'പാർട്ടിയെ സ്‌നേഹിക്കൂ, രാജ്യത്തെ സ്‌നേഹിക്കൂ'; സെലിബ്രിറ്റികളോട് ചൈന

വിനോദ മേഖലയിൽ പ്രവർത്തിക്കുന്നവർക്കു വേണ്ടി സംഘടിപ്പിച്ച സിംപോസിയത്തിലാണ് ഭരണകൂടത്തിന്റെ നിർദേശങ്ങൾ

Update: 2021-09-08 13:44 GMT
Editor : abs | By : abs

ബീജിങ്: സാംസ്‌കാരിക മേഖലയിലെ സർക്കാർ ഇടപെടൽ തുടരുന്നതിനിടെ കലാകാരന്മാർക്ക് കര്‍ശന നിർദേശങ്ങളുമായി ചൈനീസ് ഭരണകൂടം. സെലിബ്രിറ്റികൾ പൊതു-സ്വകാര്യജീവിതത്തിൽ സദാചാരം പാലിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. വിനോദ മേഖലയിൽ പ്രവർത്തിക്കുന്നവർക്കു വേണ്ടി സംഘടിപ്പിച്ച സിംപോസിയത്തിലാണ് ഭരണകൂടത്തിന്റെ നിർദേശങ്ങൾ.

'ലവ് ദ പാർട്ടി, ലവ് ദ കൺട്രി, അഡ്വക്കേറ്റ് മൊറാലിറ്റി ആന്റ് ആർട്ട് (പാർട്ടിയെയും രാജ്യത്തെയും സ്‌നേഹിക്കൂ, സദാചാരത്തിനും കലയ്ക്കും വേണ്ടി സംസാരിക്കൂ) എന്ന ആശയത്തിലാണ് സിംപോസിയം സംഘടിപ്പിച്ചത്. മുതിർന്ന കമ്യൂണിസ്റ്റ് പാർട്ടി ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനീസ് ബ്രോഡ്കാസ്റ്റ് റെഗുലേറ്ററായ നാഷണൽ റേഡിയോ ആൻഡ് ടെലിവിഷൻ മേധാവിയും സന്നിഹിതനായിരുന്നു.

Advertising
Advertising

'അശ്ലീലവും സഭ്യേതര ആസ്വാദനം പ്രദാനം ചെയ്യുന്നതുമായ കാര്യങ്ങൾ ബോധപൂർവം ഉപേക്ഷിക്കണം. ധനത്തോടുള്ള ആർത്തി, സുഖാനുഭൂതി, വ്യക്തിപൂജ തുടങ്ങിയ ജീർണിച്ച ആശയങ്ങളെ മനഃപൂർവ്വം എതിർക്കേണ്ടതുണ്ട്.'- സെലിബ്രിറ്റികള്‍ക്ക് നൽകിയ മാർഗനിർദേശങ്ങളുമായി ബന്ധപ്പെട്ട് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ഈയിടെ സർക്കാർ ഏതാനും റിയാലിറ്റി ഷോകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 'വിചിത്രമായ കലാബോധം' ആവിഷ്‌കരിക്കരുത് എന്ന് ആവശ്യപ്പെട്ട് ചാനലുകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

യുവാക്കൾക്കിടയിൽ വർധിച്ചു വരുന്ന ഓൺലൈൻ സ്വാധീനം ഇല്ലാതാക്കാനും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി സെലിബ്രിറ്റികൾക്ക് റാങ്കിങ് നിശ്ചയിക്കുന്ന സമ്പ്രദായങ്ങൾ അവസാനിപ്പിച്ചു. പതിനെട്ടു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഒരു ദിവസം ഒരു മണിക്കൂർ മാത്രമാണ് ഓൺലൈൻ വീഡിയോ ഗെയിമുകൾക്കായി അനുവദിച്ചിട്ടുള്ളത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News