ഐക്യരാഷ്ട്ര സഭയിൽ ഫലസ്തീന്റെ സമ്പൂർണ അംഗത്വം: പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക

അമേരിക്കയുടെ പ്രവർത്തനങ്ങൾക്ക് ചരിത്രം മാപ്പുനൽകില്ലെന്ന് റഷ്യ

Update: 2024-04-19 07:10 GMT

ന്യൂയോർക്ക്: ഫലസ്തീന് ഐക്യരാഷ്ട്രസഭയിൽ സമ്പൂർണ അംഗത്വം നൽകണമെന്ന യു.എൻ രക്ഷാസമിതിയിലെ കരട് പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. അൾജീരിയയാണ് കരട് പ്രമേയം അവതരിപ്പിച്ചത്. 15 അംഗ കൗൺസിലിൽ 12 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. അൾജീരിയ, മൊസാബിക്, സിയറ ലിയോൺ, ഗയാന, ഇക്വഡോർ, റഷ്യ, ചൈന, ഫ്രാൻസ്, സ്ളോവേനിയ, മാൾട്ട, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ എന്നീ രാജ്യങ്ങളാണ് അനുകൂലമായി വോട്ട്  ചെയ്തത്. ബ്രിട്ടനും സ്വിറ്റ്സർലാൻഡും വിട്ടുനിന്നു.

രാഷ്ട്രങ്ങളുടെ സമൂഹത്തിൽ ഫലസ്തീൻ അതിൻ്റെ ശരിയായ സ്ഥാനം നേടേണ്ട സമയമാണിതെന്ന് വോട്ടെടുപ്പിന് മുമ്പ് യു.എന്നിലെ അൾജീരിയയുടെ പ്രതിനിധി അമർ ബെൻഡ്ജാമ പറഞ്ഞു. യു.എൻ അംഗത്വം നേടുന്നത് ഫലസ്തീൻ്റെ സ്വയം നിർണ്ണയാവകാശത്തിൻ്റെ അടിസ്ഥാനപരമായ പ്രകടനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

2012 മുതൽ യു.എൻ ജനറൽ അസംബ്ലിയിൽ നിരീക്ഷക രാഷ്ട്രത്തിന്റെ സ്ഥാനമാണ് ഫലസ്തീന്. ഇതുപ്രകാരം ചർച്ചകളിലും യു.എൻ ഓർഗനൈസേഷനുകളിലും പ്രതിനിധിക്ക് പ​ങ്കെടുക്കാം. അതേസമയം വോട്ടവകാശം ഉണ്ടാകില്ല.

യു.എൻ ചാർട്ടർ അനുസരിച്ച് സെക്യൂരിറ്റി കൗൺസിലിൻ്റെ ശുപാർശ പ്രകാരം ജനറൽ അസംബ്ലിയുടെ തീരുമാനത്തിലൂടെയാണ് രാജ്യങ്ങൾക്ക് യു.എൻ അംഗത്വം നൽകുന്നത്. ഒരു കൗൺസിൽ പ്രമേയത്തിന് അനുകൂലമായി കുറഞ്ഞത് ഒമ്പത് വോട്ടുകളെങ്കിലും ലഭിക്കണം. കൂടാതെ സ്ഥിരാംഗങ്ങളായ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന എന്നിവയിൽ ഏതെങ്കിലും ഒരു രാജ്യം വീറ്റോ ചെയ്യാനും പാടില്ല.

കരട് പ്രമേയത്തെ വീറ്റോ ചെയ്ത അമേരിക്കയുടെ നടപടിയെ ഫലസ്തീൻ അതോറിറ്റി അപലപിച്ചു. വീറ്റോ അധികാരം അന്യായവും അധാർമികവുമായി ഉപയോഗിക്കുകയാണെന്ന് ഫലസ്തീൻ പ്രസിഡൻറ് കുറ്റപ്പെടുത്തി.

അമേരിക്ക വീറ്റോ അധികാരം ഉപയോഗിച്ചത് ചരിത്രത്തിൻ്റെ ഗതി മാറ്റാനുള്ള നിരാശാജനകമായ ശ്രമമാണെന്ന് യു.എന്നിലെ റഷ്യൻ അംബാസഡർ വാസിലി നെബെൻസിയ പറഞ്ഞു. അമേരിക്ക പ്രായോഗികമായി ഒറ്റപ്പെട്ടു എന്നതിന്റെ തെളിവാണ് ഈ വോട്ടെടുപ്പ്. അമേരിക്കയുടെ പ്രവർത്തനങ്ങൾക്ക് ചരിത്രം മാപ്പുനൽകില്ലെന്നും നെബെൻസിയ കൂട്ടിച്ചേർത്തു.

അതേസമയം, അമേരിക്ക മറ്റു രാജ്യങ്ങളോടും വീറ്റോ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ നിരസിച്ചതായാണ് റിപ്പോർട്ട്. പ്രമേയത്തെ പിന്തുണക്കുമെന്ന് കഴിഞ്ഞ ദിവസം ചൈനയും ഇന്തോനേഷ്യയും പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ നടപടി നിരാശാജനകമാണെന്ന് ചൈനീസ് അംബാസഡർ ഫു കോങ് വോട്ടെടുപ്പിന് ശേഷം പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News