കുഞ്ഞിനെ വിട്ടുകിട്ടണമെന്ന ഇന്ത്യന്‍ വംശജരായ മാതാപിതാക്കളുടെ ആവശ്യം ജര്‍മന്‍ കോടതി തള്ളി

ലൈംഗികാതിക്രമം നടന്നതായി സൂചനകളുണ്ടെന്ന് പറഞ്ഞു ഡോക്ടര്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് കുട്ടിയെ അധികൃതര്‍ ഏറ്റെടുത്തത്

Update: 2023-06-18 04:57 GMT
Editor : anjala | By : Web Desk

കുട്ടിയുടെ  മാതാപിതാക്കൾ 

ബെര്‍ലിന്‍: ജര്‍മനിയില്‍ സര്‍ക്കാര്‍ സംരക്ഷണത്തിലുള്ള ഇന്ത്യന്‍ വംശജയായ രണ്ടര വയസ്സുള്ള കുഞ്ഞിനെ വിട്ടുകിട്ടണമെന്ന മാതാപിതാക്കളുടെ ആവശ്യം ബെര്‍ലിനിലെ പാങ്കോവ് കോടതി തള്ളി. കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളായ ഭാവേഷ് ഷാ, ധാര എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. കുഞ്ഞിന് ആകസ്മികമായാണ് പരുക്കേറ്റതെന്ന മാതാപിതാക്കളുടെ വാദം തള്ളിയാണ് കുട്ടിയെ വിട്ടുകൊടുക്കാന്‍ കോടതി തയ്യാറാകാതിരുന്നത്.

2021 സെപ്റ്റംബര്‍ മുതല്‍ ബെര്‍ലിനിലെ കെയര്‍ഹോമിലാണ് കുട്ടി  കഴിയുന്നത്. കുട്ടി ലൈംഗികാതിക്രമത്തിനു ഇരയായി എന്നാരോപിച്ചാണ് ജര്‍മന്‍ അധികൃതര്‍ കുട്ടിയെ പ്രത്യേക സംരക്ഷണത്തിലാക്കിയത്. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ഭാവേഷ് ഷായും ഭാര്യ ധാരയും 2018-ലാണ് മുംബൈയില്‍ നിന്ന് ജര്‍മനിയിലേക്ക് ജോലിക്ക് പോയത്. ജര്‍മനിയിലാണ് അരിഹയുടെ ജനനം. കളിക്കുന്നതിനിടെ കുട്ടി വീണ് സ്വകാര്യ ഭാഗത്ത് ചെറിയ പരുക്കേറ്റു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു എന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

Advertising
Advertising

മുറിവ് പരിശോധിച്ചപ്പോള്‍ ലൈംഗികാതിക്രമം നടന്നതായി സൂചനകളുണ്ടെന്ന് കാണിച്ചാണ് ഡോക്ടര്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്ന് കുട്ടിയെ ജര്‍മന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും  വിശദ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ശേഷം ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് തെളിഞ്ഞു.  മാതാപിതാക്കള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കുറ്റം പോലീസ് ഒഴിവാകുകയും കേസ് പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാൽ  കുട്ടിയെ മാതാപിതാക്കൾക്ക് വിട്ടുകൊടുക്കാന്‍ അധികൃതര്‍ തയാറായില്ല. കുട്ടിയുടെ സുരക്ഷ സംബന്ധിച്ച് വീഴ്ച്ച നടന്നിട്ടുണ്ടെന്നാണ് അധികൃതര്‍ പറഞ്ഞത്. ഇതോടെയാണ് മാതാപിതാക്കളുടെ  ഹര്‍ജി കോടതി തള്ളിയത്.

"ഇന്ത്യന്‍ സര്‍ക്കാരില്‍ വിശ്വാസമുണ്ട്. പ്രധാന മന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും കുട്ടിയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു എന്നും" കോടതി വിധിക്ക് ശേഷം മാതാപിതാക്കൾ  പറഞ്ഞു. കുട്ടിയെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് 19 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 59 എംപിമാര്‍ ഇന്ത്യയിലെ ജര്‍മന്‍ അംബാസഡര്‍ ഡോ ഫിലിപ്പ് അക്കര്‍മാന് കത്തെഴുതുകയും ചെയ്തിരുന്നു.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News