ഭൂരിഭാഗം ഇസ്രായേലികളും പറയുന്നു - റഫയെ ആക്രമിക്കരുത്, വേണ്ടത് വെടിനിർത്തൽ കരാർ

റഫയെ ആക്രമിക്കാനുള്ള തീരുമാനത്തെ വീണ്ടും എതിർത്ത് അമേരിക്ക

Update: 2024-05-04 10:03 GMT
Advertising

തെൽ അവീവ്: തെക്കൻ ഗസ്സയിലെ റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് ഭൂരിഭാഗം ഇസ്രായേലികളും വിശ്വസിക്കുന്നതായി സർവേ റിപ്പോർട്ട്. ഇസ്രായേലി പത്രമായ മാരിവ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലാസർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റഡീസ് നടത്തിയ സർവേയിൽ പ​ങ്കെടുത്ത 54 ശതമാനം പേരും ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട് ഹമാസുമായി കരാറിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നതായി കണ്ടെത്തി. 38 ശതമാനം പേർ കരാറിനേക്കാൾ ഉപരി സൈനിക നടപടിയെ പിന്തുണക്കുന്നു. 8 ​ശതമാനം പേർക്ക് പ്രത്യേക അഭിപ്രായങ്ങളൊന്നുമില്ല.

വലതുപക്ഷ പാർട്ടികളിലെ 79 ശതമാനം പേരും റഫ അധിനിവേശത്തെ പിന്തുണക്കുന്നു. അതേസമയം, ഇടതുപക്ഷ, മധ്യപക്ഷ പാർട്ടികളിൽ ഉൾപ്പെട്ട 81 ശതമാനം പേരും ബന്ദിമോചന കരാറിലെത്തണമെന്നാണ് ആഗ്രഹിക്കുന്നത്.

ഹമാസിന്റെ കൈവശമുള്ള ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങളായി ഇസ്രായേലിൽ പ്രതിഷേധം തുടരുകയാണ്. ഹമാസുമായി കരാറിലെത്തി ബന്ദികളെ മോചിപ്പിക്കുക, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജിവെക്കുക, വീണ്ടും തെരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ.

എന്നാൽ, ഹമാസുമായി കരാറിലെത്തിയാലും ഇല്ലെങ്കിലും റഫയിൽ അധിനിവേശം നടത്തുമെന്നാണ് നെതന്യാഹുവിന്റെ നിലപാട്. യുദ്ധത്തിന്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കും മുമ്പ് യുദ്ധം അവസാനിപ്പിക്കാൻ സാധ്യമല്ലെന്ന് അദ്ദേഹം ബന്ദികളുടെ ബന്ധുക്കളുമായുള്ള ചർച്ചക്കിടെ പറഞ്ഞിരുന്നു. സമ്പൂർണ വിജയം നേടാനായി റഫയിൽ പ്രവേശിച്ച് അവിടെയുള്ള ഹമാസ് ബറ്റാലിയനുകളെ നശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, 12 ലക്ഷത്തോളം ജനങ്ങൾ തിങ്ങിത്താമസിക്കുന്ന റഫയെ ആക്രമിക്കാനുള്ള പദ്ധതിയെ എതിർത്ത് കൊണ്ട് അമേരിക്ക വീണ്ടും രംഗത്തുവന്നു. റഫയിലെ ജനങ്ങളെ എങ്ങനെ സംരക്ഷിക്കുമെന്ന കാര്യത്തിൽ ഇസ്രായേൽ പദ്ധതി സമർപ്പിച്ചിട്ടില്ലെന്നും അമേരിക്ക കുറ്റപ്പെടുത്തി. അത്തരമൊരു പദ്ധതി ഇല്ലാതെ റഫയിൽ നടത്താനുദ്ദേശിക്കുന്ന ആക്രമണത്തെ പിന്തുണക്കാൻ സാധിക്കില്ല. കാരണം അത് വരുത്തിവെക്കുന്ന നാശനഷ്ടങ്ങൾ അതിഭീകരമായിരിക്കുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി.

ഈജിപ്ത, ഖത്തർ, ​അമേരിക്ക എന്നിവയുടെ മധ്യസ്ഥതയിൽ കെയ്റോയിൽ വെടിനിർത്തൽ കരാർ സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്. ചർച്ചകൾക്കായി ഹമാസിന്റെ പ്രതിനിധികൾ ശനിയാഴ്ച​ കെയ്റോയിലെത്തിയിട്ടുണ്ട്. സി.ഐ.എ ഡയറക്ടർ വില്യം ബേൺസും ഈജിപ്തിലെത്തിയിട്ടുണ്ട്.

അതേസമയം, വെടിനിർത്തൽ കരാർ അംഗീകരിക്കാൻ ഹമാസിന് ഒരാഴ്ചയ സമയമാണ് ഇസ്രായേൽ നൽകിയിരിക്കുന്നത്. അല്ലാത്തപക്ഷം റഫയിൽ ആ​ക്രമണം നടത്തുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പുതിയ കരാർ വ്യവസ്ഥകൾ ഹമാസിന് മുന്നിൽ വെച്ചിട്ടുണ്ടെങ്കിലും യഹ്‍യ സിൻവാർ അടക്കമുള്ള നേതാക്കൾ ഇതിനോട് പ്രതികരിച്ചിട്ടില്ല എന്നാണ് വിവരം.

ഹമാസിന്റെ കൈവശം 130 ബന്ദികളുണ്ടെന്നാണ് വിവരം. ഇതിൽ പലരും കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, 9100ലധികം ഫലസ്തീനികളെയാണ് ഇസ്രായേൽ അന്യായമായി ജയിലിലടച്ചിട്ടുള്ളത്. 2023 നവംബറിൽ ഇസ്രായേലും ഹമാസും തമ്മിൽ താൽക്കാലിക വെടിനിർത്തൽ കരാറിലെത്തിയിരുന്നു. അന്ന് 81 ഇസ്രായേലികളെയും 24 വിദേശികളെയും ഹമാസ് വിട്ടയച്ചപ്പോൾ പകരം 240 ഫലസ്തീനികളെ ഇസ്രായേലും കൈമാറി.

ഇസ്രായേൽ ജയിലിൽ കഴിയുന്ന ഫലസ്തീനികളെ വിട്ടയക്കുന്നതിന് പകരം സ്ത്രീകൾ, വനിതാ സൈനികർ, പ്രായമായ വ്യക്തികൾ, പരിക്കേറ്റവർ എന്നിവരുൾപ്പെടെ 33 ബന്ദികളെ കൈമാറണമെന്നാണ് ഇസ്രായേൽ പുതുതായി നിബന്ധന വെച്ചിട്ടുള്ളത്. എന്നാൽ, ഇസ്രായേൽ പൂർണമായും ആക്രമണം നിർത്തുകയും സൈന്യത്തെ പിൻവലിക്കണമെന്നുമാണ് ഹമാസിന്റെ ആവശ്യം.

ഗസ്സയിലെ ഇസ്രായേൽ ആക്രമണം 210 ദിവസം പിന്നിടുമ്പോൾ 34,662 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 77,867 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News