സ്റ്റോക്ക്ഹോം: സ്വീഡനില്‍ പുതുവത്സരാഘോഷങ്ങള്‍ റദ്ദാക്കി ഗസ്സക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് റാലി. തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ ബുധനാഴ്ച വൈകീട്ട് നടന്ന റാലിയില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.
വിവിധ സിവിൽ സൊസൈറ്റി സംഘടനകളുടെ ആഹ്വാനപ്രകാരമാണ് പുതുവത്സരാഘേഷങ്ങള്‍ ഒഴിവാക്കി ഗസ്സക്കായി ഇവര്‍ റാലി നടത്തിയത്. ഇസ്രായേൽ കൊലപ്പെടുത്തിയ കുട്ടികളെയും സാധാരണക്കാരെയുമെക്കെ ഓര്‍ക്കാനും ഗസ്സയ്ക്കായി ശബ്ദമുയര്‍ത്താനും വേണ്ടിയാണ് പ്രതിഷേധക്കാർ സെഗൽസ് ടോർഗ് സ്ക്വയറിൽ(Segels Torg Square) കനത്ത ശൈത്യത്തെ അവഗണിച്ചും എത്തിയത്.
ഫലസ്തീൻ പതാകകൾ വീശിയും പന്തം കൊളുത്തിയും പ്രകടനക്കാർ സ്വീഡിഷ് പാർലമെന്റിലേക്കും റാലി നടത്തി. ''ഗസ്സയില്‍ കുട്ടികൾ കൊല്ലപ്പെടുന്നു, സ്കൂളുകളും ആശുപത്രികളും തകര്‍ക്കപ്പെടുന്നു, വെടിനിർത്തൽ കരാര്‍ പാലിക്കുക, ഭക്ഷ്യക്ഷാമം അവസാനിപ്പിക്കുക" എന്നിങ്ങനെ എഴുതിയ ബാനറുകളും റാലിയില്‍ ഉയര്‍ന്നു. ഗസ്സയിലെ ഇസ്രായേൽ വംശഹത്യ അവസാനിപ്പിക്കണമെന്നും ഇസ്രായേലിനുള്ള ആയുധ വിൽപ്പന നിർത്താൻ സ്വീഡന്‍ തയ്യാറാവണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
'ഫലസ്തീനിലെ കൂട്ട മരണങ്ങളെയും ഉപരോധങ്ങളെയും ഈ സംഭവങ്ങളോടുള്ള ലോക രാജ്യങ്ങളുടെ മൗനത്തേയും ഞങ്ങൾക്ക് കാണാതിരിക്കാനാവില്ല. അനീതിക്ക് നേരെ കണ്ണടച്ച് ഒരു പുതുവർഷം ആരംഭിക്കാൻ ഞങ്ങള്‍ക്ക് താല്‍പര്യവുമില്ല'- പ്രതിഷേധം നടത്തിയ സംഘടനകളുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. 'ലോകം പുതുവർഷത്തിലേക്ക് കടക്കുമ്പോൾ, ഫലസ്തീനിൽ വംശഹത്യ തുടരുകയാണ്. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും, ഫലസ്തീനികൾ കൊല്ലപ്പെടുന്നു, ഉപരോധം തുടരുന്നു, ടെന്റുകളിൽ അഭയമില്ലാതെ ആളുകൾ മരവിച്ച് മരിക്കുന്നു'- പ്രസ്താവനയില്‍ പറയുന്നു.
അതേസമയം ഗസ്സക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തുര്‍ക്കിയിലെ പ്രധാന നഗരമായ ഇസ്താംബൂളിലും കൂറ്റന്‍ റാലി നടന്നു. ഗസ്സയിലെ ഇസ്രായേൽ വംശഹത്യയെ അപലപിച്ചും വെടിനിർത്തൽ ആശ്വാസം നൽകിയെന്ന അവകാശവാദങ്ങളെ തള്ളിപ്പറഞ്ഞും ലക്ഷക്കണക്കിനാളുകളാണ് വ്യാഴാഴ്ച നടന്ന മാര്‍ച്ചിലും പ്രതിഷേധത്തിലും പങ്കെടുത്തത്.