ഹിന്ദു ക്ഷേത്രം തകർത്ത കേസില്‍ 22 പേർക്ക് തടവുശിക്ഷ വിധിച്ച് പാക് കോടതി

പാക് സുപ്രീംകോടതി ഉത്തരവു പ്രകാരം ഭരണകൂടം ക്ഷേത്രം പുനർനിർമിക്കുകയും പ്രതികളിൽനിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു

Update: 2022-05-12 13:46 GMT
Editor : Shaheer | By : Web Desk

ഇസ്‌ലാമാബാദ്: ഏറെ കോളിളക്കം സൃഷ്ടിച്ച ഹിന്ദു ക്ഷേത്ര ആക്രമണക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് പാകിസ്താൻ കോടതി. പ്രതികളായ 22 പേർക്ക് അഞ്ചുവർഷം വീതം തടവുശിക്ഷ വിധിച്ചു. പാകിസ്താൻ ഭീകരവാദ വിരുദ്ധ കോടതി(എ.ടി.സി)യുടേതാണ് ഉത്തരവ്.

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ 2021 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലാഹോറിൽനിന്ന് 590 കി.മീറ്റർ അകലെയുള്ള റഹീം യാർ ഖാൽ ജില്ലയിലെ ബോങ്ങിലുള്ള ഗണേഷ് മന്ദിരാണ് ഒരു സംഘം ചേർന്ന് ആക്രമിച്ചത്. സ്ഥലത്തെ ഒരു മദ്രസ എട്ടുവയസുകാരനായ ഹിന്ദു ബാലൻ വൃത്തികേടാക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

Advertising
Advertising

ആയുധങ്ങളും വടികളുമായി സംഘടിച്ചെത്തിയ ആൾക്കൂട്ടം ക്ഷേത്രപരിസരത്ത് വിന്യസിക്കപ്പെട്ടിരുന്ന പൊലീസിനെ ആക്രമിച്ചു. തുടർന്നാണ് ക്ഷേത്രത്തിനുനേരെ തിരിഞ്ഞത്. അക്രമികൾ ക്ഷേത്രത്തിന്റെ ഒരു ഭാഗത്തിന് തീയിടുകയും അകത്തുണ്ടായിരുന്ന പ്രതിമകളും അലങ്കാര വിളക്കുകളും വാതിലുകളുമെല്ലാം തകർക്കുകയും ചെയ്തു.

84 പേർ അറസ്റ്റിലായ കേസിൽ 2021 സെപ്റ്റംബറിൽ ആരംഭിച്ച വിചാരണ കഴിഞ്ഞയാഴ്ചയാണ് അവസാനിച്ചത്. ഇന്നലെയാണ് പഞ്ചാബിലെ ബഹാവൽപൂരിലെ എ.ടി.സി കോടതി ജഡ്ജി നാസിർ ഹുസൈൻ കുറ്റക്കാരെന്നു കണ്ടെത്തിയ 22 പേർക്ക് തടവുശിക്ഷ വിധിച്ചത്. സംശയത്തിന്റെ ആനുകൂല്യം നൽകി 62 പേരെ വെറുതെവിടുകയും ചെയ്തു. വിധി പറയുന്നതിനു മുൻപ് കനത്ത സുരക്ഷയിൽ മുഴുവൻ കുറ്റാരോപിതരും ബഹാവൽപൂരിലെ കോടതിയിൽ ഹാജരാക്കിയിരുന്നു.

നേരത്തെ, പാക് സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം കുറ്റവാളികളിൽനിന്ന് പത്തു ലക്ഷം പാകിസ്താൻ രൂപ(ഏകദേശം 4,10,397 രൂപ) സർക്കാർ പിഴയായി പിടിച്ചെടുത്തിരുന്നു. കോടതി ഉത്തരവുപ്രകാരം ക്ഷേത്രം പുനർനിർമിക്കുകയും ചെയ്തു. സംഭവം രാജ്യത്തിന് നാണക്കേടായെന്ന് അന്നത്തെ പാക് സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ഗുൽസാർ അഹ്‌മദ് വ്യക്തമാക്കി. ആക്രമണത്തിൽ ഇടപെടാതെ പൊലീസ് നോക്കിനിന്നതിനെയും ചീഫ് ജസ്റ്റിസ് വിമർശിച്ചു. ആക്രമണത്തിനെതിരെ പാക് പാർലമെന്റ് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

Summary: 22 people get five-year jail term each for vandalizing Hindu temple in Pakistan's Punjab province

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News