ഗസ്സയിൽ വെടിനിർത്തൽ ചർച്ച വീണ്ടും ഊർജിതം

ചർച്ച ശരിയായ ദിശയിൽ പുരോഗമിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

Update: 2024-02-14 01:23 GMT
Editor : Anas Aseen | By : Web Desk
Advertising

ദുബൈ: ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലുള്ള ഗസ്സയിലെ വെടിനിർത്തൽ വ്യവസ്ഥകൾ സംബന്ധിച്ച ചർച്ചകൾ 
ഊർജ്ജിതമായി തുടരുകയാണ്​. സി.ഐ.എ ഡയറക്ടർ വില്യം ബേൺസ് കൈറോയിൽ തങ്ങുകയാണ്​​. ഹമാസ്​ മുന്നോട്ടുവെച്ച വ്യവസ്​ഥകളിൽ ഇസ്രായേൽ സ്വീകരിച്ച നിഷേധനിലപാടാണ്​ വെടിനിർത്തൽ ചർച്ചക്ക്​ തിരിച്ചടിയായത്​.

എന്നാൽ സംഘർഷം നീളുന്നത്​ ഗുരുതര സാഹചര്യം സൃഷ്​ടിക്കുമെന്ന്​ ബോധ്യപ്പെട്ടതോടെ ഇസ്രായേലിനു മേൽ ബൈഡൻ ഭരണകൂടം സമ്മർദം ശക്​തമാക്കി. ഒന്നര മാസത്തെ വെടിനിർത്തൽ എന്ന യു.എസ്​ നിർദേശം അംഗീകരിക്കുമെങ്കിലും ബന്ദികൾക്കു പകരം കൂടുതൽ തടവുകാരെ വിട്ടയക്കാൻ പറ്റില്ലെന്നാണ്​ നെതന്യാഹുവിന്റെ തീരുമാനമെന്ന്​ ഇസ്രായേൽ മാധ്യമങ്ങൾ.

ആദ്യ ​വെടിനിർത്തൽ വേളയിൽ സ്വീകരിച്ച മാനദണ്​ഡം ഇവിടെയും ആകാമെന്നാണ്​ ഇസ്രായേൽ അറിയിച്ചിരിക്കുന്നത്​. കൈറോ ചർച്ചയിലൂടെ ഇക്കാര്യത്തിൽ വ്യക്​തത വരുമെന്ന പ്രതീക്ഷയിലാണ്​ അമേരിക്ക.ഗസ്സയിലെ ഫലസ്തീനികളുടെ ജീവിതം കൂടുതൽ ദുരിതമയമാകുന്നത് ചൂണ്ടിക്കാട്ടി അറബ് രാജ്യങ്ങൾ വെടിനിർത്തലിനായി വലിയ സമ്മർദം ചെലുത്തിവരുകയാണ്.

അതിനിടെ, ഇസ്രായേലിന് വീണ്ടും സൈനികസഹായം നൽകാനുള്ള പ്രമേയം യു.എസ് സെനറ്റ് പാസാക്കി. 1400 കോടി ഡോളറിന്റെ സഹായമാണ് കൈമാറുക. ഇതിനെതിരെ അമേരിക്കക്കുള്ളിൽ തന്നെ പ്രതിഷേധം ശക്​തമാണ്​. ഖാൻയൂനുസിലും റഫയിലും ഇസ്രായേൽ കനത്ത ആക്രമണം തുടരുകയാണ്. അൽജസീറ ലേഖകൻ ഇസ്മായിൽ അബൂ ഉമറിനും കാമറമാൻ അഹ്​മദ്​ മതാറിനും ഇന്നലെ നടന്ന ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു.

ഇസ്​മാഈൽ അബൂ ഉമറി​െൻറ വലതുകാൽ മുറിച്ചുമാറ്റി. 24 മണിക്കൂറിനിടെ 133 പേർകൂടി കൊല്ലപ്പെട്ടു. ഇതോടെ ഗസ്സയിൽ ആകെ മരണം 28,473 ആയി. 68,146 പേർക്ക് പരിക്കുണ്ട്. ഇസ്രായേലിലേക്ക്​ പിന്നിട്ട വാരം ഒരു കപ്പൽ പോലും പോകാത്തവിധം പ്രതിരോധം ശക്​തമാണെന്ന്​ ഹൂതികൾ. ഗസ്സയിൽ യുദ്ധം അവസാനിക്കും വരെ ഇസ്രായേലിലേക്കുള്ള കപ്പലുകൾക്ക്​ നേരെ ആക്രമണം തുടരുമെന്നും ഹൂതികൾ മുന്നറിയിപ്പ്​ നൽകി


Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News