ഗസ്സയിൽ വെടിനിർത്തലിന് സാധ്യത തെളിയുന്നു; ചർച്ച പുനരാരംഭിച്ചതായി ഹമാസ്
കമാൽ അദ്വാൻ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 30ഓളം പേർ കൊല്ലപ്പെട്ടു
ഇസ്താംബൂൾ: ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് ഹമാസ്, ഇസ്രായേൽ എന്നിവരുമായി മധ്യസ്ഥ രാജ്യങ്ങൾ ചർച്ച പുനരാരംഭിച്ചതായി മുതിർന്ന ഹമാസ് നേതാവ് ബസ്സാം നയീം. 14 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ അടുത്തെത്തിയിരിക്കുകയാണെന്നും അദ്ദേഹം ഇസ്താംബൂളിൽ വ്യക്തമാക്കി.
ശാശ്വത വെടിനിർത്തൽ, ഇസ്രായേൽ സേനയുടെ പൂർണപിന്മാറ്റം, ഗസ്സയിൽനിന്ന് പലായനം ചെയ്തവരെ തിരിച്ചുവരാൻ അനുവദിക്കുക തുടങ്ങിയ ഹമാസ് നേരത്തേ മുന്നോട്ടുവെച്ച സുപ്രധാന ആവശ്യങ്ങളിൽ ഉറച്ചുനിൽക്കും. എന്നാൽ, ഗസ്സയിൽനിന്ന് ഇസ്രായേൽ സേന പിന്മാറേണ്ടതിന്റെ സമയക്രമത്തിൽ വിട്ടുവീഴ്ചക്ക് തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ വെടിനിർത്തൽ നിർദേശങ്ങളൊന്നും ഹമാസിന്റെ മുന്നിലില്ല. ഇസ്രായേലിന് ഉദ്ദേശ്യമുണ്ടെങ്കിൽ കരാറുണ്ടാക്കുക വെല്ലുവിളിയല്ല. ആത്യന്തികമായി ഫിലഡെൽഫിയ ഇടനാഴിയിൽനിന്ന് ഇസ്രായേൽ സേന പിന്മാറുകയും ഈജിപ്തുമായുള്ള റഫ അതിർത്തി അടിയന്തരമായി തുറക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെടിനിർത്തൽ യാഥാർഥ്യമായാൽ ഗസ്സ ഭരണം സംബന്ധിച്ച് ഫതഹുമായി ഹമാസ് പരസ്പര ധാരണയിലെത്തിയിട്ടുണ്ട്. ഗസ്സ ഭരണം ഉപേക്ഷിക്കാൻ ഹമാസ് തയാറാണ്. എന്നാൽ, ഇസ്രായേൽ അധിനിവേശത്തിനെതിരായ പ്രതിരോധം അവസാനിപ്പിക്കില്ല. അധിനിവേശം ഏതുവിധേനയും ചെറുക്കാൻ ഫലസ്തീനികൾക്ക് അവകാശമുണ്ടെന്നും നയീം കൂട്ടിച്ചേർത്തു.
യു.എസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി എന്നിവരുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് വെടിനിർത്തൽ ചർച്ചകൾക്ക് വീണ്ടും ജീവൻ വെച്ചത്. വെടിനിർത്തൽ ഉറപ്പാക്കുക, ട്രംപ് പ്രസിഡൻറായി സ്ഥാനാരോഹണം ചെയ്യും മുമ്പ് ബന്ദികളെ മോചിപ്പിക്കുക എന്നീ കാര്യങ്ങളിലാണ് വിറ്റ്കോഫ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
കൂട്ടക്കൊല തുടർന്ന് ഇസ്രായേൽ
ചർച്ചകൾ തുടരുേമ്പാഴും ഇസ്രായേൽ ഗസ്സയിൽ കൂട്ടക്കൊല തുടരുകയാണ്. തെക്കൻ ഗസ്സയിലെ നുസൈറത് അഭയാർഥി ക്യാമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇത് കൂടാതെ വടക്കൻ ഗസ്സയിൽ കമാൽ അദ്വാൻ ആശുപത്രിക്ക് നേരെ നടത്തിയ ആക്രമണത്തിൽ 30ഓളം പേർ കൊല്ലപ്പെട്ടു. ആശുപത്രി ജീവനക്കാരും രോഗികളുമാണ് കൊല്ലപ്പെട്ടവരിലധികവും.
വടക്കൻ ഗസ്സയിൽ പ്രവർത്തിക്കുന്ന അപൂർവം ആശുപത്രികളിലൊന്നയിരുന്നു ഇത്. ഇവിടെ പ്രവർത്തിച്ചിരുന്ന ഇന്തോന്യേഷ്യൻ മെഡിക്കൽ പ്രതിനിധി സംഘത്തെയും ഇസ്രായേൽ സൈന്യം പുറത്താക്കിയിട്ടുണ്ട്.
ആശുപത്രികൾക്ക് നേരെയുള്ള ആക്രമണം തടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 36 ആശുപത്രികളിൽ 17 എണ്ണം മാത്രമാണ് ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നത്. ആരോഗ്യ സംവിധാനങ്ങളുടെയും മരുന്നുകളുടെയും ഇന്ധനത്തിെൻറയും അഭാവം ആശുപത്രികളുടെ പ്രവർത്തനത്തെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്.
ഇസ്രായേൽ ആക്രമണത്തിൽ 44,600 പേരാണ് ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം 1,06,000 ആയി.