ഹിന്ദുക്കൾ കാനഡ വിട്ട് ഇന്ത്യയിലേക്ക് പോവണം; ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഇന്ത്യയും കാനഡയും തമ്മിലുള്ള വൻ നയതന്ത്ര തർക്കത്തിനിടെയാണ് ഗുർപത്വന്ത് സിങ്ങിന്റെ ഭീഷണി.

Update: 2023-09-20 16:00 GMT
Advertising

ഒട്ടാവ: ഖലിസ്ഥാൻ വിഘടനവാദി നേതാവ്‌ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിന് പിന്നാലെ കാനഡയിലെ ഹിന്ദുക്കൾക്കെതിരെ ഭീഷണി മുഴക്കി ഖലിസ്ഥാൻ നേതാവ്. ഇന്തോ- കനേഡിയൻ ഹിന്ദുക്കൾ രാജ്യം വിട്ട് ഇന്ത്യയിലേക്ക് മടങ്ങണമെന്ന് നിരോധിത ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) നേതാവ് ഗുർപത്വന്ത് സിങ് പന്നൂൻ ആവശ്യപ്പെട്ടു.

ഇന്ത്യയും കാനഡയും തമ്മിലുള്ള വൻ നയതന്ത്ര തർക്കത്തിനിടെയാണ് ഗുർപത്വന്ത് സിങ്ങിന്റെ ഭീഷണി. 'ഇന്തോ- കനേഡിയൻ ഹിന്ദുക്കളേ, നിങ്ങൾ കാനഡയോടും കനേഡിയൻ ഭരണഘടനയോടുമുള്ള കൂറ് ഇല്ലാതാക്കി. നിങ്ങളുടെ സ്ഥലം ഇന്ത്യയാണ്. കാനഡ വിടൂ, ഇന്ത്യയിലേക്ക് പോകൂ'- ഒരു വീഡിയോ സന്ദേശത്തിലൂടെ പന്നൂൻ പറഞ്ഞു.

'ഖാലിസ്ഥാൻ അനുകൂല സിഖുകാർ എപ്പോഴും കാനഡയോട് വിശ്വസ്തത പുലർത്തിയവരായിരുന്നു. അവർ എപ്പോഴും കാനഡയുടെ പക്ഷത്തായിരുന്നു. അവർ എപ്പോഴും നിയമങ്ങളും ഭരണഘടനയും ഉയർത്തിപ്പിടിച്ചിട്ടുണ്ട്'- പന്നൂൻ പറഞ്ഞു. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് ഉത്തരവാദി ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമയാണെങ്കിൽ അയാൾക്കെതിരെ വോട്ടുചെയ്യാൻ ഒക്ടോബർ 29 ന് എല്ലാ കനേഡിയൻ സിഖുകാരും വാൻകൂവറിൽ ഒത്തുകൂടണമെന്നും പന്നൂൻ വീഡിയോയിൽ ആവശ്യപ്പെട്ടു.

ഖാലിസ്ഥാനി സംഘടനകൾ മുമ്പും കാനഡയിൽ റഫറണ്ടം സംഘടിപ്പിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ഇന്ത്യ ആവർത്തിച്ച് ആശങ്ക പ്രകടിപ്പിക്കുകയും കാനഡയോട് ഇക്കാര്യം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ഖാലിസ്ഥാനികൾ ഇന്ത്യൻ നയതന്ത്രജ്ഞരെയും നേതാക്കളെയും പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഒരാഴ്ച മുമ്പ്, കാനഡയിൽ നടന്ന ഒരു സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, മറ്റ് ഉന്നത നേതാക്കൾ എന്നിവർക്കെതിരെ ഗുർപത്വന്ത് സിങ് ഭീഷണി മുഴക്കിയിരുന്നു. ജി 20 രാജ്യങ്ങൾ, സെപ്തംബർ 10ന് ഡൽഹിയിൽ യോഗം ചേരുമ്പോൾ, തങ്ങൾ കാനഡയിൽ ഖലിസ്ഥാൻ ഹിതപരിശോധന സംഘടിപ്പിക്കുമെന്നും പന്നൂൻ പറഞ്ഞിരുന്നു.

അതേസമയം, ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിൽ കാനഡയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി വിദേശകാര്യമന്ത്രാലയം രം​ഗത്തെത്തിയിരുന്നു. പ്രതിഷേധമുണ്ടായ സ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും ഇന്ത്യക്കാർ ഹൈക്കമ്മീഷന്റെ വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദേശമുണ്ട്.

നേരത്തെ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന സംശയത്തിന്റെ പേരിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധി പവൻ കുമാർ റായിയെ കാനഡ പുറത്താക്കിയിരുന്നു. ഇതിൽ തിരിച്ചടിച്ച് കനേഡിയൻ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി. കനേഡിയൻ ഹൈക്കമ്മീഷണർ കാമറൂൺ മക്കയിയെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം നടപടി അറിയിച്ചത്. അഞ്ച് ദിവസത്തിനകം ഇന്ത്യ വിടാനും കനേഡിയൻ നയതന്ത്ര പ്രതിനിധിക്ക് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

ഹർദീപ് സിങ് നിജ്ജറിന്റെ മരണത്തിനു പിന്നിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുള്ളതായി വിശ്വസനീയമായ വിവരമുണ്ടെന്നാണ് പാര്‍ലമെന്റിന്റെ അടിയന്തര സമ്മേളനത്തില്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞത്. എന്നാൽ ആരോപണം തളളി ഇന്ത്യ രം​ഗത്തെത്തിയിരുന്നു. നിജ്ജറിന്റെ കൊലപാതകവുമായി ഇന്ത്യയ്ക്ക് പങ്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അസംബന്ധവുമാണെന്നും കാനഡ ഖാലിസ്താൻ വാദികൾക്ക് താവളമൊരുക്കുകയണെന്നും ഇന്ത്യ തിരിച്ചടിച്ചു.

ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളായ 40 ഭീകരരുടെ പട്ടികയിൽപെടുത്തുകയും ചെയ്ത ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകമാണ് ഇന്ത്യ– കാനഡ ബന്ധം ഇത്രമേൽ വഷളാക്കിയത്. ജൂൺ 18നാണ് ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായ നിജ്ജർ കൊല്ലപ്പെട്ടത്. കാനഡ–യുഎസ് അതിർത്തിയിലെ സറെയിൽ ഗുരുനാനാക് സിഖ് ഗുരുദ്വാര സാഹിബിനു പുറത്തു നിർത്തിയിട്ടിരുന്ന കാറിൽ തലയ്ക്കു വെടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് അജ്ഞാതരാണ് വെടിവച്ചതെന്നും ഹർദീപ് തൽക്ഷണം മരിച്ചെന്നുമാണ് റിപ്പോർട്ട്.





Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News