'ഫ്രാൻസിലെ കലാപത്തിന് പിന്നിൽ അധികാരികളുടെ വംശീയ വിദ്വേഷം'; വിമർശിച്ച് എർദോഗൻ

ഫ്രാൻസിലെ ഈ സംഭവങ്ങൾ കുടിയേറ്റക്കാരെയും മുസ്ലിങ്ങളെയും സമ്മർദത്തിന്റെയും ഭീഷണിയുടെയും ഒരു പുതിയ തരംഗത്തിലേക്ക് നയിക്കുമെന്ന് തുർക്കി ആശങ്കപ്പെടുന്നതായും എർദോഗൻ പറഞ്ഞു.

Update: 2023-07-05 14:30 GMT
Editor : banuisahak | By : Web Desk
Advertising

ഫ്രഞ്ച് ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗൻ. ഫ്രാൻസിലെ രാജ്യവ്യാപകമായ കലാപങ്ങൾ സ്ഥാപനപരമായ വംശീയതയെയും രാജ്യത്തിന്റെ കൊളോണിയൽ ഭൂതകാലത്തേയുമാണ് ഓർമിപ്പിക്കുന്നതെന്ന് എർദോഗൻ പറഞ്ഞു. അക്രമ സംഭവങ്ങൾ എത്രയും വേഗം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

"കൊളോണിയൽ ഭൂതകാലത്തിന് പേരുകേട്ട രാജ്യങ്ങളിൽ, സാംസ്കാരിക വംശീയത സ്ഥാപനപരമായ വംശീയതയായി മാറിയിരിക്കുന്നു"; തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം എർദോഗൻ പ്രതികരിച്ചു. ഫ്രാൻസിൽ ആരംഭിച്ച സംഭവങ്ങളുടെ അടിസ്ഥാനം കൊളോണിയൽ വംശീയതയാണ്. വ്യവസ്ഥാപിതമായി അടിച്ചമർത്തപ്പെട്ടവരായി ജീവിക്കാൻ വിധിക്കപ്പെട്ട മിക്ക കുടിയേറ്റക്കാരും മുസ്ലീങ്ങളാണ്; എർദോഗൻ പറഞ്ഞു. 

നീതി തേടാൻ തെരുവുകൾ ഉപയോഗിക്കാനാവില്ല. എന്നിരുന്നാലും, സാമൂഹിക സ്ഫോടനത്തിൽ നിന്ന് അധികാരികളും പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ഫ്രാൻസിലെ ഈ സംഭവങ്ങൾ കുടിയേറ്റക്കാരെയും മുസ്ലിങ്ങളെയും സമ്മർദത്തിന്റെയും ഭീഷണിയുടെയും ഒരു പുതിയ തരംഗത്തിലേക്ക് നയിക്കുമെന്ന് തുർക്കി ആശങ്കപ്പെടുന്നതായും എർദോഗൻ പറഞ്ഞു. 

 ഫ്രാൻസിൽ താമസിക്കുന്നവർക്കും രാജ്യത്ത് സന്ദർശനത്തിനായി പോകുന്നവർക്കും ആവശ്യമായ ഉപദേശങ്ങൾ തുർക്കി വിദേശകാര്യ മന്ത്രാലയം നൽകിയിട്ടുണ്ട്. വംശീയ വിദ്വേഷം നമ്മുടെ ആളുകളെ ലക്ഷ്യം വയ്ക്കുന്നത് അനുവദിക്കാനാവില്ലെന്നും എർദോഗൻ പറഞ്ഞു. സംഭവങ്ങൾ ഫ്രാൻസിലെ തുർക്കി എംബസി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഫ്രാൻസിലെ തുർക്കിയുടെ അംബാസഡർ അലി ഒനാനർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നാലെയാണ് എർദോഗന്റെ പ്രതികരണം. 

കഴിഞ്ഞ ജൂൺ 27ന് പാരിസ് പ്രാന്തപ്രദേശമായ നാന്റേറിൽ പട്ടാപ്പകലാണ് 17കാരനായ നാഹിൽ പൊലീസിന്റെ വെടിയേറ്റ് മരിക്കുന്നത്. ട്രാഫിക് പൊലീസിന്റെ പരിശോധനയ്ക്കിടെ നിർത്താതെ പോയെന്ന് കാണിച്ചാണ് പൊലീസ് വെടിവച്ചത്. നഗരത്തിൽ ടേക്ക്എവേ ഡെലിവറി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു 17കാരൻ. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച വരെ 1,300-ലധികം ആളുകളെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി മാത്രം 121 പേരെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News