'ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റയും തമ്മിലുള്ള വിവാഹം ഇസ്‌ലാമിക വിരുദ്ധം'; നിക്കാഹ് നടത്തിയ മുഫ്തി കോടതിയില്‍

ഇമ്രാൻ ഖാനുമായി അടുത്ത ബന്ധമുണ്ടായിരുന്ന മുഫ്തി മുഹമ്മദ് സഈദാണ് നിക്കാഹിന്റെ വിശദാംശങ്ങൾ കോടതിയിൽ വെളിപ്പെടുത്തിയത്

Update: 2023-04-13 14:56 GMT
Editor : Shaheer | By : Web Desk
Advertising

ഇസ്‌ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും ഭാര്യ ബുഷ്‌റ ബീബിയും തമ്മിലുള്ള വിവാഹം ഇസ്‌ലാമിക നിയമപ്രകാരം അസാധുവാണെന്ന് ഇവരുടെ നിക്കാഹിന് കാർമികത്വം വഹിച്ച പണ്ഡിതൻ. മുഫ്തി മുഹമ്മദ് സഈദാണ് പാക് സിവിൽ കോടതിയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇമ്രാൻ ഖാന്റെ വിവാഹത്തിന്റെ സാധുത ചോദ്യംചെയ്ത് സമർപ്പിക്കപ്പെട്ട ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ആദ്യത്തെ ഭർത്താവുമായി വേർപിരിഞ്ഞ ശേഷം ബുഷ്‌റ ഇദ്ദ(വിവാഹമോചനത്തിനുശേഷമോ ഭർത്താവ് മരിച്ച ശേഷമോ ഉള്ള സ്ത്രീയുടെ കാത്തിരിപ്പുകാലം)യിൽ ഇരിക്കെയാണ് ഇമ്രാൻ ഖാൻ അവരെ വിവാഹം ചെയ്തതെന്നാണ് മുഫ്തി മുഹമ്മദ് സഈദ് സീനിയർ സിവിൽ ജഡ്ജി ന്‌സ്‌റും മിനല്ലയെ അറിയിച്ചത്. 2018 ഫെബ്രുവരിയിലായിരുന്നു ഇമ്രാൻ ഖാനും ബുഷ്‌റയും തമ്മിലുള്ള വിവാഹം. ലാഹോറിൽ വച്ചായിരുന്നു ചടങ്ങ് നടന്നത്. ഇമ്രാന്റെ സുഹൃത്തുക്കളായ സുൽഫി ബുഖാരിയും പാകിസ്താൻ തഹ്രീകെ ഇൻസാഫ്(പി.ടി.ഐ) മുൻ നേതാവ് ഔൻ ചൗധരിയുമായിരുന്നു സാക്ഷികൾ.

ഇമ്രാൻ ഖാനുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പി.ടി.ഐ നേതാവുമായിരുന്നു താനെന്ന് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മുഫ്തി മുഹമ്മദ് സഈദ് അറിയിച്ചു. 2018 ജനുവരി ഒന്നിനാണ് ഇമ്രാൻ ഖാൻ വിവാഹത്തിന്റെ കാർമികത്വം വഹിക്കണമെന്ന് ആവശ്യപ്പെടുന്നത്. തുടർന്ന് ഇമ്രാൻ ഖാൻ തന്നെയാണ് അദ്ദേഹത്തെ വിവാഹത്തിനായി ലാഹോറിലെ ഡിഫൻസ് സൊസൈറ്റിയിലുള്ള ഒരു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്.

സ്ഥലത്തെത്തിയ മുഫ്തി സഈദ് വധുവിൻരെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ആദ്യ വിവാഹത്തിന്റെയും വിവാഹമോചനത്തിന്റെയും വിശദാംശങ്ങളും തേടി. ശരീഅത്ത് പ്രകാരമുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്ന് ബുഷ്‌റയുടെ സഹോദരിയാണെന്നു പരിചയപ്പെടുത്തിയ ഒരു സ്ത്രീ അന്ന് തന്നോട് വ്യക്തമാക്കിയെന്നും സത്യവാങ്മൂലത്തിൽ മുഫ്തി അറിയിച്ചു. തുർന്നാണ് ജനുവരി ഒന്നിനു തന്നെ നിക്കാഹ് ചെയ്തുകൊടുത്തത്.

എന്നാൽ, തൊട്ടടുത്ത മാസം ഇമ്രാൻ ഖാൻ വീണ്ടും മുഫ്തിയെ വിളിച്ചു. നിക്കാഹ് മാറ്റിനടത്തണമെന്നും ആദ്യം ചെയ്തത് ശരീഅ നിയമങ്ങൾക്കു വിരുദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. അപ്പോഴാണ് 2017 നവംബറിലാണ് ബുഷ്‌റ വിവാഹമോചിതയാകുന്നതെന്നും നിക്കാഹിൻരെ സമയത്തും അവർ ഇദ്ദയിലായിരുന്നുവെന്നും വ്യക്തമാകുന്നതെന്ന് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. 2018 ജനുവരി ഒന്നിനു തന്നെ ബുഷ്‌റയുമായുള്ള വിവാഹം നടന്നാൽ ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയാകുമെന്ന് ഒരു പ്രവചനമുണ്ടായിരുന്നു. ഇതിനാലാണ തിടുക്കപ്പെട്ട് ഇസ്‌ലാമിക നിയമത്തിനു വിരുദ്ധമായി നിക്കാഹ് നടന്നതെന്നും മുഫ്തി മുഹമ്മദ് സഈദ് സത്യവാങ്മൂലത്തിൽ കൂട്ടിച്ചേർത്തു.

Summary: 'Imran Khan, Bushra Bibi's Marriage held against Islamic law', Says Mufti Mohammad Saeed, the cleric who solemnized the Nikah

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News