'പ്രണയിക്കൂ, പങ്കാളികളെ കണ്ടെത്തൂ'; ഒരാഴ്ച അവധി പ്രഖ്യാപിച്ച് ചൈനീസ് കോളജുകൾ

ജനനനിരക്ക് കുത്തനെ ഇടിഞ്ഞത് ചൈനയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് കോളജുകൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്

Update: 2023-04-02 11:04 GMT
Editor : Shaheer | By : Web Desk
Advertising

ബെയ്ജിങ്: ചൈനയിൽ ജനനനിരക്ക് കുത്തനെ കുറയുന്നത് പുതിയ ആശങ്കയായി മാറിയിരിക്കുകയാണ്. പ്രതിസന്ധി മറികടക്കാനായി അടുത്തിടെ രാഷ്ട്രീയ ഉപദേഷ്ടാക്കൾ ഭരണകൂടത്തിന് നിരവധി നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. ഇതിനിടെ, പങ്കാളികളെ കണ്ടെത്താൻ നീണ്ട അവധി അനുവദിച്ച് വാർത്തയാകുകയാണ് ചൈനയിൽ നിരവധി കോളജുകൾ.

ചൈനീസ് വിദ്യാഭ്യാസ ശൃംഖലയായ ഫാൻ മെയ് എജ്യുക്കേഷൻ ഗ്രൂപ്പിന് കീഴിലുള്ള ഒൻപത് കോളജുകളിലാണ് അധികൃതർ ഒരാഴ്ച അവധി അനുവദിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്നുമുതൽ ഏഴുവരെയാണ് അവധി. ചൈനയിൽ ദേശീയ അവധിയായ ക്വിങ്മിങ് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് കോളജ് അധികൃതർ വിചിത്രകരമായ അവധി പ്രഖ്യാപിച്ചത്. മരിച്ചുപോയ ബന്ധുക്കളെ അനുസ്മരിക്കാനായി നടത്തുന്ന ക്വിങ്മിങ് ആഘോഷം ഏപ്രിൽ അഞ്ചിനാണ്. ടോമ്പ് സ്വീപിങ് ദിനം എന്നും ഇത് അറിയപ്പെടാറുണ്ട്.

പ്രണയത്തെക്കുറിച്ച് പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുകയാണ് അവധിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മിയാങ്‌യാങ് ഏവിയേഷൻ വൊക്കേഷനൽ കോളജ് ഡെപ്യൂട്ടി ഡീൻ ലിയാങ് ഗോഹൂയ് പറഞ്ഞു. പ്രണയജീവിതത്തെക്കുറിച്ച് പഠിക്കാനും പ്രണയം ആസ്വദിക്കാനും ഇത് വിദ്യാർത്ഥികളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾക്ക് പച്ചവെള്ളവും പ്രകൃതിയുമെല്ലാം ആസ്വദിക്കാനുള്ള അവസരമാകും. അത് അവരുടെ മനോതലത്തെ കൂടുതൽ വികസ്വരമാക്കുമെന്നും ലിയാങ് കൂട്ടിച്ചേർത്തു.

ഇതിനുമുൻപും കോളജ് വിദ്യാർത്ഥികൾക്ക് ആഴ്ചയോളം നീണ്ടുനിൽക്കുന്ന അവധി നൽകാറുണ്ട്. 2019 മുതൽ ഈ സംവിധാനമുണ്ട്. എന്നാൽ, ഇത്തവണ 'പുഷ്പങ്ങൾ ആസ്വദിക്കൂ, പ്രണയത്തിലാകൂ' എന്ന പ്രമേയമാണ് അവധിക്ക് നൽകിയിരിക്കുന്നത്.

പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും പ്രണയത്തിന്റെ സൗന്ദര്യം അനുഭവിക്കാനും സമയം അനുവദിക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നുവെന്നാണ് സിച്ചുവാൻ സൗത്ത്‌വെസ്റ്റ് ഏവിയേഷൻ വൊക്കേഷൻ കോളജ് ഡെപ്യൂട്ടി ഡീൻ ലിയു പിങ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ അവധി അനുവദിച്ചതെന്നും അദ്ദേഹം അറിയിച്ചു.

1980ൽ നടപ്പാക്കിയ 'നാമൊന്ന് നമുക്കൊന്ന്' നയമാണ് ചൈനയ്ക്ക് തിരിച്ചടിയായത്. 2015ൽ പദ്ധതി പിൻവലിച്ചു. 2021ൽ മൂന്നു വരെ കുട്ടികളാകാമെന്ന് നിയമം ഭേദഗതി ചെയ്യുകയുമുണ്ടായി. എന്നാൽ, കോവിഡ് കാലത്ത് ദമ്പതികൾ കുട്ടികളുണ്ടാക്കാൻ മടിക്കുന്ന പ്രവണതയും വലിയ തോതിൽ തിരിച്ചടിയായി. ഇതിനു പിന്നാലെയാണ് പരിഹാര നടപടിക്രമങ്ങൾ ആരംഭിച്ചത്. ജനനനിരക്ക് കൂട്ടാൻ 20 ഇന പദ്ധതികൾ ചൈനീസ് ഭരണകൂടം ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

Summary: China's colleges give students 7-day break to 'fall in love' as the birth rate in the country declines

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News