കാരക്കാസ്: വെനസ്വേലയിൽ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ 32 ക്യൂബൻ സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ക്യൂബൻ സർക്കാരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മദൂറോയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ക്യൂബൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ട്രംപ് ഞായറാഴ്ച അവകാശപ്പെട്ടിരുന്നു. ഇതാണ് ക്യൂബൻ സർക്കാർ സ്ഥിരീകരിച്ചിരിക്കുന്നത്.
വെനസ്വേല സർക്കാരിന്റെ അഭ്യർഥനപ്രകാരം ക്യൂബൻ സൈന്യവും പൊലീസ് ഉദ്യോഗസ്ഥരും കരീബിയൻ സൈന്യത്തിന്റെ ദൗത്യത്തിന്റെ ഭാഗമായിരുന്നെന്ന് ക്യൂബൻ സ്റ്റേറ്റ് ടിവിയിൽ വായിച്ച പ്രസ്താവനയിൽ പറയുന്നു. ക്യൂബൻ ഉദ്യോഗസ്ഥർ അവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നും നിർഭാഗ്യവശാൽ തങ്ങളുടെ എതിർവശത്ത് നിരവധി പേരാണ് കൊല്ലപ്പെട്ടതെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.
വെനസ്വേലയുടെ അടുത്ത സഖ്യകക്ഷിയായ ക്യൂബ വർഷങ്ങളായി വിവിധ പ്രവർത്തനങ്ങളിൽ സഹായിക്കാൻ സൈന്യത്തെയും പൊലീസിനെയും അവിടേക്ക് അയയ്ക്കാറുണ്ട്. വെനസ്വേലയിൽ ശനിയാഴ്ച പുലർച്ചെ നടത്തിയ ആക്രമണത്തിലാണ് നിരവധി പേർക്ക് ജീവൻ നഷ്ടമായത് കൊല്ലപ്പെട്ടത്. അമേരിക്കൻ ആക്രമണത്തിൽ മദൂറോയുടെ സുരക്ഷാ സംഘത്തിലെ ഭൂരിഭാഗം പേരും നിരപരാധികളായ സാധാരണക്കാരും കൊല്ലപ്പെട്ടെന്ന് വെനസ്വേലൻ പ്രതിരോധ മന്ത്രി വ്ലാദിമിർ പാഡ്രിനോ പറഞ്ഞിരുന്നു.
അമേരിക്കയുമായി സഹകരിച്ചില്ലെങ്കിൽ മദൂറോയേക്കാൾ വലിയ വില വെനസ്വേലയ്ക്ക് നൽകേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ, വെനസ്വേലയുടെ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റായി നിയമിച്ചു. വെനസ്വേലയിൽ അന്താരാഷ്ട്ര നിയമത്തിന്റെ തത്വങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും രാജ്യത്തെ ജനങ്ങളുടെ ഇഷ്ടം മാനിക്കണമെന്നും യൂറോപ്യൻ യൂണിയൻ ആഹ്വാനം ചെയ്തു.
യുഎസ് സമയം പുലർച്ചെ ശനിയാഴ്ച രണ്ട് മണിയോടെയായിരുന്നു കാരക്കാസിലെ ഏഴിടങ്ങളിൽ ആക്രമണം. ഇതിനിടെ പ്രസിഡന്റിന്റെ വസതിയിൽ അതിക്രമിച്ചുകയറിയ യുഎസ് സൈന്യം കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന നിക്കോളാസ് മദൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനേയും വലിച്ചിഴച്ച് പുറത്തുകൊണ്ടുപോവുകയായിരുന്നു. കാരക്കാസിലെ അതീവ സുരക്ഷയുള്ള ഫോർട്ട് ടിയൂന സൈനിക താവളത്തിനുള്ളിലെ പ്രസിഡന്റിന്റെ വസതിയിലായിരുന്നു സംഭവം. 30 മിനിറ്റിനകം ഇവരെ സ്ഥലത്തുനിന്നു മാറ്റി.
തലസ്ഥാനമായ കാരക്കാസില്‍ നിന്ന് മദൂറോയെ ആദ്യം കരീബിയന്‍ കടലിലെ വെളിപ്പെടുത്താത്ത സ്ഥലത്ത് നിലയുറപ്പിച്ചിരുന്ന യുഎസ് നാവിക കപ്പല്‍ യുഎസ്എസ് ഇവോ ജിമയിലേക്ക് എത്തിച്ചു. അവിടെ നിന്ന് വീണ്ടും ഹെലികോപ്ടറില്‍ ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ യുഎസ് നാവിക താവളത്തിലേക്ക് മാറ്റി. തുടർന്ന് മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയും ന്യൂയോര്‍ക്ക് സംസ്ഥാനത്തെ ഓറഞ്ച് കൗണ്ടിയിലെ സ്റ്റുവര്‍ട്ട് എയര്‍ഫോഴ്‌സ് ബേസിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
ഒടുവില്‍, സ്റ്റുവര്‍ട്ട് ബേസില്‍ നിന്ന് ഹെലികോപ്ടര്‍ വഴി ന്യൂയോര്‍ക്ക് നഗരത്തിലേക്ക് മാറ്റിയ മദൂറോയെ, മാന്‍ഹാറ്റന്റെ പടിഞ്ഞാറന്‍ ഭാഗത്തെ യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി ആസ്ഥാനത്തെത്തിക്കുകയും ഔദ്യോഗികമായി അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടികൂടിയ മദൂറോയ്‌ക്കെതിരെ നാർകോ ടെററിസം, കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് അറ്റോർണി ജനറൽ പാം ബോണ്ടി പുറത്തുവിട്ട കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. അമേരിക്കൻ സൈന്യത്തിന്റെ എലൈറ്റ് വിഭാഗമായ ഡെൽറ്റ ഫോഴ്‌സ്, എഫ്ബിഐയുടെ പിന്തുണയോടെയാണ് ഏകപക്ഷീയ ആക്രമണം നടത്തിയത്.