ഭീഷണി പരാമർശം: വനിതാ ജഡ്ജിയോട് നേരിട്ട് മാപ്പ് പറയാൻ കോടതിയിലെത്തി ഇമ്രാൻ ഖാൻ

സെഷൻസ് കോടതി ജഡ്ജ് സേബ ചൗധരിയോട് മാപ്പ് പറയാനാണ് മുൻ പ്രധാനമന്ത്രി നേരിട്ടെത്തിയത്.

Update: 2022-09-30 13:35 GMT
Advertising

ഇസ്‌ലാമാബാദ്‌: ഭീഷണി പരാമർശത്തിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വനിതാ ജഡ്ജിയോട് നേരിട്ട് മാപ്പ് പറയാൻ കോടതിയിലെത്തി. ഇസ്‌ലാമാബാദിലെ സെഷൻസ് കോടതിയിലാണ് ഖാൻ എത്തിയത്. ജുഡീഷ്യൽ മജിസ്ട്രേറ്റ് കൂടിയായ അഡീഷനൽ സെഷൻസ് കോടതി ജഡ്ജ് സേബ ചൗധരിയോട് മാപ്പ് പറയാനാണ് മുൻ പ്രധാനമന്ത്രി നേരിട്ടെത്തിയത്.

അഭിഭാഷകർക്കൊപ്പമാണ് ഇമ്രാൻ ഖാൻ കോടതിയിൽ ഹാജരായത്. എന്നാൽ, ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അവധിയിലാണെന്ന് കോടതി റീഡർ ചൗധരി യാസിർ അയാസും സ്റ്റെനോഗ്രാഫർ ഫാറൂഖും ഇമ്രാൻ ഖാനെ അറിയിച്ചതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. ഇതോടെ ഖാനും കൂട്ടരും മടങ്ങി.

വനിതാ ജഡ്ജിക്കെതിരായ വിവാദ പരാമര്‍ശം പിന്‍വലിക്കാന്‍ തയാറെന്ന് ആ​ഗസ്റ്റ് 31ന് ഇമ്രാന്‍ ഖാന്‍ പറ‍ഞ്ഞിരുന്നു. എന്നാൽ മാപ്പ് പറയുന്നതിനെ കുറിച്ച് അന്ന് പ്രതികരിക്കാതിരുന്ന ഇമ്രാൻ ഖാൻ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. സേബ ചൗധരി ഒരു ജുഡീഷ്യല്‍ ഓഫീസറായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഖാന്‍, ഇസ്‌ലാബാദ് ഹൈക്കോടതി അയച്ച കാരണംകാണിക്കൽ നോട്ടീസിന് നൽകിയ മറുപടിയിൽ പറഞ്ഞത്.

അതേസമയം, ജഡ്ജിക്കെതിരെ പൊതുപരിപാടിയിൽ ഭീഷണി പരാമർശം നടത്തിയ സംഭവത്തിൽ ഇമ്രാൻ ഖാനെതിരെ ചുമത്തിയ ഭീകരവാദ കുറ്റങ്ങൾ റദ്ദാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഖാനെതിരായ ആരോപണങ്ങൾ തീവ്രവാദ കുറ്റങ്ങൾ ചുമത്താൻ സാധിക്കുന്നവയല്ലെന്ന് നിരീക്ഷിച്ച് സെപ്തംബർ 19നായിരുന്നു ഇസ്‌ലാമാബാദ്‌ ഹൈക്കോടതിയുടെ ഉത്തരവ്.

ഇസ്‌ലാബാദില്‍ നടന്ന ഒരു റാലിക്കിടെ, രാജ്യദ്രോഹക്കുറ്റം ചുമത്തി ഇമ്രാന്‍ ഖാന്റെ സഹായി ഷഹബാസ് ഗില്ലിനെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത ഷഹബാസിനെ തലസ്ഥാന പൊലീസിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രണ്ട് ദിവസത്തേക്ക് റിമാന്‍ഡും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് ആ​ഗസ്റ്റ് 20ന് ഇമ്രാന്‍ ഖാന്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി സേബ ചൗധരിയെ ഭീഷണിപ്പെടുത്തിയത്.

'അവര്‍ക്കെതിരെ നടപടിയെടുക്കും. തയാറായിരിക്കൂ' എന്നായിരുന്നു ഇമ്രാന്‍ ഖാന്‍റെ ഭീഷണി. കൂടാതെ, ഷഹബാസിനോടുള്ള പെരുമാറ്റത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, വനിതാ മജിസ്ട്രേറ്റ്, പാക് തെരഞ്ഞെടുപ്പ് കമ്മീഷന്‍, രാഷ്ട്രീയ എതിരാളികള്‍ എന്നിവര്‍ക്കെതിരെ കേസ് കൊടുക്കുമെന്നും ഇമ്രാൻ ഭീഷണിപ്പെടുത്തി.

പ്രസംഗത്തില്‍ പൊലീസിനെയും ജുഡീഷ്യറിയെയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തിയതിന് 69കാരനായ ഇമ്രാനെതിരെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News