാനങ്ങളിൽ യാത്രക്കാരുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണവും നീക്കും.

ചൈനയിൽ കോവിഡ് കേസുകൾ കൂടുന്നതിനിടെയാണ് സീറോ കോവിഡ് നയത്തില്‍ രാജ്യം ഇളവ് വരുത്തിയത്. ചൈനയിലേക്ക് വരുന്നവർക്ക് ജനുവരി 8 മുതൽ ക്വാറ​ന്‍റൈൻ ആവശ്യമില്ല. നേരത്തെ എട്ടു ദിവസത്തെ ക്വാറന്‍റൈന്‍ നിർബന്ധമായിരുന്നു. ആദ്യ അഞ്ചു ദിവസം ക്വാറ​ന്‍റൈനായി തീരുമാനിക്കപ്പെട്ട ഹോട്ടലുകളിലും അവസാന മൂന്ന് ദിവസം താമസ സ്ഥലത്തും കഴിയണമെന്നായിരുന്നു നിബന്ധന. ഇത് ഒഴിവാക്കിയാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മതിയെന്ന തീരുമാനത്തില്‍‌ ചൈന എത്തിയത്.

സ്വയം ഐസൊലേഷനിലായ മൂന്നു വര്‍ഷങ്ങള്‍ ചൈനയുടെ സാമ്പത്തികാവസ്ഥയെ ബാധിച്ചു. സീറോ കോവിഡ് നയത്തിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങുന്ന സാഹചര്യവുമുണ്ടായി.പിന്നാലെയാണ് വ്യവസായത്തിനും പഠനത്തിനും കുടുംബാംഗങ്ങളെ കാണുന്നതിനും ഉൾപ്പെടെ ഏത് ആവശ്യത്തിനും ചൈനയിലേക്ക് വരുന്നവര്‍ക്ക് സൌകര്യമൊരുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയത്.

അതേസമയം കോവിഡ് ജാഗ്രതയും രോഗവ്യാപനം തടയാനുള്ള നടപടികളും തുടരുമെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ വ്യക്തമാക്കി. വെന്റിലേറ്ററുകൾ പോലെയുള്ള ജീവൻ രക്ഷാമെഡിക്കൽ ഉപകരണങ്ങള്‍ വിതരണം ചെയ്തും തീവ്രപരിചരണ വിഭാഗങ്ങളുടെ ശേഷി വര്‍ധിപ്പിച്ചും കോവിഡിനെ ചെറുക്കും. രോഗികള്‍ക്കായി ആശുപത്രികളിലെ ക്വാറന്റൈൻ സൗകര്യങ്ങൾ പുനഃസ്ഥാപിക്കും. നിലവിലെ ഒമിക്രോണ്‍ രോഗലക്ഷണങ്ങള്‍ അത്ര തീവ്രമല്ലെന്നാണ് വിലയിരുത്തല്‍. ഇത് ക്രമേണ ഒരു സാധാരണ ശ്വസന സംബന്ധമായ അസുഖമായി മാറുമെന്നും അധികൃതര്‍ വിലയിരുത്തുന്നു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News