ജർമനിയിൽ ഇന്ന് പൊതു തെരഞ്ഞെടുപ്പ്

നിലവിലെ ചാൻസലർ ആംഗെല മെർക്കൽ 16 വർഷത്തിനു ശേഷം പടിയിറങ്ങുന്നു എന്നതിനാൽ ലോകം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ജർമനിയിലേത്

Update: 2021-09-26 01:32 GMT
Advertising

ജർമനിയിൽ ഇന്ന് പൊതു തെരഞ്ഞെടുപ്പ്. നിലവിലെ ചാൻസലർ  ആംഗെല മെർക്കൽ 16 വർഷത്തിനു ശേഷം പടിയിറങ്ങുന്നു എന്നതിനാൽ ലോകം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ജർമനിയിലേത് . നാലു തവണകളിലായി 16 വർഷം നയിച്ച ആംഗെല മെർക്കലിനു പകരം മറ്റൊരാളെ കണ്ടെത്താൻ വോട്ടെടുപ്പിൽ പങ്കെടുക്കുകയാണ് ജർമൻ ജനത. തീക്ഷ്ണമായ പ്രതിസന്ധികളെ സൗമ്യമായി നേരിട്ടാണ് മെർക്കൽ ജർമനിയെ യൂറോപിന്റെ നെറുകെയിൽ നിർത്തിയത്.

സാമ്പത്തിക മാന്ദ്യകാലത്തും അഭയാർഥി പ്രശ്നത്തിലും ഒടുവിൽ കോവിഡ് മഹാമാരിയിലും സ്വന്തമായി പരിഹാരങ്ങൾ കണ്ടെത്തിയ വനിതാ നേതാവാണ് പടിയിറങ്ങുന്നത്. 16 സംസ്ഥാനങ്ങളിലെ 598 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.യുദ്ധാനന്തര ജർമൻചരിത്രത്തിൽ നിലവിലെ ചാൻസലർ മത്സരിക്കാത്ത ആദ്യ തെരഞ്ഞെടുപ്പാണ് ഇത്. പകരം ആരുവരും എന്നതാണ് ലോകം ഉറ്റുനോക്കുന്ന കാര്യം. മെർക്കലിന്റെ പാർട്ടിയായ ക്രിസ്ത്യൻ ഡമോക്രാറ്റിക് യൂണിയൻ ക്രിസ്ത്യൻ സോഷ്യൽ യൂണിയൻ എന്ന മറ്റൊരുപാർട്ടിയുമായി സഖ്യം ചേർന്നാണ് മത്സരിക്കുന്നത്.

ആംഗെല മെർക്കലിന്റെ ശക്തനായ വക്താവായ ആർമിൻ ലാഷെറ്റാണ് ഈ സഖ്യത്തിന്റെ ചാൻസ്ലർ സ്ഥാനാർഥി. എന്നാൽ പ്രതിപക്ഷ കക്ഷിയായ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയും അവരുടെ നേതാവായ ഒലാഫ് ഷോള്‍സും അഭ്രിപ്രായ വോട്ടുകളില്‍ മുന്നിലാണ്. പരിസ്ഥിതി വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഗ്രീൻസ് പാർട്ടിയുടെ ചാൻസിലർ സ്ഥാനാർഥി അനലേന ബേർബോകാണ്.കുടിയേറ്റ വിരുദ്ധ നിലപാടു സ്വീകരിക്കുന്ന തീവ്രവലതുപക്ഷ പാർട്ടിയായ എ.എഫ്ഡി പോലെയുള്ള കക്ഷികളും തെരഞ്ഞെടുപ്പ് രംഗത്തുണ്ട്.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News