സാമ്പത്തിക പ്രതിസന്ധി; മാലദ്വീപ് പ്രസിഡന്റിന് ശാഠ്യമൊഴിവാക്കി ഇന്ത്യയെ സമീപിക്കാൻ നിർദേശം

നിർദേശം മാലദ്വീപ് പ്രസിഡന്റ് ഇന്ത്യയോട് കടാശ്വാസം ആവശ്യപ്പെട്ടതിന് പിന്നാലെ

Update: 2024-03-25 05:15 GMT
Editor : ശരത് പി | By : Web Desk

മാലദ്വീപ്: മാലദ്വീപിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ, ശാഠ്യമൊഴിവാക്കി ഇന്ത്യയുമായി സഹകരിക്കണമെന്ന്  പ്രസിഡന്റ് മുഹമ്മദ് മുയിസുവിനോട് മുൻ പ്രസിഡന്റ് ഇബ്രാഹീം മുഹമ്മദ് സോലിഹ്. കനത്ത ഇന്ത്യാവിരുദ്ധ നിലപാടും ചൈന അനുകൂല നിലപാടും സ്വീകരിക്കുന്ന മുഹമ്മദ് മുയിസു ഇന്ത്യയോട് കടാശ്വാസം ആവശ്യപ്പെട്ടിരുന്നു ഇതിന് പിന്നാലെയാണ് മുയിസുവിനെ വിമർശിച്ച് മുൻ പ്രസിഡന്റ് രംഗത്തെത്തിയത്.

ഇന്ത്യയുമായി 8 ബില്യൺ എം.വി.ആർ (മാലദ്വീപ് കറൻസി) ആണ് മാലദ്വീപിന് കടമുള്ളത് എന്നാൽ ചൈനയോട് കടം 18 ബില്യൺ എം.വി.ആർ ആണ്, കൂടാതെ ഇന്ത്യയ്ക്ക് പണം തിരിച്ചടക്കാനുള്ള സമയം 25 വർഷമാണ്. ആയതിനാൽ ഇന്ത്യയെ സമീപിക്കുന്നതാണ് ബുദ്ധിപരമായ നടപടി. എന്നും സോലിഹ് പറഞ്ഞു.

Advertising
Advertising

'ഇന്ത്യ തങ്ങളെ സഹായിക്കുമെന്നുറപ്പുണ്ട്. പക്ഷെ നമ്മൾ ഇന്ത്യയോട് ശാഠ്യം പിടിക്കുന്നത് നിർത്തണം. നിരവധി പേർ നമ്മേ രക്ഷിക്കാൻ വരും പക്ഷെ മുയിസുവിന്റെ നിലപാട് തെറ്റാണ്. ഇപ്പോഴാണ് തനിക്ക് പറ്റിയ അമളിയെപ്പറ്റി മുയിസു മനസിലാക്കുന്നത്.' - ഇബ്രാഹീം മുഹമ്മദ് സോലിഹ്.

2023ൽ മാലദ്വീപിന്റെ പുതിയ പ്രസിഡന്റായി മുഹമ്മദ് മുയിസു അധികാരത്തിലേറിയതോടെ ഇന്ത്യവിരുദ്ധ നിലപാടാണ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. തന്ത്രപരമായി ഇന്ത്യയ്ക്ക് ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് മാലദ്വീപ്.ഇന്ത്യയുമായുള്ള ബന്ധം എല്ലാതരത്തിലും അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് മുയിസു. ഇന്ത്യയുമായുള്ള ബന്ധം മോശമായതോടെ ചൈന മാലദ്വീപുമായി കരാറുകളുണ്ടാക്കി. ഇതിന് പിന്നാലെ ഇന്ത്യയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അധിക്ഷേപിച്ച് മാലദ്വീപ് മന്ത്രിസഭയിലെ മൂന്ന് അംഗങ്ങൾ രംഗത്തുവന്നു.

ഇതോടെ ഇന്ത്യൻ ടൂറിസ്റ്റുകൾ മാലദ്വീപിലേക്കുള്ള യാത്ര ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് മാലദ്വീപ് ടുറിസത്തിന് 30 ശതമാനത്തിലധികം ഇടിവാണ് സംഭവിച്ചത്. ഇതോടെ ഗുരുതര സാമ്പത്തിക ബുദ്ധിമുട്ടനുഭവിച്ചിരുന്ന രാജ്യം കൂടുതൽ ബുദ്ധിമുട്ടിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News