വിദേശികളെ തൊട്ടുപോകരുത്; ആദ്യത്തെ കുരങ്ങുവസൂരി കേസിനു പിന്നാലെ ചൈനീസ് ഉദ്യോഗസ്ഥന്‍റെ മുന്നറിയിപ്പ്, വിവാദം

ചൈനീസ് സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ ചീഫ് എപ്പിഡെമിയോളജിസ്റ്റ്, വു സുൻയോ ആണ് ശനിയാഴ്ച മുന്നറിയിപ്പ് നല്‍കിയത്

Update: 2022-09-19 05:21 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബെയ്‍ജിംഗ്: ചൈനയില്‍ ആദ്യത്തെ കുരങ്ങുവസൂരി കേസ് റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം ചൈനീസ് പകര്‍ച്ചവ്യാധി വിദഗ്ധന്‍ ജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് വിവാദങ്ങള്‍ക്ക് തിരികൊളുത്തി. കുരങ്ങുവസൂരി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ വിദേശികളെ സ്പര്‍ശിക്കരുതെന്നായിരുന്നു ചൈനീസ് സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ ചീഫ് എപ്പിഡെമിയോളജിസ്റ്റ്, വു സുൻയോ ആണ് ശനിയാഴ്ച മുന്നറിയിപ്പ് നല്‍കിയത്.

ചൈനയുടെ മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റ് വെയ്‌ബോയില്‍ അദ്ദേഹം കുറിച്ച പോസ്റ്റിലായിരുന്നു മുന്നറിയിപ്പ്. കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ വിദേശത്തുള്ള ഏഷ്യക്കാർ നേരിട്ട വിവേചനവുമായി പലരും ഈ പോസ്റ്റിനെ താരതമ്യം ചെയ്തു. വൈറസിനെ പ്രതിരോധിക്കാനായി പൊതുജനങ്ങള്‍ക്ക് പിന്തുടരാവുന്ന അഞ്ച് നിര്‍ദേശങ്ങളും അദ്ദേഹം പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. വിദേശികളെ തൊടുതെന്നായിരുന്നു ആദ്യത്തെ നിര്‍ദേശം. നിരീക്ഷണവും പ്രതിരോധവും ശക്തമാക്കേണ്ടത് അത്യാവശ്യവും പ്രധാനവുമാണെന്ന് അദ്ദേഹം പറഞ്ഞു. വിദേശ യാത്രകളിലൂടെയും അടുത്ത സമ്പര്‍ക്കത്തിലൂടെയും വൈറസ് പടരാനുള്ള സാധ്യതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ''കോവിഡിന്‍റെ തുടക്ക കാലഘട്ടം പോലെയാണിത്. ചിലര്‍ പേടിച്ച് ചൈനാക്കാരെ ഒഴിവാക്കിയതു പോലെ'' ഒരു വെയ്‌ബോ ഉപയോക്താവ് വിമര്‍ശിച്ചു.

ചോങ്കിംഗ് നഗരത്തിലാണ് ചൈനയില്‍ ആദ്യമായി കുരങ്ങു വസൂരി റിപ്പോര്‍ട്ട് ചെയ്തത്. വിദേശത്തു നിന്നെത്തിയ ആളിലാണ് വൈറസ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇയാള്‍ വിദേശിയാണോ അതോ ചൈനീസ് പൗരനാണോ എന്ന് അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചോങ്കിംഗില്‍ എത്തിയ ശേഷം ഇയാളെ ക്വാറന്‍റൈനിലാക്കിയതായും അടുത്ത സമ്പർക്കം പുലർത്തിയവരെല്ലാം മെഡിക്കൽ നിരീക്ഷണത്തിലാണെന്നും മുനിസിപ്പൽ ഹെൽത്ത് കമ്മീഷൻ അറിയിച്ചു.

കഴിഞ്ഞ മെയിലാണ് മങ്കിപോക്സ് കേസുകള്‍ ലോകമാകെ പടരാന്‍ തുടങ്ങിയത്. ഏകദേശം 90 രാജ്യങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News