Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
സിഡ്‌നി: സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ വെടിവെപ്പ് നടത്തിയ തോക്കുധാരികളിൽ ഒരാളെ വീരോചിതമായി നേരിടുകയും നിരായുധനാക്കുകയും ചെയ്തയാൾ 43കാരനായ അഹമ്മദ് അൽ അഹമ്മദ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സതർലാൻഡിൽ ഒരു പഴക്കട ഉടമയായ സിഡ്‌നി സ്വദേശിയാണ് അഹമ്മദ് അൽ അഹമ്മദ്.
റിപോർട്ടുകൾ പ്രകാരം വെടിവെപ്പിനിടെ രണ്ട് കുട്ടികളുടെ പിതാവായ അഹമ്മദിന് രണ്ട് തവണ വെടിയേറ്റു. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഹമ്മദിനെ ഞായറാഴ്ച രാത്രി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വെടിവയ്പ്പിനിടെ അതിലെ നടന്ന് പോകുകയായിരുന്ന അഹമ്മദ് സാഹസത്തിന് മുതിരുകയായിരുന്നു. തക്കം പാർത്തുനിന്ന് തോക്കുധാരിയെ അഹമ്മദ് നേരിട്ടു.
A man who disarmed a terrorist has been identified as a Muslim named Ahmed Al Ahmad during an attack on a Jewish event in Sydney.
— Globe Eye News (@GlobeEyeNews) December 14, 2025
He prevented further harm to Jews. pic.twitter.com/OvU0y0iQq4
വെടിവെപ്പ് നടത്തിയവരിൽ ഒരാളിൽ നിന്ന് വെറും മീറ്ററുകൾ അകലെയുള്ള ഒരു കാർപാർക്കിംഗിൽ ഒരു കാറിന് പിന്നിൽ അഹമ്മദ് ആദ്യം മറഞ്ഞുനിന്നു. വെടിയൊച്ചകൾക്കിടയിൽ പാർക്ക് ചെയ്തിരുന്ന കാറുകളിലൂടെ ഓടിച്ചെന്ന് തോക്കുധാരിയെ അഹമ്മദ് പിന്നിൽ നിന്ന് ഹെഡ്‌ലോക്കിൽ പിടിച്ചു. അഞ്ച് സെക്കൻഡ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ അഹമ്മദിന് തോക്ക് പിടിച്ചെടുക്കാൻ കഴിഞ്ഞു. വെടിയുതിർത്തയാൾ പിന്നിലേക്ക് വീണു.
ഞായറാഴ്ച വൈകുന്നേരം സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത പരിപാടിക്കിടെ നടന്ന വെടിവെപ്പിൽ വെടിവെപ്പുകാരിൽ ഒരാൾ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു. 29 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാജിദ് അക്രം മകൻ നവീദ് അക്രം എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസിന്റെ വെടിയേറ്റ സാജിദ് അക്രം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ 24 വയസുള്ള നവീദ് അക്രമിനെ പൊലീസ് സംരക്ഷണയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.