കൊളംബിയ ഫലസ്തീനിൽ എംബസി തുറക്കുന്നു; ഉത്തരവിട്ട് ഗുസ്താവോ പെട്രോ

ഗസ്സ നരഹത്യയിൽ പ്രതിഷേധിച്ച് തെൽഅവീവിലെ എംബസി അടച്ചുപൂട്ടുകയും ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു കൊളംബിയ

Update: 2024-05-23 16:21 GMT
Editor : Shaheer | By : Web Desk

ഗുസ്താവോ പെട്രോ

Advertising

ബൊഗോട്ട: ഫലസ്തീനിൽ എംബസി തുറക്കാൻ ഉത്തരവിട്ട് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ. റാമല്ലയിലാണു നയതന്ത്ര കാര്യാലയം തുറക്കുന്നതെന്ന് വിദേശകാര്യ മന്ത്രി ലൂയിസ് ഗിൽബെർട്ടോ മുറില്ലോ അറിയിച്ചു. യൂറോപ്യൻ രാജ്യങ്ങളായ സ്‌പെയിനും നോർവേയും അയർലൻഡും ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചതിനു പിന്നാലെയാണ് കൊളംബിയയുടെ നീക്കം.

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന നരഹത്യയെ തുടക്കം മുതൽ രൂക്ഷമായ ഭാഷയിൽ എതിർക്കുന്ന രാജ്യമാണ് കൊളംബിയ. ഗസ്സയിലെ ആക്രമണത്തിൽ പ്രതിഷേധിച്ച് തെൽഅവീവിൽനിന്ന് കൊളംബിയൻ അംബാസഡറെ മേയ് ആദ്യത്തിൽ ഗുസ്താവോ പെട്രോ തിരിച്ചുവിളിച്ചിരുന്നു. മേയ് മൂന്നിന് എംബസി അടച്ചുപൂട്ടുകയും ചെയ്തു. പിന്നാലെ ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു കൊളംബിയ.

യു.എൻ രക്ഷാസമിതി നിർദേശങ്ങൾ കാറ്റിൽപറത്തി ഇസ്രായേൽ ആക്രമണം തുടരുമ്പോഴാണ് ഫലസ്തീനിൽ എംബസി തുറക്കുമെന്നുകൂടി കൊളംബിയ പ്രഖ്യാപിച്ചിരിക്കുന്നത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലാണ് എംബസി തുറക്കാനിരിക്കുന്ന റാമല്ല സ്ഥിതി ചെയ്യുന്നത്. ഫലസ്തീൻ അതോറിറ്റി ഭരണകൂടത്തിന്റെ ഭരണതലസ്ഥാനം കൂടിയാണ് ഇവിടെ.

കാര്യാലയം തുറക്കാനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കൊളംബിയ വിദേശകാര്യ മന്ത്രി മുറില്ലോ അറിയിച്ചിട്ടുണ്ട്. യു.എന്നിൽ ഫലസ്തീനു സ്വതന്ത്രരാഷ്ട്ര അംഗീകാരം നൽകാനുള്ള നീക്കത്തെ കൂടുതൽ രാജ്യങ്ങൾ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. നീക്കത്തിന് കൊളംബോ നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

2022ലാണ് കൊളംബിയൻ പ്രസിഡന്റായി ഇടതുപക്ഷ നേതാവായ ഗുസ്താവോ പെട്രോ അധികാരത്തിലേറുന്നത്. ഇസ്രായേലിന്റെ വംശഹത്യാ പദ്ധതികളുടെ രൂക്ഷവിമർശകൻ കൂടിയാണ് പെട്രോ. നയതന്ത്രബന്ധം വിച്ഛേദിച്ച കൊളംബിയയുടെ നടപടിയെ വ്യക്തിപരമായ അധിക്ഷേപങ്ങളിലൂടെയാണ് ഇസ്രായേൽ നേരിട്ടത്. പെട്രോയെ സെമിറ്റിക് വിരുദ്ധനെന്ന് അധിക്ഷേപിച്ചു ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്‌സ്. നടപടി ഹമാസിനുള്ള പാരിതോഷികമാണെന്നും ആക്ഷേപസ്വരത്തിൽ കാറ്റ്‌സ് ആരോപിച്ചു.

കഴിഞ്ഞ ഒക്ടോബറിൽ ഗസ്സയിൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെ കൊളംബിയയ്ക്കുള്ള ആയുധങ്ങളുടെ കയറ്റുമതി നിർത്തുകയാണെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു. മുൻപ് നാസികൾ ജൂതരെക്കുറിച്ചു സംസാരിച്ചതിനു സമാനമായ ഭാഷയിലാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് സംസാരിക്കുന്നതെന്ന് പെട്രോ വിമർശിച്ചിരുന്നു. പരാമർശത്തിനു തിരിച്ചടിയായായിരുന്നു കയറ്റുമതി നിർത്തലാക്കിയത്.

പിന്നീട് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ദക്ഷിണാഫ്രിക്ക ഇസ്രായേലിനെതിരെ നൽകിയ വംശഹത്യാ കുറ്റക്കേസിനെ പിന്തുണച്ചും പെട്രോ രംഗത്തെത്തി. കേസിൽ ഇസ്രായേലിനെതിരെ കക്ഷി ചേർന്നു കൊളംബിയ. ഗസ്സയിൽ ഫലസ്തീനികൾക്കു പൂർണാർഥത്തിലുള്ള സുരക്ഷ ഉറപ്പാക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്നാണ് ഇതിന് കൊളംബിയൻ സർക്കാർ ന്യായം പറഞ്ഞത്. പ്രത്യേകിച്ചും സ്ത്രീകളും കുട്ടികളും ഭിന്നശേഷിക്കാരും വയോധികരും ഉൾപ്പെടെയുള്ളവർക്കു പ്രത്യേക സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

കൊളംബിയയ്ക്കു പുറമെ ബൊളീവിയ, ചിലി, ഹോണ്ടുറാസ് എന്നീ ലാറ്റിനമേരിക്കൻ രാജ്യങ്ങളും ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചിരുന്നു. തെൽഅവീവിൽനിന്ന് സ്ഥാനപതികളെ തിരിച്ചുവിളിച്ചായിരുന്നു ഗസ്സ നരഹത്യയിൽ രാജ്യങ്ങൾ പ്രതിഷേധം അറിയിച്ചത്. കഴിഞ്ഞ മേയ് 10ന് യു.എന്നിൽ ഫലസ്തീന്റെ പൂർണാംഗത്വത്തെ പൊതുസഭ ബഹുഭൂരിപക്ഷം പിന്തുണയോടെ പിന്താങ്ങുകയും ചെയ്തിരുന്നു. രക്ഷാസമിതിയോട് വിഷയം അനുഭാവപൂർവം പരിഗണക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സ്‌പെയിൻ, നോർവേ, അയർലൻഡ് പ്രധാനമന്ത്രിമാർ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ഔദ്യോഗിക ഉത്തരവിറക്കിയത്. ഇസ്രായേലിന്റെ പ്രതിഷേധവും ഭീഷണിയുമെല്ലാം അവഗണിച്ചായിരുന്നു നടപടി. ഇതിനു പിന്നാലെ നോര്‍വേ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍നിന്ന് അംബാസഡര്‍മാരെ ഇസ്രായേല്‍ തിരിച്ചുവിളിക്കുകയും ചെയ്തു. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കലാണ് ഏക മാർഗമെന്നാണ് ഇതിനു തീരുമാനത്തിനുള്ള വിശദീകരണമായി സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹര്‍‌സ്റ്റോർ, അയർലൻഡ് പ്രധാനമന്ത്രി സിമോൺ ഹാരിസ് എന്നിവർ വ്യക്തമാക്കിയത്. 

Summary: Colombia's President Gustavo Petro orders opening of embassy in West Bank’s Ramallah in Palestine

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News