ഐസ്ക്രീം കഴിക്കുന്നതി​നിടെ ഗസ്സ വെടിനിർത്തൽ ചോദ്യത്തിന് മറുപടി; ബൈഡനെതിരെ വിമർശനം -വീഡിയോ

‘ബൈഡന്റെ നടപടി നിരുത്തരവാദപരം’

Update: 2024-02-27 15:50 GMT

ന്യൂയോർക്ക്: ഐസ്ക്രീം കഴിക്കുന്നതിനിടെ, ഇസ്രായേൽ - ഹമാസ് വെടിനിർത്തൽ ഉടൻ യാഥാർഥ്യമാകുമെന്ന് പറഞ്ഞ അമേരിക്കൻ പ്രസിഡന്റ് ജോ​ ബൈഡന്റെ നടപടിയിൽ വൻ വിമർശനം. തിങ്കളാഴ്ച ലേറ്റ് നൈറ്റ് വിത്ത് സേത്ത് മെയേഴ്സിൻ്റെ ചിത്രീകരണത്തിന് ശേഷം ന്യൂയോർക്ക് സിറ്റിയിലെ വാൻ ലീവെൻ ഐസ്ക്രീം ഷോപ്പ് ബൈഡൻ സന്ദർശിച്ചിരുന്നു. അമേരിക്കൻ കൊമേഡിയനും ടി.വി നടനുമായ സേത്ത് മേയേഴ്സും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. ഇവിടെ നിന്ന് ഐസ്ക്രീം കഴിക്കുന്നതിനിടയിലാണ് ഇദ്ദേഹം ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് സംസാരിക്കുന്നത്.

ബൈഡൻ ഐസ്ക്രീം ഓർഡർ ചെയ്യുന്നതിന്റെയും മറ്റു ഉപഭോക്താക്കളുമായി സംസാരിക്കുന്നതി​ന്റെയും വീഡിയോ പുറത്തുവന്നിരുന്നു. ഐസ്ക്രീം കഴിക്കുന്നതിനിടയിലാണ്, വെടിനിർത്തൽ എന്ന് യാഥാർഥ്യമാകുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യം വരുന്നത്. ഈ വാരാന്ത്യത്തിൽ അതുണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി, ഐസ്ക്രീം കോൺ കൈയിൽ പിടിച്ചുകൊണ്ട് ബൈഡൻ മറുപടി നൽകി.

Advertising
Advertising

കരാറിലേക്ക് അടുക്കുകയാണെന്നാണ് തന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടവ് അറിയിച്ചത്. നമ്മൾ അടുത്തുകൊണ്ടിരിക്കുകയാണ്. അടുത്ത തിങ്കളാഴ്ചയോടെ വെടിനിർത്തൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബൈഡൻ പറഞ്ഞു.

ബൈഡന്റെ ഈ പ്രവൃത്തിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഗസ്സയിൽ ഇസ്രായേലിന്റെ നേതൃത്വത്തിൽ നടക്കുന്ന ആസൂത്രിത വംശഹത്യയെ എത്ര ലാഘവത്തോടെയാണ് അമേരിക്കൻ ഭരണകൂടം കൈകാര്യം ചെയ്യുന്നത് എന്നതിന്റെ തെളിവാണ് ഇതെന്ന് പലരും സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

ഇത് തികച്ചും നിരുത്തരവാദപരമാണെന്നും ഐസ്ക്രീം കോണിനൊപ്പം ബധിരനും നയമില്ലാത്തവനുമായി ബൈഡൻ മാറിയെന്നും ഇസ്രായേലി - അമേരിക്കൻ പത്രപ്രവർത്തകൻ മേരവ് ​സോൺസെയിൻ എക്സിൽ കുറിച്ചു. വായിൽ ഐസ്ക്രീം കോൺ ഉപയോഗിച്ച്, 30,000 ആളുകളെ കൊന്ന ഒരു യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നത്, തങ്ങൾ ഇത് ഗൗരവമായി എടുക്കുന്നില്ല എന്നതാണ് വ്യക്തമാക്കുന്നതെന്ന് ഇക്കണോമിസ്റ്റിൻ്റെ മിഡിൽ ഈസ്റ്റ് ലേഖകൻ ഗ്രെഗ് കാൾസ്ട്രോം എക്‌സിൽ വ്യക്തമാക്കി.



Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News