100 പാറ്റകളെ വീട്ടിൽ വളർത്താമോ? വെറുതെ വേണ്ട 1.5 ലക്ഷം രൂപ പ്രതിഫലം നൽകും: വ്യത്യസ്ത ഓഫറുമായി യു.എസ് കമ്പനി

ഒരുമാസത്തെ പഠന കാലയളവിൽ പാറ്റകളെ നിയന്ത്രിക്കാനുള്ള മറ്റ് മാർഗങ്ങൾ വീട്ടുടമസ്ഥർ ചെയ്യരുത്

Update: 2022-06-15 04:24 GMT
Editor : Lissy P | By : Web Desk
Advertising

യു.എസ്: പാറ്റകളെ പേടിയുള്ളവർ ഏറെയാണ്. ചെറുപ്രാണിയാണെങ്കിലും അതിനെ കാണുമ്പോൾ ചിലർ ഓടിയൊളിക്കും. പാറ്റപ്പേടിയെ പേരിട്ടു വിളിക്കുന്നത് 'കാറ്റ്‌സാരിഡാഫോബിയ' എന്നാണ്. പാറ്റ വീട്ടിലുണ്ടാവുന്നത് പല രോഗങ്ങൾക്കും കാരണമാകും. അതുകൊണ്ട് തന്നെ പാറ്റയെ തുരത്താനുള്ള മാർഗങ്ങളാണ് ഏവരും നോക്കുന്നത്. എന്നാലിതാ അമേരിക്കയിലെ ഒരു കമ്പനി വ്യത്യസ്തമായ ഓഫറുമായി രംഗത്ത് വന്നിക്കുകയാണ്.

100 പാറ്റകളെ വീട്ടിൽ വളർത്താനനുവദിക്കണമെന്നാണ് അവരുടെ ആവശ്യം. വെറുതെ വേണ്ട.അതിന് പകരമായി 2,000 ഡോളർ(ഒന്നര ലക്ഷം) രൂപ പ്രതിഫലമായി നൽകുമെന്നാണ് കീടനിയന്ത്രണ കമ്പനി വാഗ്ദാനം ചെയ്യുന്നത്.  ദി പെറ്റ് ഇന്‍ഫോമര്‍ എന്ന വെബ്സൈറ്റിലാണ് കമ്പനി പരസ്യം ചെയ്തത്. ഇതോടെ ഈ അപൂർവ ഓഫർ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി.

പാറ്റയുടെ ശല്യം ഇല്ലാതാക്കാൻ പുതിയ രീതികൾ പരീക്ഷിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഈ ട്രയൽ ഒരു മാസത്തോളം നീണ്ടുനിൽക്കും. എന്നാൽ ചില നിബന്ധനകളും കമ്പനി മുന്നോട്ട് വെക്കുന്നുണ്ട്. അപേക്ഷ നൽകുന്നയാൾക്ക് സ്വന്തമായി വീടുണ്ടാകണം. അല്ലെങ്കിൽ വീട്ടുടമസ്ഥനെ പൂർണ അനുമതി ഉണ്ടാകണം. അതേസമയം, ഒരുമാസത്തെ പഠന കാലയളവിൽ പാറ്റകളെ നിയന്ത്രിക്കാനുള്ള മറ്റ് മാർഗങ്ങൾ വീട്ടുടമസ്ഥർ ചെയ്യരുത്. കമ്പനിയായിരിക്കും പാറ്റകളെ നിയന്ത്രിക്കാനുള്ള പരീക്ഷണങ്ങൾ നടത്തുക. ഈ പരീക്ഷണങ്ങൾ വീട്ടുകാർക്കോ വളർത്തുമൃഗങ്ങൾക്കോ ഹാനികരമാകില്ലെന്നും കമ്പനി ഉറപ്പ് നൽകുന്നുണ്ട്.

ഏതായാലും അഞ്ചോ ആറോ വീട്ടിൽ പരീക്ഷണം നടത്താനായിരുന്നു കമ്പനി ഉദ്ദേശിച്ചിരുന്നത്. എന്നാൽ പാറ്റയെ വളർത്താൻ സമ്മതമാണെന്ന് അറിയിച്ച് ആയിരക്കണക്കിന് അപേക്ഷയാണ് കമ്പനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News