ഗസ്സ വെടിനിർത്തൽ പ്രതീക്ഷ മങ്ങുന്നു? വൈറ്റ് ഹൗസിൽ നിന്ന് മടങ്ങി നെതന്യാഹു

ശാശ്വതയുദ്ധവിരാമത്തിന് ഇസ്രായേൽ ഉറപ്പുനൽകാത്തതാണ് തടസം

Update: 2025-07-09 06:49 GMT

ഗസ്സ: ഗസ്സ വെടിനിർത്തൽ ഈ ആഴ്ചയുണ്ടാകുമെന്ന പ്രതീക്ഷ മങ്ങുന്നു. വെടിനിർത്തൽ പ്രഖ്യാപനമൊന്നുമില്ലാതെയാണ് നെതന്യാഹുവു വൈറ്റ്ഹൗസിൽ നിന്ന് മടങ്ങിയത്. ശാശ്വത യുദ്ധവിരാമത്തിന് ഇസ്രായേൽ ഉറപ്പു നൽകാത്തതാണ് തടസം. ട്രംപുമായുള്ള കൂടിക്കാഴ്ചയിലും നെതന്യാഹു വഴങ്ങിയില്ല. ചർച്ചക്ക് കൂടുതൽ സമയം ആവശ്യമെന്ന് മധ്യസ്ഥരായ ഖത്തർ അറിയിച്ചു.

നാലിലധികം തവണ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ ആഴ്ച വെടിനിർത്തൽ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. ട്രംപിന്റെ വാക്കിന് പിന്നാലെ പശ്ചിമേഷ്യയിലും വിശിഷ്യാ ഗസ്സയിലും 60 ദിവസത്തെ വെടിനിർത്തലും തുടർന്ന് ശാശ്വത വെടിനിർത്തലിനുള്ള ചർച്ചകൾ ആരംഭിക്കുമെന്ന പ്രതീക്ഷ നിലനിന്നിരുന്നു. എന്നാൽ ട്രംപുമായുള്ള രണ്ടാം കൂടിക്കാഴ്ചയിൽ നെതന്യാഹു യുദ്ധവിരാമത്തിനുള്ള വഴികൾ പൂർണമായി അടച്ചു എന്ന വാർത്തയാണ് പുറത്ത് വരുന്നത്.

ശ്വാശതമായ വെടിനിർത്തൽ കരാറിലേക്ക് 60 ദിവസത്തിനുള്ളിൽ കടന്നയില്ലെങ്കിൽ വെടിനിർത്തലില്ല എന്ന നിലപാടിലാണ് ഹമാസ്. 60 ദിവസത്തേക്ക് മാത്രമായിരിക്കും വെടിനിർത്തൽ എന്ന നിലയിൽ ഇസ്രായേലും നിലവിൽ തുടരുന്നു. വെടിനിർത്തൽ കരാറിന്റെ നിർദേശങ്ങൾ അന്തിമമാക്കുന്നതിന് വേണ്ടി യുഎസിന്റെ പശ്ചിമേഷ്യൻ പ്രതിനിധി ദോഹയിലേക്ക് പോകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അതിപ്പോൾ പോകുന്നില്ല എന്നാണ് യുഎസിൽ നിന്ന് വരുന്ന വാർത്തകൾ. ഈ സാഹചര്യത്തിൽ കൂടിയാണ് വെടിനിർത്തൽ നീണ്ടുപോകാനുള്ള സാധ്യതയുള്ളത്.  

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News