തിരിച്ചടിച്ച് ഹിസ്ബുല്ല; ഇസ്രായേലിൽ അടിയന്തരാവസ്ഥ; മുന്നറിയിപ്പ് സൈറൻ മുഴക്കി സൈന്യം

ലബനാനിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 492 ആയി.

Update: 2024-09-24 01:35 GMT

ബെയ്റൂത്ത്: ലബനാനിൽ 492ലേറെ പേർ കൊല്ലപ്പെട്ട വ്യോമാക്രമണത്തിന് ഇസ്രായേലിന് തിരിച്ചടിയുമായി ഹിസ്ബുല്ല. വടക്കൻ ഇസ്രായേലിലെ പ്രധാന നഗരമായ ഹൈഫയിലേക്ക് നിരവധി റോക്കറ്റുകൾ തൊടുത്തു. ഹൈഫയിലെ ഇസ്രായേൽ സൈനിക വ്യവസായ സമുച്ചയത്തിന് നേരെയടക്കമാണ് ഹിസ്ബുല്ല റോക്കറ്റ് വിക്ഷേപിച്ചതെന്ന് വാർത്താ ഏജൻസിയായ അനഡോലു റിപ്പോർട്ട് ചെയ്യുന്നു.

ഇത് രണ്ടാം തവണയാണ് ഹിസ്ബുല്ല ഹൈഫയിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത്. ഞായറാഴ്ചയും നഗരത്തിന് നേരെ മിസൈലുകൾ തൊടുത്തുവിട്ടിരുന്നു. ഹൈഫയ്ക്ക് വടക്കുള്ള റാഫേൽ ഇലക്ട്രോണിക്സ് കമ്പനിയിലും നോർത്തേൺ കോർപ്സിൻ്റെ റിസർവ് ആസ്ഥാനത്തും അമിയാദ് ക്യാമ്പിലെ ഗലീലി ഫോർമേഷന്റെ ലോജിസ്റ്റിക്സ് ബേസിലും ഡസൻ കണക്കിന് റോക്കറ്റുകൾ വിക്ഷേപിച്ചതായി ഹിസ്ബുല്ല പറഞ്ഞു.

Advertising
Advertising

റോക്കറ്റുകൾ പതിച്ച സാഹചര്യത്തിൽ ഹൈഫയിലടക്കം ഇസ്രായേൽ മുന്നറിയിപ്പ് സൈറൻ മുഴക്കി. ഹിസ്ബുല്ല റോക്കറ്റ് ആക്രമണം വ്യാപിപ്പിച്ചതിനാൽ വടക്കൻ ഇസ്രായേലിലുടനീളവും അധിനിവേശ വെസ്റ്റ് ബാങ്കിൻ്റെ വടക്കൻ ഭാഗത്തും മുന്നറിയിപ്പ് സൈറൻ മുഴക്കിയതായി സൈന്യം അറിയിച്ചു.

യുദ്ധഭീതിയിൽ ആളുകൾ ബങ്കറിലേക്കും മറ്റും ഓടിയൊളിക്കുകയാണ്. തിങ്കളാഴ്ച വൈകുന്നേരം സൈറൻ മുഴങ്ങിയതിനാൽ ഹൈഫയിലെ താമസക്കാർ അഭയം തേടി ഓടിയതായി എഎഫ്‌പി മാധ്യമപ്രവർത്തകൻ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിൻ്റെ വടക്കൻ ഭാഗങ്ങളിൽ 180ഓളം പ്രൊജക്‌ടൈലുകളും ഒരു ഡ്രോണും ഇസ്രായേൽ വ്യോമാതിർത്തിയിലേക്ക് കടന്നതായി സൈന്യം അറിയിച്ചു. ആക്രമണ സാധ്യത മുന്നിൽക്കണ്ട് ഇസ്രായേലിൽ ഒരാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണകൂടം. സെപ്തംബർ 30 വരെയാണ് രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അതേസമയം, ഹിസ്ബുല്ലയുടെ മുതിർന്ന കമാൻഡർ അലി കറാകി കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വധശ്രമം പരാജയപ്പെട്ടെന്ന് ലബനാൻ മാധ്യമങ്ങൾ വ്യക്തമാക്കുന്നു. ഹിസ്ബുല്ല സൈനിക നേതൃത്വനിരയിലെ മൂന്നാമത്തെ വ്യക്തിയാണ് അലി കറാകി. ആദ്യ റാങ്കിലുള്ള ഫുആദ് ഷുക്കൂറിനേയും രണ്ടാമനായ ഇബ്രാഹിം ആഖിലിനേയും ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു. ഇപ്പോൾ അലി കറാകിയെയും കൊലപ്പെടുത്തിയെന്നാണ് അവകാശവാദം. എന്നാൽ ഇത് തള്ളുകയാണ് ഹിസ്ബുല്ല.

2006നു ശേഷം ഏറ്റവുമധികം ആളുകൾ ലബനാനിൽ കൊല്ലപ്പെട്ട ദിവസമായിരുന്ന തിങ്കളാഴ്ച. രാവിലെ മുതൽ കിഴക്കൻ, തെക്കൻ ലബനാനിൽ ആരംഭിച്ച വ്യോമാക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 492 ആയെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. 1200ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 24 പേർ കുട്ടികളും 42 പേർ സ്ത്രീകളുമാണെന്ന് ലബനാൻ ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ജനവാസകേന്ദ്രങ്ങളിലാണ് ഇസ്രായേൽ ബോംബിട്ടത്.

ഗസ്സയിലേതിനു സമാനമായി ലബനാനിലും സാധാരണക്കാർക്കു നേരെയാണ് ഇസ്രായേലി‍ന്റെ ആക്രമണം. വീടുകൾക്കും ആരോ​ഗ്യകേന്ദ്രങ്ങൾക്കും വ്യാപാര- താമസ കെട്ടിടങ്ങൾക്കും നേരെയാണ് ഇസ്രായേൽ സേന ആക്രമണം അഴിച്ചുവിടുന്നത്. പരിക്കേറ്റവരെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുന്ന ആബുലൻസുകളെ പോലും ഇസ്രായേൽ സൈന്യം വെറുതിവിടുന്നില്ലെന്നും ആക്രമണം ഭയന്ന് വാഹനങ്ങളിൽ കയറി രക്ഷപെടുന്നവരെയും ആക്രമിക്കുകയാണെന്നും ആരോ​ഗ്യമന്ത്രി ഫിറാസ് അബ്‌യാദ്‌ പറഞ്ഞു.

നേരത്തെ വടക്കൻ ഇസ്രായേൽ മേഖലയിൽ ലബനാനുമായി അതിർത്തി പങ്കിടുന്ന ഭാഗത്തുമാത്രമായിരുന്നു ആക്രമണമെങ്കിൽ തിങ്കളാഴ്ച വ്യാപക ആക്രമണമാണ് ഇസ്രായേൽ നടത്തിയത്. ലബനനിലുടനീളം 1000ലധികം സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഹിസ്ബുല്ലയ്ക്കു നേരെയാണ് ആക്രമണം എന്നാണ് ഇസ്രായേൽ വാദമെങ്കിലും ഇരയാകുന്നവർ സാധാരണക്കാരാണ്. അതേസമയം, വീടുകളും മറ്റ് കെട്ടിടങ്ങളും ഉടൻ ഒഴിയണമെന്ന് ഇസ്രായേലി ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ലെബനനിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. 



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News