'അമേരിക്കന്‍ വനിതാ വിമോചന പ്രസ്ഥാനത്തിന്റെ പോരാട്ട വീര്യം'; ഗ്ലോറിയ സ്‌റ്റൈനിം അന്തരിച്ചു

1960കളിലും 70കളിലുമായി ഉയര്‍ന്നുവന്ന രണ്ടാം തരംഗ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ നെടുംതൂണായിരുന്നു ഗ്ലോറിയ

Update: 2026-09-04 03:05 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ വനിതാ വിമോചന പ്രസ്ഥാനത്തിന്റെ മുന്‍നിര പോരാളിയായിരുന്ന ഗ്ലോറിയ മേരി സ്‌റ്റൈനിം (92) അന്തരിച്ചു. ന്യൂയോര്‍ക്കിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സെപ്റ്റംബർ രണ്ടിനായിരുന്നു മരണം.

1960കളിലും 70കളിലുമായി ഉയര്‍ന്നുവന്ന രണ്ടാം തരംഗ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ നെടുംതൂണായിരുന്നു ഗ്ലോറിയ. മാധ്യമപ്രവര്‍ത്തകയായി കരിയര്‍ ആരംഭിച്ച ഗ്ലോറിയ, 1972ല്‍ പ്രശസ്തമായ Ms. Magazine സ്ഥാപിച്ചു.

ലെറ്റി കോട്ടിന്‍ പോഗ്രെബിന്‍, മേരി തോം, പട്രീഷ്യ കാര്‍ബൈന്‍, ജോവാന്‍ എഡ്ഗര്‍, നീന ഫിങ്കല്‍സ്‌റ്റൈന്‍, ഡൊറോത്തി പിറ്റ്മാന്‍ ഹ്യൂസ്, മേരി പീക്കോക്ക് എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് ഗ്ലോറിയ Ms. Magazine സ്ഥാപിച്ചത്.

Advertising
Advertising

ഇതേ മാഗസിനില്‍ പ്രസിദ്ധീകരിച്ച 'പുരുഷന്മാര്‍ക്ക് ആര്‍ത്തവമുണ്ടായല്ലോ' എന്ന ഗ്ലോറിയയുടെ ആക്ഷേപഹാസ്യ ലേഖനവും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരുന്നു.

'പെട്ടെന്നൊരു ദിവസം പുരുഷന്മാര്‍ക്ക് ആര്‍ത്തവമുണ്ടായാല്‍ അതൊരു സംഭവമായേനെ... ആര്‍ത്തവത്തെ കുറിച്ച് അവര്‍ പൊങ്ങച്ചം പറഞ്ഞേനെ... ഞാനൊരു ആണ്‍കുട്ടി തന്നെയെന്ന് ആത്മാഭിമാനം കൊണ്ടേനെ... ഒരുപക്ഷേ ആര്‍ത്തവമുള്ള പുരുഷന്മാര്‍ക്ക് വേണ്ടി പാര്‍ലമെന്റില്‍ നിയമം വരെ പാസാക്കിയേനെ..,' എന്നിങ്ങനെയായിരുന്നു ലേഖനത്തിലെ വാക്കുകള്‍.


1972ല്‍ നാഷണല്‍ പ്രസ് ക്ലബില്‍ പ്രസംഗിക്കുന്ന ആദ്യ വനിതയാകാനും ഗ്ലോറിയക്ക് സാധിച്ചു. ന്യൂയോര്‍ക്ക് മാഗസിനിലെ കോളമിസ്റ്റുമായിരുന്നു സ്‌റ്റൈനിം. 1963ല്‍ പ്ലേബോയ് ക്ലബ്ബില്‍ രഹസ്യമായി ജോലി ചെയ്തുകൊണ്ട് അവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ ലോകശ്രദ്ധ പിടിച്ചുപറ്റി.

അവിടുത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന മോശം തൊഴില്‍ സാഹചര്യങ്ങളെ കുറിച്ചായിരുന്നു ഗ്ലോറിയ അന്വേഷണം നടത്തിയത്. പ്രത്യുല്പാദന അവകാശങ്ങള്‍ക്ക് വേണ്ടിയും അവര്‍ ശബ്ദമുയര്‍ത്തി. 1984ല്‍ ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തിനെതിരെ പോരാടിയ ഗ്ലോറിയ അറസ്റ്റിനും വിധേയായി.

ഗാന്ധിയന്‍ ആശയങ്ങളില്‍ വിശ്വസിച്ചിരുന്ന വ്യക്തി കൂടിയാണ് ഗ്ലോറിയ. കോളജ് പഠനത്തിന് ശേഷം രണ്ട് വര്‍ഷത്തോളം അവര്‍ ഇന്ത്യയില്‍ ചെലവഴിച്ചിരുന്നു. ഗാന്ധിയന്‍ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാകുകയും ചെയ്തു.


ഇന്ത്യയിലെ ലൈംഗിക കടത്തിനെതിരെ രുചിത ഗുപ്ത സ്ഥാപിച്ച 'അപ്നെ ആപ് വിമന്‍ വേള്‍ഡ്‌വൈഡ്' എന്ന സംഘടനയുടെ ഉപദേശകസമിതി അധ്യക്ഷ കൂടിയായിരുന്നു അവര്‍. 2013ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികളില്‍ ഒന്നായ 'പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം' നല്‍കി ആദരിച്ചു.

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - രാഗേന്ദു​ പി.ആർ

contributor

Web Journalist

Similar News