പരസ്യമായി തിരുത്തിയ ജീവനക്കാരെ പിരിച്ചുവിട്ടു; ട്വിറ്ററില്‍ 'പണി' തുടര്‍ന്ന് മസ്‌ക്

കമ്പനി ഏറ്റെടുത്തതിനുശേഷം ആയിരക്കണക്കിനു ജീവനക്കാരെയാണ് മസ്‌ക് പിരിച്ചുവിട്ടത്

Update: 2022-11-15 08:55 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂയോർക്ക്: ട്വിറ്ററിൽ പരസ്യമായി തിരുത്തിയ ജീവനക്കാരെ കമ്പനിയിൽനിന്ന് പിരിച്ചുവിട്ട് ഇലോൺ മസ്‌ക്. രണ്ട് ട്വിറ്റർ ജീവനക്കാർക്കെതിരെയാണ് പുതിയ കമ്പനി മേധാവിയുടെ 'പ്രതികാര നടപടി'. ഒരാളെ പരസ്യമായി ട്വിറ്ററിലൂടെ തന്നെയാണ് മസ്‌ക് പിരിച്ചുവിട്ടത്!

ട്വിറ്ററിന്റെ ആൻഡ്രോയ്ഡ് മൊബൈൽ ഓപറേറ്റിങ് സിസ്റ്റം വിഭാഗത്തിൽ എൻജിനീയറായ എറിക് ഫ്രാൻഹോഫർ ആണ് പുറത്താക്കപ്പെട്ട ഒരാൾ. ട്വിറ്റർ ആപ്പിന്റെ സാങ്കേതിക വശത്തെക്കുറിച്ചുള്ള മസ്‌കിന്റെ ധാരണ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എറികിന്റെ ട്വീറ്റ്. മസ്‌കിന്റെ ഒരു ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിൽ മസ്‌ക് കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടു. ട്വിറ്റർ ആൻഡ്രോയ്ഡ് ഫോണുകളിൽ വളരെ മന്ദഗതിയിലാണ് പ്രവർത്തക്കുന്നതെന്നും ഇതു പരിഹരിക്കാൻ എന്തു ചെയ്‌തെന്നും മസ്‌ക് ചോദിച്ചു.

ഇതിനു എറിക് വിശദീകരണം നൽകി. ഇതിനിടെ, കമ്പനി മേധാവിയോട് ഇക്കാര്യങ്ങൾ സ്വകാര്യമായി പങ്കുവച്ചാൽ പോരേയെന്ന് ഒരു ട്വിറ്റർ ഉപയോക്താവ് ചൂണ്ടിക്കാട്ടി. അദ്ദേഹത്തിനു ചോദ്യങ്ങളും സ്വകാര്യമായി, സ്ലാക്കിലോ ഇ-മെയിലിലോ ചോദിക്കാമായിരുന്നുവെന്നായിരുന്നു എറിക്കിന്റെ മറുപടി. തൊട്ടടുത്ത ദിവസമാണ് എട്ടു വർഷത്തോളം കമ്പനിയുടെ ഭാഗമായിരുന്ന ജീവനക്കാരനെ പിരിച്ചുവിട്ടതായി അറിയിച്ച് മസ്‌ക് ട്വീറ്റ് പങ്കുവച്ചത്.

സമാനമായ അനുഭവമാണ് ട്വിറ്ററിലെ ടൈംലൈൻസ് ഇൻഫ്രാസ്ട്രക്ചർ തലവനായിരുന്ന ബെൻ ലെയ്ബിനും സംഭവിച്ചത്. മസ്‌ക് പറയുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ഒരു ബോധവുമില്ലെന്ന് ലെയ്ബ് ട്വീറ്റ് ചെയ്തിരുന്നു. വിമർശനത്തിനു പിന്നാലെ തന്നെ മസ്‌ക് പിരിച്ചുവിട്ടതായി ഇദ്ദേഹം 'ബ്ലൂംബെർഗി'നോട് വെളിപ്പെടുത്തി. പത്തു വർഷത്തോളം ട്വിറ്റർ ജീവനക്കാരനായിരുന്നു ബെൻ ലെയ്ബ്.

കഴിഞ്ഞ മാസമാണ് മസ്‌ക് ട്വിറ്റർ ഏറ്റെടുത്തത്. ഇതിനു പിന്നാലെ ആയിരക്കണക്കിനു ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. സീനിയർ മാനേജർമാർ ഉൾപ്പെടെ ആകെ 7,000 ജീവനക്കാരിൽ പകുതിപേരെയും ഇതിനകം തന്നെ പുറത്താക്കിയിട്ടുണ്ട്.

Summary: Elon Musk fires employees who publicly corrected him on Twitter

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News