'എപ്സ്റ്റീനെ കുറിച്ച് എന്താണ് പുതിയ വിവരം'; മരിച്ച നിലയില്‍ കാണുന്നതിന് തൊട്ടുമുമ്പ് ജയില്‍ ഗാര്‍ഡ് ഇൻ്റര്‍നെറ്റില്‍ തിരഞ്ഞു

എപ്സ്റ്റീൻ്റെ മരണത്തിന് 10 ദിവസം മുമ്പ് ഗാര്‍ഡിൻ്റെ അക്കൗണ്ടിലേക്ക് 5000 ഡോളര്‍ നിക്ഷേപിക്കപ്പെട്ടതായും യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ രേഖകളില്‍ പറയുന്നു

Update: 2026-03-08 14:12 GMT

ജയില്‍ ഗാര്‍ഡായിരുന്ന ടോവ നോയല്‍, ജെഫ്രി എപ്സ്റ്റീന്‍

വാഷിങ്ടണ്‍ ഡിസി: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെ ജയിലില്‍ മരിച്ച നിലയില്‍ കാണുന്നതിന് തൊട്ടുമുമ്പ് ജയില്‍ കാവല്‍ക്കാരിലൊരാള്‍ ഇന്റര്‍നെറ്റില്‍ എപ്സ്റ്റീനെ കുറിച്ച് സെര്‍ച് ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. എപ്സ്റ്റീന്റെ മരണത്തിന് 10 ദിവസം മുമ്പ് ഗാര്‍ഡിന്റെ അക്കൗണ്ടിലേക്ക് 5000 ഡോളര്‍ നിക്ഷേപിക്കപ്പെട്ടതായും യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ രേഖകളില്‍ പറയുന്നു. 2019 ആഗസ്റ്റ് 10ന് പുലര്‍ച്ചെ ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ ജയിലില്‍ എപ്സ്റ്റീനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുമ്പോള്‍ ടോവ നോയല്‍, മൈക്കല്‍ തോമസ് എന്നീ ഉദ്യോഗസ്ഥരായിരുന്നു സുരക്ഷാ ചുമതലയിലുണ്ടായിരുന്നത്. ഇതില്‍ ടോവ നോയല്‍ എപ്സ്റ്റീന്റെ മരണത്തിന് തൊട്ടുമുമ്പ് അദ്ദേഹത്തെ കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞെന്ന വിവരമാണ് പുറത്തുവന്നത്. എപ്സ്റ്റീന്റെ മരണത്തെ കുറിച്ചുള്ള ദുരൂഹതകള്‍ക്ക് ബലംപകരുന്ന വെളിപ്പെടുത്തലുകളാണിത്.

Advertising
Advertising

എപ്സ്റ്റീന്‍ മരിച്ച ദിവസം സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഗാര്‍ഡുമാരും വീഴ്ച വരുത്തിയതായി കണ്ടെത്തിയിരുന്നു. രാത്രി എല്ലാ സമയത്തും എപ്സ്റ്റീന്റെ സെല്ലില്‍ പരിശോധന നടത്തിയെന്നാണ് ഇവര്‍ വ്യാജ സത്യവാങ്മൂലം നല്‍കിയിരുന്നത്. ഇത് തെറ്റാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഇരുവരെയും പിരിച്ചുവിട്ടിരുന്നു. എന്നാല്‍, ക്രിമിനല്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല.

'ജയിലില്‍ കഴിയുന്ന എപ്സ്റ്റീനെ കുറിച്ചുള്ള എറ്റവും പുതിയ വിവരം' എന്താണെന്നാണ് ടോവ നോയല്‍ 2019 ആഗസ്റ്റ് 10 ന് പുലര്‍ച്ചെ 5.42ന് സെര്‍ച് ചെയ്തത്. 10 മിനിറ്റ് കഴിഞ്ഞ് 5.52നും ഇതേ കാര്യം തിരഞ്ഞു. 40 മിനിറ്റ് കഴിഞ്ഞ് 6.30നാണ് എപ്സ്റ്റീനെ സെല്ലിനുള്ളില്‍ മരിച്ച നിലയില്‍ മൈക്കല്‍ തോമസ് കണ്ടെത്തുന്നത്. ഇതിന് മുമ്പ് 37കാരിയായ നോയല്‍ ഓണ്‍ലൈനായി ഫര്‍ണിച്ചറുകള്‍ ഓര്‍ഡര്‍ ചെയ്തതായും കണ്ടെത്തി. എപ്സ്റ്റീന്റെ സെല്ലില്‍ ഓരോ 30 മിനിറ്റിലും നടത്തേണ്ടിയിരുന്ന പരിശോധന ഇവര്‍ അന്ന് ചെയ്തതുമില്ല. ജയിലിലെ ഡെസ്‌ക്ടോപ്പുകളില്‍ പ്രിസണ്‍ ബ്യൂറോ നടത്തിയ പരിശോധനയിലാണ് തെരച്ചില്‍ വിവരങ്ങള്‍ ലഭിച്ചതെന്ന് എഫ്ബിഐ പറയുന്നു.

എന്നാല്‍, താന്‍ എപ്സ്റ്റീനെ കുറിച്ച് തെരഞ്ഞിട്ടില്ലെന്നായിരുന്നു 2021ല്‍ നീതിന്യായ വകുപ്പിന് ഇവര്‍ സത്യപ്രസ്താവന നല്‍കിയത്. അങ്ങനെയൊരു സംഭവം ഓര്‍മയില്ലെന്നും പറഞ്ഞിരുന്നു. ജയില്‍ ഗാര്‍ഡുകള്‍ എല്ലാവരും പരിശോധനയില്‍ വീഴ്ച വരുത്താറുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു. 2018 ഏപ്രില്‍ മുതല്‍ ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ സംശയാസ്പദമായ നിക്ഷേപങ്ങള്‍ വന്നുവെന്ന് ബാങ്ക് എഫ്ബിഐയെ അറിയിച്ചിരുന്നു. 2019 ജൂലൈ 30നുള്ളില്‍ ആകെ 5000 ഡോളറിന്റെ 12 നിക്ഷേപങ്ങളാണ് അക്കൗണ്ടിലെത്തിയത്. എപ്സ്റ്റീന്‍ തടവിലായിരുന്ന സ്‌പെഷ്യല്‍ ഹൗസിങ് യൂണിറ്റില്‍, മരണത്തിന് ആഴ്ചകള്‍ക്ക് മുമ്പ്, 2019 ജൂലൈ ഏഴിനാണ് നോയല്‍ ജോലി ചെയ്യാന്‍ തുടങ്ങിയത്. പുതിയ വെളിപ്പെടുത്തലോടെ എപ്സ്റ്റീന്റെ മരണത്തെ കുറിച്ചുള്ള ദുരൂഹതകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

ജീവിതം പോലെ ദുരൂഹം എപ്‌സ്റ്റീന്റെ മരണവും

എപ്സ്റ്റീന്‍ ജയിലില്‍ കഴിയവേ ആത്മഹത്യ ചെയ്തതാണോ, കൊലപ്പെടുത്തിയതാണോ, അതോ ഇന്നും ജീവനോടെയുണ്ടോ എന്നത് സജീവ ചര്‍ച്ചയാണ്. എപ്സ്റ്റീന്റെ ജീവിതം പോലെ ദുരൂഹമാണ് മരണവും. എപ്സ്റ്റീനുള്ള ബന്ധങ്ങളും ഉന്നത സ്വാധീനവും കണക്കാക്കുമ്പോള്‍ മരണം പോലും ഒരു നാടകമാണെന്ന് വിശ്വസിക്കുന്നവര്‍ അനവധിയാണ്. എപ്സ്റ്റീനെ സെല്ലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇതിന്റെ ചിത്രങ്ങള്‍ എടുത്തില്ല. എപ്സ്റ്റീന്‍ ജയിലില്‍ തൂങ്ങിമരിക്കുകയായിരുന്നെന്ന് നീതിന്യായ വകുപ്പ് പറയുന്നു. എന്നാല്‍, എപ്സ്റ്റീന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ മൈക്കല്‍ ബേഡന്‍ അടുത്തിടെ വെളിപ്പെടുത്തിയത് എപ്സ്റ്റീന്റെ തൂങ്ങിമരണമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായാണ് കരുതുന്നത് എന്നുമാണ്. എപ്സ്റ്റീന്റെ കഴുത്തില്‍ പൊട്ടലുകളുണ്ടായിരുന്നു. എന്നാല്‍, ഇത് തൂങ്ങിമരിക്കുന്നതിന്റെ പൊട്ടലുകളല്ലെന്നും കഴുത്ത് ഞെരിച്ചതിന്റെയാണെന്നുമാണ് ഡോക്ടര്‍ വെളിപ്പെടുത്തിയത്. മരണകാരണത്തെ കുറിച്ച് അന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ താന്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ അനിശ്ചിതാവസ്ഥയില്‍ നില്‍ക്കവേ ചീഫ് മെഡിക്കല്‍ എക്സാമിനര്‍ മരണം ആത്മഹത്യ തന്നെയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നെന്നും ബേഡന്‍ വെളിപ്പെടുത്തി.

ബെഡ്ഷീറ്റ് കൊണ്ട് കുരുക്കുണ്ടാക്കി അതില്‍ തൂങ്ങിയെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ എപ്സ്റ്റീന്റെ കഴുത്തിലെ അടയാളങ്ങളും കണ്ടെടുത്ത തുണിയും തമ്മില്‍ യാതൊരു പൊരുത്തവുമുണ്ടായിരുന്നില്ല. ഇതിന് പുറമേ നിഗൂഢമായ പലതും എപ്സ്റ്റീനെ പാര്‍പ്പിച്ച സെല്ലിന് മുന്നില്‍ തലേന്ന് രാത്രി അരങ്ങേറി. സെല്ലിന് മുന്നിലെ രണ്ട് പ്രധാന സിസിടിവി കാമറകള്‍ അന്ന് തകരാറിലായി. ഇത് ഏറെ സംശയത്തിന് വഴിവെച്ചു. പിന്നീട് അധികൃതര്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ എപ്സ്റ്റീന്റെ സെല്ലിന് അടുത്തുള്ള ഗോവണിപ്പടിയിലൂടെ ഒരു 'ഓറഞ്ച് നിഴല്‍രൂപം' നീങ്ങുന്നത് കാണാം. ഇത് മറ്റൊരു തടവുകാരനാണെന്ന് എഫ്ബിഐ സംശയിക്കുമ്പോഴും ആ രൂപം ആരുടേതെന്ന കാര്യത്തില്‍ ഇന്നും ദുരൂഹത തുടരുന്നു. എപ്സ്റ്റീന്റെ മൃതദേഹം എന്തുചെയ്തു എന്നതുപോലും ദുരൂഹതയാണ്. എപ്സ്റ്റീനുമായി അടുത്ത ബന്ധമുള്ളയാള്‍ മൃതദേഹം ഏറ്റുവാങ്ങി എന്നാണ് പുറത്തറിയുന്നത്. ഇത് അദ്ദേഹത്തിന്റെ സഹോദരന്‍ മാര്‍ക്ക് എപ്സ്റ്റീന്‍ ആണെന്ന് പിന്നീട് വെളിപ്പെട്ടു. എപ്സ്റ്റീന്റെ മൃതദേഹം ഫ്ലോറിഡയിലെ പാംബീച്ചിലെ അടയാളപ്പെടുത്താത്ത കല്ലറയില്‍ അടക്കംചെയ്തു എന്നാണ് പറയുന്നത്. ഇത് കല്ലറയെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ വേണ്ടിയാണത്രെ. എപ്സ്റ്റീന്റെ പേരോ മാതാപിതാക്കളുടെ പേരോ രേഖപ്പെടുത്തിയിട്ടുമില്ല.

2019 ആഗസ്റ്റ് 10നാണ് എപ്സ്റ്റീന്‍ മരിച്ചതായി പറയുന്നത്. എന്നാല്‍, പുറത്തുവന്ന രേഖകളില്‍ എപ്സ്റ്റീന്‍ മരിക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസം യുഎസ് നീതിന്യായ വകുപ്പ് എപ്സ്റ്റീന്റെ മരണക്കുറിപ്പ് തയാറാക്കിയതായി വ്യക്തമായി. അതായത്, ആഗസ്റ്റ് ഒമ്പതിന് മരണക്കുറിപ്പ് തയാറാക്കി. മരണക്കുറിപ്പിലെ തീയതി വ്യത്യാസം ടൈപ്പിങ്ങിലുണ്ടായ തെറ്റാണെന്നാണ് അധികൃതര്‍ വിശദീകരിച്ചത്. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് സ്ഥാപിക്കാനായാണ് 2025 ജൂലൈയില്‍ എഫ്ബിഐ എപ്സ്റ്റീനെ പാര്‍പ്പിച്ച ജയിലിലെ മരണദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ഈ ദൃശ്യങ്ങളില്‍ നിന്ന് 62 സെക്കന്‍ഡുകള്‍ മുറിച്ചുമാറ്റിയിരുന്നു. രാത്രി 11.58 മുതലുള്ള രണ്ട് മിനിറ്റാണ് ഒഴിവാക്കിയത്. എന്നാല്‍, ഇത് ജയിലിലെ സമയം റീസെറ്റ് ചെയ്യാനുള്ള സാധാരണ നടപടിയെന്നാണ് അധികൃതര്‍ പറഞ്ഞത്. വിവാദമായതോടെ എഫ്ബിഐ അന്വേഷിച്ചെങ്കിലും വീഡിയോയുടെ മാസ്റ്റര്‍ കോപ്പി 2024 ജൂണില്‍ നശിപ്പിച്ചുവെന്ന വിവരമാണ് പുറത്തുവന്നത്. ഇതെല്ലാം എപ്സ്റ്റീന്റെ മരണത്തിലെ ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നു. യുഎസില്‍ നടത്തിയ ഒരു സര്‍വേയില്‍ 45 ശതമാനം പേരും വിശ്വസിക്കുന്നത് എപ്സ്റ്റീനെ ജയിലില്‍ കൊലപ്പെടുത്തിയെന്നാണ്. 16 ശതമാനം പേര്‍ മാത്രമാണ് എപ്സ്റ്റീന്‍ ആത്മഹത്യ ചെയ്തതായി കരുതുന്നത്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News