ഫോട്ടോയെടുക്കുന്നതിനിടെ അഗ്നിപർവതത്തിലേക്ക് കാൽ തെന്നിവീണു; ചൈനീസ് യുവതിക്ക് ദാരുണാന്ത്യം

രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് യുവതിയുടെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തത്

Update: 2024-04-24 07:12 GMT
Editor : Lissy P | By : Web Desk
Advertising

ജക്കാർത്ത: ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ ഇന്തോനേഷ്യൻ അഗ്‌നിപർവതത്തിലേക്ക് വീണ് ചൈനീസ് യുവതി ദാരുണമായി കൊല്ലപ്പെട്ടു. 31 കാരിയായ ഹുവാങ് ലിഹോംഗ് ആണ് കൊല്ലപ്പെട്ടതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 'ബ്ലൂ ഫയർ' പ്രതിഭാസത്തിന് പേരുകേട്ട ഇജെൻ അഗ്‌നിപർവതത്തിലാണ് അപകടം നടന്നത്.

നീല ജ്വാലകളാൽ പ്രശസ്തമായ ഈ അഗ്നിപർവതത്തിന്റെ അരികിൽ നിന്ന് ഫോട്ടോ പകർത്തുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി ഗർത്തത്തിലേക്ക് വീഴുകയായിരുന്നു. ഭർത്താവിനും ടൂറിസ്റ്റ് ഗൈഡിനുമൊപ്പമാണ് യുവതി സ്ഥലത്തെത്തിയത്. സൂര്യോദയം കാണാൻ വേണ്ടിയാണ് ഇരുവരും ഇവിടെയെത്തിയതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 75 മീറ്റർ ഉയരത്തിൽ നിന്നാണ് ഹുവാങ് ലിഹോംഗ് വീണതെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു. വീഴ്ചയിലുണ്ടായ ആഘാതമാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. ഏകദേശം രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് യുവതിയുടെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തത്.

എന്നാൽ ചിത്രങ്ങളെടുക്കുമ്പോൾ ഗർത്തത്തിന്റെ അരികിലേക്ക് പോകരുതെന്ന് നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നെന്നാണ് ടൂർ ഗൈഡിന്റെ വിശദീകരണം.എന്നാൽ നല്ല ഫോട്ടോ ലഭിക്കാൻ വേണ്ടി യുവതി പിന്നോട്ട് നീങ്ങുന്നതിനിടെ ധരിച്ചിരുന്ന വസ്ത്രത്തിൽ ചവിട്ടി ഗർത്തത്തിലേക്ക് വീഴുകയായിരുന്നെന്നും ടൂർ ഗൈഡ് പറയുന്നു.

സൾഫ്യൂറിക് ആസിഡ് കത്തുന്നത് മൂലമാണ് അഗ്നിപർവതത്തിൽ നിന്ന് നീല നിറത്തിലുള്ള വെളിച്ചം ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഇവിടേക്ക് നിരവധി സഞ്ചാരികളും എത്തുന്നുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News