മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം; വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്താൻ ശ്രമിച്ചതിൽ ശൈഖ് ഹസീനക്കെതിരെ കുറ്റം ചുമത്തി ഐസിടി
ആഗസ്റ്റ് രണ്ടിന് പ്രത്യേക ട്രൈബ്യൂണലിന്റെ നേതൃത്വത്തിൽ വിചാരണ തുടങ്ങും
ധാക്ക: ബംഗ്ലാദേശിൽ നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളെ കൈകാര്യം ചെയ്തതിൽ ഗുരുതര വീഴ്ചയുണ്ടായെന്നാരോപിച്ച് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്കെതിരെ ഔദ്യോഗികമായി കുറ്റം ചുമത്തി. ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലാണ് (ഐസിടി) വ്യാഴാഴ്ച മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം നടത്തിയെന്നാരോപിച്ച് ഹസീനക്കെതിരെ നടപടിയെടുത്തത്. ആഗസ്റ്റ് രണ്ടിന് പ്രത്യേക ട്രൈബ്യൂണലിന്റെ നേതൃത്വത്തിൽ വിചാരണ തുടങ്ങും.
ഹസീന ഭരണകൂടത്തിലെ ആഭ്യന്തര മന്ത്രിയായിരുന്ന അസദുസ്സമാൻ ഖാൻ കമാൽ, ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് ചൗധരി അബ്ദുല്ല അൽ മാമുൻ എന്നിവർക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. ജൂലൈ, ആഗസ്റ്റ് സമയങ്ങളിലായി രാജ്യത്ത് നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾ അടിച്ചമർത്താൻ ശ്രമിച്ചുവെന്നാണ് ആരോപണം. പ്രക്ഷോപങ്ങൾ അടിച്ചമർത്താൻ കൂട്ടക്കൊലപാതകം, പീഡനം, കൊലപാതകം തുടങ്ങിയ വഴികൾ ഉപയോഗിച്ചുവെന്നാണ് ഹസീനയടക്കമുള്ളവർക്കെതിരെ പ്രോസിക്യൂഷൻ ആരോപിക്കുന്നത്.
കേസിൽ ട്രൈബ്യൂണലിന് മുമ്പിൽ ഹാജരായ ഏക വ്യക്തിയായ മാമുൻ കുറ്റം സമ്മതിച്ചതായും പ്രോസിക്യൂഷൻ വ്യക്തമാക്കി. 2024 ആഗസ്റ്റ് അഞ്ചിനാണ് സ്റ്റുഡൻസ് എഗൈൻസ്റ്റ് ഡിസ്‌ക്രിമിനേഷൻ എന്ന വിദ്യാർഥി സംഘടനയുടെ പ്രക്ഷോഭത്തിന്റെ ഫലമായി ഹസീനയുടെ അവാമി ലീഗിന് അധികാരം നഷ്ടപ്പെടുന്നത്. പിന്നീട് അക്രമാസക്തമായ പ്രക്ഷോഭക്കാരിൽ നിന്നും രക്ഷതേടി സൈനിക വിമാനത്തിൽ ഹസീന ഇന്ത്യയിൽ അഭയം തേടിയിരുന്നു. ഇതിന് പിന്നാലെ അവാമി ലീഗിനെ ഭീകരവിരുദ്ധ നിമയപ്രകാരം ബംഗ്ലാദേശിൽ നിരോധിച്ചിരുന്നു.
ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ അനുസരിച്ച പ്രക്ഷോഭം അടിച്ചമർത്താനുള്ള ഹസീന സർക്കാരിന്റെ ക്രൂര നടപടികളിൽ 1400 ഓളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.