ഗസ്സ യുദ്ധം വെടിനിർത്തലിലേക്ക്? ബന്ദി മോചനമാണ് പ്രഥമ പരിഗണനയെന്ന് ബെഞ്ചമിൻ നെതന്യാഹു

ഹമാസിനെ നശിപ്പിക്കുക, ഗസ്സയുടെ നിയന്ത്രണം ഏറ്റെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ നേടാനാവില്ല എന്ന തിരിച്ചറിവിലാണ് നെതന്യാഹുവിന്റെ പുതിയ നിലപാട്

Update: 2025-06-30 05:29 GMT

തെൽ അവിവ്: ഗസ്സ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കവേ ബന്ദികളെ മോചിപ്പിക്കലാണ് പ്രഥമ പരിഗണനയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തലിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത സമ്മർദം തുടരുന്ന സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ പ്രതികരണം. ഹമാസിനെ നശിപ്പിക്കുക, ഗസ്സയുടെ നിയന്ത്രണം ഏറ്റെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ നേടാനാവില്ല എന്ന തിരിച്ചറിവിലാണ് നെതന്യാഹുവിന്റെ പുതിയ നിലപാട്. 'ആദ്യം ബന്ദികളെ മോചിപ്പിക്കണം. ഹമാസിനെ പരാജയപ്പെടുത്തി ഗസ്സ പ്രശ്‌നവും പരിഹരിക്കേണ്ടതുണ്ട്. രണ്ട് ജോലികളും നമുക്ക് നേടാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.' തെക്കൻ ഇസ്രായേലിലെ ഷിൻ ബെറ്റ് കേന്ദ്രം സന്ദർശിക്കവെ നെതന്യാഹു പറഞ്ഞു.

Advertising
Advertising

ഗസ്സ യുദ്ധവും ബന്ദി മോചനവും ചർച്ച ചെയ്യുന്നതിനായി ബീർഷെബയിലെ ഐഡിഎഫിന്റെ സതേൺ കമാൻഡ് ആസ്ഥാനത്ത് നെതന്യാഹു ഉന്നതതല മന്ത്രിസഭാ യോഗം ചേർന്നതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും മറ്റ് മന്ത്രിമാരും മുതിർന്ന ഐഡിഎഫ് ഉദ്യോഗസ്ഥരും ഉന്നതതല മന്ത്രിതല യോഗത്തിൽ പങ്കെടുത്തു. എന്നാൽ തീരുമാനമെടുക്കാതെ യോഗം അവസാനിച്ചതായും തിങ്കളാഴ്ച കൂടുതൽ ചർച്ചകൾ തീരുമാനിച്ചതായും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വെടിനിർത്തൽ ചർച്ചക്ക് വേണ്ടി ഇസ്രായേൽ കെയ്‌റോയിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയക്കുമെന്ന് അറബ് മധ്യസ്ഥർ പ്രതീക്ഷിക്കുന്നതായും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ യുദ്ധം സ്ഥിരമായി അവസാനിപ്പിക്കണമെന്ന ഹമാസിന്റെ ആവശ്യം ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്ക വിഷയങ്ങളിൽ ഉൾപ്പെടുന്നു. അറബ് മധ്യസ്ഥരുടെ പിന്തുണയോടെ മാനുഷിക സഹായം വിതരണം ചെയ്യുന്നതിനുള്ള പഴയ സംവിധാനങ്ങളിലേക്ക് മടങ്ങുക, ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നിയന്ത്രിക്കുന്ന നിലവിലുള്ള സംവിധാനത്തിന് പകരമായി ഒരു പുതിയ സംവിധാനം സ്ഥാപിക്കുക എന്നിവയും ഹമാസ് ആവശ്യപ്പെടുന്നു. വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും കഴിഞ്ഞ 24 മണിക്കൂറിനിടെ 72 പേരെയാണ് ഇസ്രായേൽ ഗസ്സയിൽ കൊലപ്പെടുത്തിയത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News