മുൻ ടെന്നീസ് താരം ബോറിസ് ബെക്കർ ജയിൽ മോചിതനായി; യു.കെയിൽനിന്ന് ഉടൻ നാടുകടത്തും

ബോറിസ് ബെക്കറിന് രണ്ടര വർഷത്തെ തടവുശിക്ഷയാണ് ലണ്ടൻ കോടതി വിധിച്ചിരുന്നത്

Update: 2022-12-15 15:53 GMT
Editor : afsal137 | By : Web Desk
Advertising

ലണ്ടൻ: മുൻ ടെന്നീസ് സൂപ്പർ താരം ബോറിസ് ബെക്കർ ജയിൽ മോചിതനായി. വായ്പകൾ തിരിച്ചടയ്ക്കാതിരിക്കാൻ 2.5 ദശലക്ഷം പൗണ്ട് വിലവരുന്ന സ്വത്ത് വകകൾ മറച്ചുവെച്ചെന്ന കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ബെക്കർ. 55 കാരനായ ബെക്കറിനെ യുകെയിൽ നിന്ന് ഉടൻ ജർമ്മനിയിലേക്ക് നാടുകടത്തിയേക്കുമെന്ന് ബ്രിട്ടീഷ് വാർത്താ ഏജൻസി പ്രസ് അസോസിയേഷൻ അറിയിച്ചു. ബോറിസ് ബെക്കറിന് രണ്ടര വർഷത്തെ തടവുശിക്ഷയാണ് ലണ്ടൻ കോടതി വിധിച്ചിരുന്നത്.

സ്‌പെയിനിലെ മയ്യോർക്കയിലുള്ള ബെക്കറിന്റെ ആഡംബര എസ്റ്റേറ്റ് വാങ്ങുന്നതിനായെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ടതാണ് കേസ്. വായ്പ തിരിച്ചടയ്ക്കാതിരിക്കാൻ 2017-ൽ ബെക്കർ പാപ്പർ ഹർജി ഫയൽ ചെയ്തിരുന്നു. ഈ ഹർജി ഫയൽ ചെയ്യുമ്പോൾ ബെക്കറുടെ പേരിൽ 50 ദശലക്ഷം പൗണ്ടിന്റെ കടമുണ്ടായിരുന്നു. മാത്രമല്ല ജർമനിയിൽ 825,000 യൂറോ വിലവരുന്ന വസ്തുവും ഒരു ടെക്നോളജി സ്ഥാപനത്തിൽ 66,000 പൗണ്ടിന്റെ നിക്ഷേപവും ബെക്കർ മറച്ചുവെച്ചു. ഇതു കൂടാതെ പാപ്പർ ഹർജി ഫയൽ ചെയ്ത ശേഷം അദ്ദേഹത്തിന്റെ ബിസിനസ് അക്കൗണ്ടിൽ നിന്ന് 390,000 പൗണ്ട് മുൻ ഭാര്യ ബാർബറയുടേതടക്കമുള്ള ഒമ്പത് വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് മാറ്റിയതായും കോടതി കണ്ടെത്തി.

ബ്രിട്ടീഷ് പൗരനല്ലാത്തതും മാസങ്ങളോളം കസ്റ്റഡി ശിക്ഷ അനുഭവിച്ചതും ബെക്കറിന് ജയിൽ മോചനത്തിനുള്ള വഴിതുറന്നു. വിദേശ പൗരന്മാരെ നാടുകടത്തുന്ന ഫാസ്റ്റ് ട്രാക്ക് പദ്ധതിക്ക് അടുത്തിടെയാണ് അംഗീകാരം ലഭിച്ചത്. തനിക്ക് പ്രതീക്ഷിക്കാവുന്ന ഏറ്റവും മികച്ച ക്രിസ്മസ് സമ്മാനമാണിതെന്ന് ബെക്കറിന്റെ അമ്മ എൽവിറ പറഞ്ഞു. നേരത്തെ കടം വീട്ടാൻ ടെന്നീസ് കരിയറിൽ സ്വന്തമാക്കിയ ട്രോഫികളും ബെക്കർ ലേലത്തിന് വെച്ചത് വലിയ വാർത്തയായിരുന്നു. പതിനേഴാം വയസിൽ വിംബിൾഡൺ കിരീടം നേടി ചരിത്രം കുറിച്ച ബെക്കർ കരിയറിൽ നേടിയ മെഡലുകളും കപ്പുകളും വാച്ചുകളും, ഫോട്ടോകളും അടക്കം 82 വസ്തുക്കളാണ് ഓൺലൈനിൽ ലേലത്തിന് വെച്ചിരുന്നത്. കരിയറിൽ ആറു ഗ്രാൻസ്ലാം കീരീടങ്ങൾ അടക്കം 49 കീരീടങ്ങൾ നേടിയിട്ടുള്ള താരമാണ് ബെക്കർ.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News