'ലൈറ്റ്ഹൗസുകളുടെ രാജാവ്' കോര്‍ദുവാന് യുനെസ്കോ അംഗീകാരം; ലോക പൈതൃക പട്ടികയില്‍ ഇടം നല്‍കി

പാരിസ് ആര്‍ക്കിടെക്റ്റ് ലൂയി ദെ ഫോയിക്‌സാണ് പതിനാറാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ കോര്‍ദുവാന്‍ രൂപ കല്‍പന ചെയ്തത്.

Update: 2021-07-25 06:58 GMT
Advertising

'ലൈറ്റ്ഹൗസുകളുടെ രാജാവ്' (കിങ് ഓഫ് ലൈറ്റ്ഹൗസസ്) എന്നറിയപ്പെടുന്ന, ഫ്രാന്‍സിലെ കോര്‍ദുവാന്‌ യുനെസ്‌കോയുടെ അംഗീകാരം. അറ്റ്‌ലാന്‍റിക് മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന കൂറ്റന്‍ ലൈറ്റ്ഹൗസിനെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി. പാരിസ് ആര്‍ക്കിടെക്റ്റ് ലൂയി ദെ ഫോയിക്‌സ് രൂപ കല്‍പന ചെയ്ത കോര്‍ദുവാനെ 1862 ൽ ചരിത്ര സ്മാരകങ്ങളുടെ പട്ടികയില്‍പ്പെടുത്തിയിരുന്നു.

നിര്‍മാണകലയുടെ മഹത്തായ ഉദാഹരണമാണ് കോര്‍ദുവാനെന്നാണ് യുനെസ്കോ ചൂണ്ടിക്കാട്ടുന്നത്. നവോത്ഥാന കാലഘട്ടത്തിന്റെ നിര്‍മാണശൈലിയും ശാസ്ത്ര- സാങ്കേതിക വിദ്യാ പുരോഗതി അനുയോജ്യമായ വിധത്തില്‍ ഉപയോഗപ്പെടുത്തിയതുമാണ് കോര്‍ദുവാനെ വ്യത്യസ്തമാക്കുന്നതെന്നും യുനെസ്കോ വ്യക്തമാക്കി. 


ചരിത്ര രേഖകള്‍ പ്രകാരം 1584 ലാണ് കോര്‍ദുവാന്‍ ലൈറ്റ്ഹൗസിന്‍റെ നിര്‍മാണമാരംഭിച്ചത്. 48 അടി ഉയരത്തിലായിരുന്നു ആദ്യം ലൈറ്റ്ഹൗസ്‌ നിര്‍മിച്ചത്. 1611ല്‍ നിര്‍മാണം പൂര്‍ത്തിയായി. എന്നാല്‍, പതിനെട്ടാം നൂറ്റാണ്ടില്‍ മൂന്ന് നിലകള്‍ കൂടി പണിത് കോര്‍ദുവാന്‍റെ നവീകരണം നടത്തുകയും ചെയ്തിരുന്നു. നിലവില്‍ 223 അടിയാണ് ഈ പൗരാണിക നിര്‍മിതിയുടെ ഉയരം. ആറുമുതല്‍ ഏഴു മൈല്‍ ദൂരത്ത് നിന്ന് കോര്‍ദുവാനെ കാണാന്‍ സാധിക്കും.


രാജകൊട്ടാരം, ആരാധനാലയം, കോട്ട എന്നീ മൂന്ന് നിര്‍മാണശൈലികളും സംയുക്തമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നതാണ് നവോത്ഥാന കാലഘട്ടത്തിലെ സുപ്രധാന നിര്‍മിതികളിലൊന്നായ ഈ ലൈറ്റ്ഹൗസിന്‍റെ സവിശേഷത. ലൈറ്റ്ഹൗസിനു മുകളില്‍ വിറകു കത്തിച്ചായിരുന്നു ആദ്യകാലങ്ങളില്‍ കപ്പലുകള്‍ക്ക് ദിശ മനസ്സിലാക്കുന്നതിനായി വെളിച്ചം കാണിച്ചിരുന്നത്. പിന്നീട് കാലക്രമേണ എണ്ണയും പെട്രോളിയം വാതകവും ഉപയോഗിച്ചു. നിലവില്‍ ലൈറ്റ്ഹൗസ് പൂര്‍ണമായും ഓട്ടോമാറ്റിക്കാണ്. വിനോദസഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രങ്ങളിലൊന്നായ കോര്‍ദുവാന്‍റെ സംരക്ഷണത്തിനായി ഫ്രാന്‍സ് ഇപ്പോഴും മേല്‍നോട്ടക്കാരെ നിയമിക്കുന്നുണ്ട്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News