വുഹാനില്‍ ഒരു വര്‍ഷത്തിന് ശേഷം വീണ്ടും കോവിഡ്: ഒരു കോടിയിലേറെ പേരെ പരിശോധിക്കും

വുഹാനിലെ ഏഴ് കുടിയേറ്റ തൊഴിലാളികള്‍ക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചത്.

Update: 2021-08-03 06:34 GMT
Advertising

ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍ ഒരു വര്‍ഷത്തിന് ശേഷം വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രദേശത്തെ മുഴുവന്‍ പേരുടെയും കോവിഡ് പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ പ്രദേശത്തെ ജനസംഖ്യ 1.1 കോടിയാണ്. വുഹാനിലെ ഏഴ് കുടിയേറ്റ തൊഴിലാളികള്‍ക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചത്.

വീണ്ടും കോവിഡ് വ്യാപനമുണ്ടായതോടെ ജനങ്ങളോട് വീട്ടിലിരിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. പ്രാദേശികമായ ഗതാഗതം നിര്‍ത്തിവെച്ചു. കൂട്ടപ്പരിശോധന നടത്തി രോഗമുള്ളവരെ ക്വാറന്‍റീലാക്കാനാണ് തീരുമാനം. ചൊവ്വാഴ്ച ചൈനയില്‍ 61 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതിവേഗം പടരുന്ന ഡെല്‍റ്റ വകഭേദമാണ് സ്ഥിരീകരിച്ചത്. നാന്‍ജിങ് വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളികളില്‍ സ്ഥിരീകരിച്ച വൈറസ് ബാധ ക്ലസ്റ്ററായി മാറുകയായിരുന്നു.

ബീജിങില്‍ താമസിക്കുന്ന കോടിക്കണക്കിന് ആളുകളുടെ കോവിഡ് പരിശോധന ഇതിനകം പൂര്‍ത്തിയാക്കി. നാൻജിങിന് സമീപമുള്ള യാങ്‌ഷോയില്‍ പരിശോധനയില്‍ 40 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ നഗരം അടച്ചിട്ടു. അവശ്യസാധനങ്ങൾക്കായി ദിവസേന ഓരോ വീട്ടിലെയും ഒരാള്‍ക്ക് മാത്രം പുറത്തിറങ്ങാം. കോവിഡ് സ്ഥിരീകരിച്ച പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് വിനോദസഞ്ചാരികള്‍ക്ക് നിര്‍ദേശം നല്‍കി.

കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍ ഒറ്റ കോവിഡ് കേസും ഇല്ലാതായതോടെ പ്രദേശം സാധാരണ നിലയിലേക്ക് എത്തിയിരുന്നു. ഇതോടെ സമ്പദ്‌ വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളും തുടങ്ങി. പക്ഷേ ഈ ജൂലൈ പകുതി മുതൽ ചൈനയില്‍ 400ലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News