എന്താണ് ട്രംപ് ഗോൾഡ് കാർഡ്?; പുതിയ വിസ പദ്ധതിയുമായി യുഎസ് പ്രസിഡന്റ്
സമ്പന്നരും വൈദഗ്ധ്യമുള്ളവരുമായ വിദേശ പൗരൻമാരെ യുഎസിൽ എത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണ് പുതിയ പദ്ധതി
വാഷിങ്ടൺ: അമേരിക്കയിൽ സ്ഥിരതാമസത്തിന് 'ട്രംപ് ഗോൾഡ് കാർഡ്' വിസ പദ്ധതിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമ്പന്നരും വൈദഗ്ധ്യമുള്ളവരുമായ വിദേശ പൗരൻമാരെ യുഎസിൽ എത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണ് പുതിയ പദ്ധതി. വേഗത്തിൽ താമസാനുമതി നേടാൻ അവസരമൊരുക്കുന്നതിലൂടെ വിദേശനിക്ഷേപം ആകർഷിക്കാനാവുമെന്നും ട്രംപ് കരുതുന്നു. ഉടൻ തന്നെ 'ട്രംപ് പ്ലാറ്റിനം കാർഡ്' പുറത്തിറങ്ങുമെന്നും റിപ്പോർട്ടുണ്ട്.
ഗോൾഡ് കാർഡ് അപേക്ഷകൾ ക്ഷണിക്കുന്നതിനായി വൈബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. 10 ലക്ഷം ഡോളർ (ഏകദേശം 9,02,52,789 രൂപ) നൽകുന്ന വ്യക്തികൾക്ക് യുഎസ് പൗരത്വം ലഭിക്കും. 20 ലക്ഷം ഡോളർ (18,03,92,000 രൂപ) നൽകി കമ്പനികൾക്ക് ഗോൾഡ് കാർഡിലൂടെ വിദഗ്ധ തൊഴിലാളികളെ യുഎസിൽ എത്തിക്കാം. വിദേശ നിക്ഷേപം കൊണ്ടുവരാനായി 1990ൽ ആരംഭിച്ച ഇബി-5 വിസകൾക്ക് പകരമായാണ് പുതിയ പദ്ധതി. കുറഞ്ഞത് 10 പേർ ജോലി ചെയ്യുന്ന ഒരു കമ്പനിയിൽ ഏകദേശം 10 ലക്ഷം ഡോളർ ചെലവഴിക്കുന്നവർക്കായിരുന്നു ഇബി 5 വിസ ലഭിച്ചിരുന്നത്.
ഒരു ഗോൾഡ് കാർഡ് ലഭിക്കാൻ 50 ലക്ഷം ഡോളർ വേണ്ടിവരുമെന്നാണ് ട്രംപ് നേരത്തെ പറഞ്ഞിരുന്നതെങ്കിലും പിന്നീട് തുക കുറയ്ക്കുന്നതായിരുന്നു. വിസ പദ്ധതിയുടെ ഭാഗമായി വരുന്ന ഫണ്ടുകൾ സർക്കാരിന് ലഭിക്കുമെന്നും ഈ രീതിയിൽ കോടിക്കണക്കിന് ഡോളർ ട്രഷറിയിലെത്തുമെന്നും ട്രംപ് പറഞ്ഞു.
15,000 ഡോളറാണ് ആദ്യം അടയ്‌ക്കേണ്ടത്. പിന്നീട് 10 ലക്ഷം ഡോളർ നൽകിയാൽ ഗോൾഡ് കാർഡ് ലഭിക്കും. വിശദമായ പരിശോധനയുണ്ടെങ്കിലും ആഴ്ചകൾക്കുള്ളിൽ തന്നെ നടപടികൾ പൂർത്തിയാക്കും. അപേക്ഷകർ വിസ അഭിമുഖത്തിൽ പങ്കെടുക്കണം. ബ്രിട്ടൻ, സ്‌പെയിൻ, ഗ്രീസ്, മാൾട്ട, ആസ്‌ത്രേലിയ, കാനഡ, ഇറ്റലി അടക്കമുള്ള രാജ്യങ്ങൾ സമ്പന്നരായ വ്യക്തികൾക്ക് ഗോൾഡൻ വിസയുടെ മാതൃകയിൽ വിസകൾ അനുവദിക്കുന്നുണ്ട്.