'സമയം നോക്കാതെ പണിയെടുക്കണം; ഇല്ലെങ്കിൽ പിരിഞ്ഞുപോകാം'-ട്വിറ്റർ ജീവനക്കാർക്ക് അന്ത്യശാസനവുമായി മസ്‌ക്

ജോലിസമയവും ഭാരവും കൂട്ടുന്നത് അംഗീകരിക്കാത്തവരെ പിരിച്ചുവിടുമെന്നാണ് മസ്‌ക് അറിയിച്ചിരിക്കുന്നത്

Update: 2022-11-17 14:49 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂയോർക്ക്: ട്വിറ്ററിൽ തുടരുന്ന കൂട്ടപിരിച്ചുവിടലിനും ചെലവുചുരുക്കൽ നടപടികൾക്കും പിന്നാലെ ജീവനക്കാർക്ക് കർശന നിർദേശവുമായി ഇലോൺ മസ്‌ക്. എത്ര സമയവും പണിയെടുക്കാൻ തയാറായിരിക്കാൻ അന്ത്യശാസനം നൽകിയിരിക്കുകയാണ് പുതിയ തലവൻ. ജോലിഭാരവും സമയവും കൂട്ടുന്നതടക്കമുള്ള മാറ്റങ്ങളാണ് മസ്‌ക് അവതരിപ്പിക്കാനിരിക്കുന്നത്.

പുതിയ തീരുമാനങ്ങൾ അംഗീകരിക്കാനാകുന്നവർ അറിയിക്കാൻ ആവശ്യപ്പെട്ടാണ് മസ്‌ക് ജീവനക്കാർക്ക് ഇ-മെയിൽ അയച്ചിരിക്കുന്നത്. അംഗീകരിക്കാൻ കൂട്ടാക്കാത്തവരോട് പിരിഞ്ഞുപോകാനാണ് നിർദേശം. 'പുതിയ ട്വിറ്ററിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുണ്ടോ' എന്ന പോളിൽ ന്യൂയോർക്ക് സമയം ഇന്നു വൈകീട്ട് അഞ്ചിനകം നിലപാട് അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിലപാട് അറിയിക്കുകയാണ് വേണ്ടത്. നിശ്ചിത സമയത്തിനകം ലിങ്കിൽ ക്ലിക്ക് ചെയ്യാത്തവരെ മൂന്നു മാസത്തെ ശമ്പളം നൽകി പിരിച്ചുവിടുമെന്നും അറിയിച്ചിട്ടുണ്ട്. വലിയ തോതിൽ മത്സരം നിറഞ്ഞ ലോകത്ത് വിജയിക്കാൻ തീവ്രമായി പണിയെടുക്കേണ്ടിവരുമെന്നാണ് ഇ-മെയിൽ സന്ദേശത്തിൽ മസ്‌ക് ചൂണ്ടിക്കാട്ടുന്നത്. ജോലിസമയവും ഭാരവും കൂട്ടുന്നതും സൂചിപ്പിക്കുന്നു. അങ്ങനെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്കേ മുന്നോട്ടുപോകാനാകൂവെന്നും മസ്‌ക് അറിയിച്ചിട്ടുണ്ട്.

മസ്‌ക് ട്വിറ്റർ ഏറ്റെടുത്ത ശേഷം ആകെയുള്ള 7,500 ജീവനക്കാരിൽ പകുതിയിലേറെ പേരെയും പിരിച്ചുവിട്ടിരുന്നു. സി.ഇ.ഒ ആയിരുന്ന ഇന്ത്യൻ വംശജൻ പരാഗ് അഗ്രവാളും ഇതിൽ ഉൾപ്പെടും. പിന്നാലെ 4,000ത്തോളം കരാർ തൊഴിലാളികളെയും പുറത്താക്കി. ട്വിറ്ററിൽ പരസ്യമായി മസ്‌കിനെ തിരുത്തിയ മുതിർന്ന എൻജിനീയർമാരെ പിരിച്ചുവിട്ടത് ദിവസങ്ങൾക്കു മുൻപായിരുന്നു.

Summary: Elon Musk has asked Twitter employees to be prepared to work harder and for longer hours or take a severance package of three months and leave the company

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News