അൽ ഖദീർ ട്രസ്റ്റ് അഴിമതി കേസ്; ഇംറാൻ ഖാന്റെ ഭാര്യയ്ക്ക് സംരക്ഷണ ജാമ്യം

കേസിൽ അറസ്റ്റിലായ ഇംറാൻ ഖാനെ മോചിപ്പിക്കാൻ കഴിഞ്ഞദിവസം പാക് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.

Update: 2023-05-15 13:21 GMT
Advertising

ഇസ്‌ലാമാബാദ്: അൽ ഖദീർ ട്രസ്റ്റ് അഴിമതി കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബിക്ക് സംരക്ഷണ ജാമ്യം. മെയ് 23 വരെയാണ് ലാഹോർ ഹൈക്കോടതി സംരക്ഷണ ജാമ്യം അനുവദിച്ചത്.

കേസിൽ അറസ്റ്റിലായ ഇംറാൻ ഖാനെ മോചിപ്പിക്കാൻ കഴിഞ്ഞദിവസം പാക് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണം എന്നുമാണ് കോടതി നിർദേശിച്ചത്.

ദേശീയ ട്രഷറിയിൽ നിന്ന് 50 ബില്യൺ രൂപ കൊള്ളയടിച്ചെന്നാണ് ഇംറാൻ ഖാനും ഭാര്യയ്ക്കുമെതിരായ ആരോപണം. കേസിൽ ചൊവ്വാഴ്ചയാണ് ഇസ്‌ലാമാബാദ് ഹൈക്കോടതിക്കു പുറത്ത് പാകിസ്താനിലെ അഴിമതി വിരുദ്ധ അന്വേഷണ സംഘമായ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ(നാബ്) ഇംറാൻ ഖാനെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിനു പിന്നാലെ രാജ്യവ്യാപകമായി അക്രമാസക്തമായ പ്രതിഷേധങ്ങളും സംഘർഷവും ഉടലെടുത്തിരുന്നു. പിടിഐ പാർട്ടി പ്രവർത്തകരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് പ്രവർത്തകർ ഇരച്ചുകയറി. ലാഹോറിലെ സൈനിക കമാൻഡറുടെ വീടിന് തീയിട്ടു. പലയിടങ്ങളിലും പൊലീസ് വാഹനങ്ങള്‍ കത്തിച്ചു. പ്രതിഷേധക്കാരെ നേരിടാൻ ഇസ്‌ലാമാബാദ്, ബലുചിസ്താൻ പഞ്ചാബ് പ്രവിശ്യ ഉൾപ്പെടയുള്ള മേഖലകളിൽ നിരോധനാർജ്ഞ പ്രഖ്യാപിക്കുകയും മൊബൈൽ, ഇന്‍റര്‍നെറ്റ് സേവനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് ഇംറാന് ആശ്വാസകരമായ വിധി പരമോന്നത കോടതിയിൽ നിന്ന് പുറത്തുവന്നത്. ഇംറാന്റെ അറസ്റ്റ് ചോദ്യം ചെയ്ത് അദ്ദേഹത്തിന്റെ അഭിഭാഷകസംഘം സുപ്രിംകോടതിയെ സമീപിച്ചതോടെയാണ് അനുകൂല വിധിയുണ്ടായത്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News