അർധരാത്രി വരെ നീണ്ട രാഷ്ട്രീയ നാടകം, കോടതിയും പട്ടാള മേധാവിയും ഇടപെട്ടു: ഇംറാന്‍ ഖാന്‍ പുറത്ത്

അവസാന പന്തു വരെ നേരിടുമെന്ന് പറഞ്ഞിരുന്ന ഇംറാൻ ഖാൻ അവിശ്വാസ വോട്ടെടുപ്പ് നേരിടാൻ അവസാന നിമിഷം വരെ തയ്യാറായില്ല

Update: 2022-04-10 03:25 GMT

ഇസ്‍ലാമാബാദ്: അർധരാത്രി വരെ നീണ്ട രാഷ്ട്രീയ നാടകമാണ് ഇന്നലെ പാകിസ്താനിൽ കണ്ടത്. അവസാന പന്തു വരെ നേരിടുമെന്ന് പറഞ്ഞിരുന്ന ഇംറാൻ ഖാൻ അവിശ്വാസ വോട്ടെടുപ്പ് നേരിടാൻ അവസാന നിമിഷം വരെ തയ്യാറായില്ല. കോടതിയും പട്ടാള മേധാവിയും ഇടപെട്ടതോടെ ഇംറാന് നാണംകെട്ട് പടിയിറങ്ങേണ്ടി വന്നു.

രാവിലെ പത്തര മുതൽ 14 മണിക്കൂർ നീണ്ട രാഷ്ട്രീയ നാടകത്തിനാണ് ഇന്നലെ പാക് ദേശീയ അസംബ്ലി വേദിയായത്. രാവിലെ സഭ ചേർന്നപ്പോൾ പ്രതിപക്ഷ എതിർപ്പുകളെ അവഗണിച്ച് ഇംറാന്‍റെ കക്ഷിയായ പാകിസ്താന്‍ തെഹ്‌രികെ ഇൻസാഫിന്‍റെ മന്ത്രിമാർ നീണ്ട പ്രസംഗങ്ങളുമായി നടപടികൾ നീട്ടിക്കൊണ്ടുപോയി. പലപ്പോഴായി നാലു തവണ സഭ നിർത്തിവച്ചു. രാത്രി പത്തരക്ക് ദേശീയ അസംബ്ലി വീണ്ടും ചേരുകയായിരുന്നു.

Advertising
Advertising

വോട്ടെടുപ്പിനു സഭാ സ്പീക്കർ അനുവദിക്കാത്തതിനെ തുടർന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഉമർ ബന്ദ്യാൽ അർധരാത്രി പ്രത്യേക സിറ്റിങ്ങിനു കോടതി തുറക്കാൻ നിർദേശം നൽകി. സൈന്യത്തിന്റെയും സുപ്രിംകോടതിയുടെയും നിർണായക ഇടപെടലുണ്ടായതിനെ തുടർന്നാണ് ഒടുവിൽ വോട്ടെടുപ്പ് നടന്നത്. പക്ഷേ അതിനു മുമ്പ് സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവെച്ചു. ഒടുവിൽ അർധ രാത്രിയില്‍ വോട്ടെടുപ്പ്. അതോടെ ഇംറാന്‍റെ പതനം പൂർത്തിയായി.

പാകിസ്താനിൽ ഒരു പ്രധാനമന്ത്രിക്കും അഞ്ചു വർഷ കാലാവധി പൂർത്തിയാക്കാനായിട്ടില്ലെന്ന ചരിത്രം തിരുത്താൻ ഇംറാൻ ഖാനുമായില്ല. അവിശ്വാസം വിജയിച്ച്, വോട്ടെടുപ്പിലൂടെ പുറത്തായ ആദ്യ പാകിസ്താൻ പ്രധാനമന്ത്രിയായി ഇംറാൻ ഖാൻ.

ഷഹബാസ് ശെരീഫ് പുതിയ പ്രധാനമന്ത്രിയായേക്കും

അധികാരത്തിൽ തുടരാൻ മെനഞ്ഞ തന്ത്രങ്ങളെല്ലാം പാളിയതോടെയാണ് പാകിസ്താൻ പ്രധാനമന്ത്രി പുറത്തായത്. രാജ്യം നേരിടുന്ന സാമ്പത്തിക തകർച്ച ഉന്നയിച്ച് അവിശ്വാസപ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തിനൊപ്പം സ്വന്തം പാളയത്തിൽനിന്നും ആളുകൂടിയതോടെയാണ് ഇംറാൻ ഖാൻ വീണത്.

342 അംഗ ദേശീയ അസംബ്ലിയിൽ 172 പേരുടെ പിന്തുണയായിരുന്നു ആവശ്യം. അവിശ്വാസം മറികടക്കാനാകില്ലെന്ന് മനസ്സിലാക്കി വോട്ടെടുപ്പ് അനുവദിക്കാതെ അസംബ്ലി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയ ഇംറാന്റെ രാഷ്ട്രീയ നീക്കം സുപ്രിംകോടതിയുടെ പ്രതിരോധത്തിലാണ് തകർന്നത്. അസംബ്ലി പിരിച്ചുവിട്ടത് റദ്ദാക്കിയ കോടതി സഭ ചേരാൻ ഉത്തരവിടുകയായിരുന്നു.

ഇംറാൻ ഖാൻ അർധരാത്രിയിൽ മാത്രമാണ് സഭയിലെത്തിയത്. പാകിസ്താന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാനുള്ള അമേരിക്കൻ ഗൂഢാലോചന വെളിപ്പെടുത്തുന്ന കത്ത് ചീഫ് ജസ്റ്റിസിന് കൈമാറുമെന്ന് ഇംറാൻ പറഞ്ഞു. ഇംറാൻ വീണതോടെ, പ്രതിപക്ഷ നേതാവ് ഷഹബാസ് ശെരീഫ് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്നാണ് റിപ്പോർട്ട്. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News