'ആയുധം താഴെവെക്കുക, പാർട്ടി പിരിച്ചുവിടുക'; കുർദിസ്താൻ വർക്കേഴ്സ് പാർട്ടി പിരിച്ചുവിടാൻ സ്ഥാപക നേതാവിന്റെ ആഹ്വാനം

ഫെബ്രുവരിയിൽ ജയിലിലടക്കപ്പെട്ട പികെകെ നേതാവ് അബ്ദുല്ല ഒകലാൻ പുറത്തിറക്കിയ പ്രസ്താവനയെ തുടർന്നാണ് തീരുമാനം

Update: 2025-05-10 12:26 GMT

അങ്കാറ: തുർക്കിക്കെതിരായ സായുധ പോരാട്ടം അവസാനിപ്പിക്കാനും പാർട്ടി പിരിച്ചുവിടാനും തീരുമാനിച്ചതായി കുർദിസ്താൻ വർക്കേഴ്സ് പാർട്ടി(പികെകെ). പിരിച്ചുവിടൽ ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കുമെന്ന് പാർട്ടിയുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങൾ വെളിപ്പെടുത്തിയതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരിയിൽ ജയിലിലടക്കപ്പെട്ട പികെകെ നേതാവ് അബ്ദുല്ല ഒകലാൻ പുറത്തിറക്കിയ പ്രസ്താവനയെ തുടർന്നാണ് തീരുമാനം. 40 വർഷങ്ങൾക്ക് മുമ്പ് താൻ സ്ഥാപിച്ച സംഘടനയോട് ആയുധം താഴെവെക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ചരിത്രപരമായ പ്രാധാന്യമുള്ള തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും പ്രസക്തമായ രേഖകളും വിവരങ്ങളും സഹിതം ഞങ്ങൾ അത് ഉടൻ പ്രഖ്യാപിക്കുമെന്നും ഒകലാന്റെ ആഹ്വാനത്തെക്കുറിച്ച് ചർച്ച ചെയ്തതിന് ശേഷം പികെകെ അറിയിച്ചു. ഫെബ്രുവരിയിൽ നടത്തിയ തന്റെ പ്രസ്താവനയിൽ, ഒകലാൻ സായുധ പോരാട്ടത്തെ ഒരു പഴയ കാലഘട്ടത്തിന്റെ ഉൽപ്പന്നമായിട്ടാണ് വിശേഷിപ്പിച്ചത്. കുർദിഷ് സ്വത്വം നിഷേധിക്കുകയും കുർദുകളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിയന്ത്രിക്കുകയും ചെയ്ത തുർക്കി ഭരണകൂട നയങ്ങൾക്കെതിരെ പികെകെയുടെ സായുധ പോരാട്ടം ഒരുകാലത്ത് ആവശ്യമായിരുന്നുവെന്ന് ഒന്നര പേജുള്ള സന്ദേശത്തിൽ ഒകലാൻ വിശദീകരിച്ചു.

Advertising
Advertising

കുർദിഷ് വിഷയങ്ങളിൽ തുർക്കി സർക്കാർ അടുത്തിടെ നടത്തിയ ജനാധിപത്യ പരിഷ്കാരങ്ങളും പ്രാദേശിക വികസനങ്ങളും സായുധ പോരാട്ടത്തെ കാലഹരണപ്പെടുത്തിയെന്ന് അദ്ദേഹം വാദിക്കുന്നു. 'എല്ലാ ഗ്രൂപ്പുകളും ആയുധം താഴെ വെക്കണം. പികെകെ സ്വയം പിരിച്ചുവിടണം.' അദ്ദേഹം പറഞ്ഞു. എല്ലാ ഗ്രൂപ്പുകളെയും കുറിച്ചുള്ള ഒകലാന്റെ പരാമർശത്തിൽ സിറിയയിലെയും ഇറാനിലെയും പികെകെയുടെ അനുബന്ധ സ്ഥാപനങ്ങളും ശാഖകളും ഉൾപ്പെടുന്നു. കൂടാതെ ഇറാഖിലും തുർക്കിയിലും ആ രാജ്യങ്ങളിലും പ്രവർത്തിക്കുന്ന ഗ്രൂപ്പ് ഓഫ് കമ്മ്യൂണിറ്റീസ് ഇൻ കുർദിസ്ഥാൻ (കെസികെ) എന്ന സംഘടനയും ഉൾപ്പെടുന്നു. മാർച്ചിൽ, ഒകലാന്റെ നിർദ്ദേശം പാലിക്കുമെന്ന് പികെകെ പരസ്യമായി പ്രഖ്യാപിക്കുകയും വെടിനിർത്തൽ പ്രഖ്യാപിക്കുകയും ചെയ്തു.

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News