അമ്മേ..നിങ്ങള്‍ ലോകത്തിലെ ഏറ്റവും നല്ല അമ്മയാണ്, നമുക്ക് സ്വര്‍ഗത്തില്‍ വച്ചു കാണാം; യുദ്ധത്തില്‍ കൊല്ലപ്പെട്ട മാതാവിന് ഒമ്പതു വയസുകാരിയുടെ കത്ത്
യുക്രൈന്‍ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് ആന്‍റണ്‍ ഗെരാഷ്‌ചെങ്കോയാണ് ഡയറിയില്‍ കൈപ്പടയിലെഴുതിയ കത്ത് പങ്കുവച്ചത്
യുക്രൈന്‍: നൊമ്പരമുണര്‍ത്തുന്ന, ഹൃദയം തകര്‍ക്കുന്ന കാഴ്ചകളാണ് യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്നും ഓരോ നിമിഷവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മനസാക്ഷിയെ മരവിപ്പിക്കുന്ന ദൃശ്യങ്ങള്‍, ഒരിക്കലും മാഞ്ഞുപോകാത്ത നിലവിളികള്‍...യുക്രൈന്‍ ലോകത്തിന്‍റെ കണ്ണീരായി മാറിയിരിക്കുകയാണ്.
റഷ്യൻ അധിനിവേശം യുക്രൈനിലെ നിരവധി നഗരങ്ങളെ തകർത്തു. ഭയാനകമായ ദൃശ്യങ്ങളും ഫോട്ടോകളും അത് തെളിയിക്കുന്നു. വീടും ജോലിയും തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലും ഉപേക്ഷിച്ച് എവിടെയോ അഭയം തേടാന്‍ പലരും നിര്‍ബന്ധിതരായി. നിരവധി കുട്ടികള്‍ അനാഥരായി..റഷ്യയുടെ ക്രൂരതയുടെ ലിസ്റ്റ് ഇങ്ങനെ നീണ്ടുപോവുകയാണ്. അത്തരം ഭയാനകമായ കഥകൾക്കിടയിൽ, യുക്രൈനിലെ ബോറോദ്യങ്കയിൽ നിന്നുള്ള 9 വയസുകാരി എഴുതിയ ഹൃദയസ്പർശിയായ ഒരു കത്ത് സോഷ്യല്‍മീഡിയയെ ആകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. യുക്രൈന്‍ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് ആന്‍റണ്‍ ഗെരാഷ്‌ചെങ്കോയാണ് ഡയറിയില്‍ കൈപ്പടയിലെഴുതിയ കത്ത് പങ്കുവച്ചത്. ''അമ്മേ നിങ്ങളാണ് ലോകത്തിലെ ഏറ്റവും മികച്ച അമ്മ. ഞാനൊരിക്കലും നിങ്ങളെ മറക്കില്ല. നിങ്ങൾ സ്വർഗത്തിൽ എത്തണമെന്നും അവിടെ സന്തോഷവതിയായിരിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു. ഒരു നല്ല മനുഷ്യനാകാനും സ്വർഗത്തിൽ എത്താനും ഞാൻ പരമാവധി ശ്രമിക്കും. സ്വർഗത്തില്‍ വച്ചു നമുക്ക് കാണാം'' എന്നാണ് അകാലത്തില്‍ പിരിഞ്ഞുപോയ അമ്മക്കെഴുതിയ കത്തില്‍ കുറിച്ചത്.കത്ത് കണ്ടവര്‍ പെണ്‍കുട്ടിയെ ആശ്വസിപ്പിക്കുകയും തീര്‍ച്ചയായും അമ്മ സ്വര്‍ഗത്തിലെത്തുമെന്ന് കുറിക്കുകയും ചെയ്തു.