ദക്ഷിണാഫ്രിക്കയിൽ ദുരിതം വിതച്ച് ഫ്രെഡി ചുഴലിക്കാറ്റ്: മരണസംഖ്യ 100 കടന്നു

മലാവിയിൽ ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു

Update: 2023-03-14 09:34 GMT
Advertising

ലിലോംങ്‌വേ: ദക്ഷിണാഫ്രിക്കയിൽ ദുരിതം വിതച്ച് ഫ്രെഡി ചുഴലിക്കാറ്റ്. മലാവിയിലും മൊസാമ്പിക്കിലുമായി വീശിയടിച്ച ചുഴലിക്കാറ്റിൽ നൂറിലധികം പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. മലാവിയിൽ ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു.

ഈ വർഷം ഇത് രണ്ടാം തവണയാണ് ഫ്രെഡി ചുഴലിക്കാറ്റ് ദക്ഷിണാഫ്രിക്കൻ തീരത്തെത്തുന്നത്. ഫെബ്രുവരിയിൽ വൻ നാശനഷ്ടങ്ങളുണ്ടാക്കി കടന്നു പോയ ചുഴലിക്കാറ്റ് കഴിഞ്ഞയാഴ്ച വീണ്ടും വീശിയടിക്കുകയായിരുന്നു. മലാവിയിലാണ് ചുഴലിക്കാറ്റ് കനത്ത ദുരിതം വിതച്ചിരിക്കുന്നത്. ഇവിടെ മാത്രം 99 പേർ മരിച്ചു. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴയിലും മണ്ണിടിച്ചിലിലും നിരവധി വീടുകൾ ഒഴുകിപ്പോയി. 134 പേർക്കാണ് ഇവിടെ പരിക്കേറ്റത്. 16 പേരെ കാണാതായി. മലാവിയുടെ വാണിജ്യ തലസ്ഥാനമായ ബ്ലാൻടയറിൽ മാത്രം 85 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ദുരന്ത നിവാരണ വിഭാഗം മേധാവി ചാൾസ് കലേബ അറിയിച്ചിരിക്കുന്നത്.

മൊസാംബിക്കിൽ ഇതുവരെ പത്തു പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ഇവിടെ 14 പേർക്ക് പരിക്കേറ്റു. ചുഴലിക്കാറ്റിന്റെ രണ്ടാം വരവിൽ കെടുതികൾ വിചാരിച്ചതിലും ഭീകരമാണെന്നാണ് മൊസാംബിക്ക് അധികൃതർ അറിയിച്ചിരിക്കുന്നത്.

ആസ്‌ത്രേലിയയിൽ ഫെബ്രുവരി ആദ്യവാരം രൂപപ്പെട്ട ഫ്രെഡി നിലവിൽ ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ്. ഫെബ്രുവരി 21ന് ആദ്യമായി മൊസിംബിക്കിലെത്തുന്നതിന് മുമ്പ് മഡഗാസ്‌കറിലും ചുഴലിക്കാറ്റ് വൻ നാശം വിതച്ചിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News