യു.എസിലെ സിഖ് പൊലീസ് ഉദ്യോഗസ്ഥന്റെ വധം: കൊലയാളിക്ക് വധശിക്ഷ

30 മിനിറ്റ് നീണ്ട വാദത്തിനു ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.

Update: 2022-10-27 15:04 GMT
Advertising

വാഷിങ്ടൺ: തലപ്പാവ് ധരിക്കാൻ അനുവാദം ലഭിച്ചതിനെ തുടർന്ന് വാർത്തകളിൽ ഇടം നേടിയ യു.എസിലെ ഇന്ത്യൻ വംശജനായ സിഖ് പൊലീസ് ഉദ്യോഗസ്ഥൻ സന്ദീപ് സിങ് ധലിവാളിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. കൊലയാളിയായ റോബർട്ട് സോളിസിന് (50) ആണ് ശിക്ഷ വിധിച്ചത്.

ഹൂസ്റ്റണിലെ ഹാരിസ് കൗണ്ടി ക്രിമിനൽ കോടതിയാണ് ഇയാൾക്ക് വധശിക്ഷ നൽകിയത്. 30 മിനിറ്റ് നീണ്ട വാദത്തിനു ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.

അഭിഭാഷകനില്ലാതെയാണ് പ്രതി കോടതിയിൽ എത്തിയത്. കൊലപാതകത്തിൽ താൻ കുറ്റക്കാരനാണെന്ന് നിങ്ങൾ വിശ്വസിക്കുന്നതിനാൽ വധശിക്ഷ നൽകുമെന്ന് കരുതുന്നു- എന്നായിരുന്നു കൂസലില്ലാതെയുള്ള ഇയാളുടെ പ്രതികരണം.

കൊലയാളിയായ റോബർട്ട് സോളിസിന് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നു. നീതി ലഭ്യമാക്കിയതിൽ ഞങ്ങൾ അങ്ങേയറ്റം നന്ദിയുള്ളവരാണ്- ഹാരിസ് കൗണ്ടി ഷെരീഫ് എഡ് ഗോൺസാലസ് ട്വീറ്റ് ചെയ്തു.

2019 സെപ്തംബറിൽ യു.എസിലെ ടെക്‌സാസിലാണ് ഡെപ്യൂട്ടി ഷെരിഫ് ആയ സന്ദീപ് ധലിവാൾ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഹൂസ്റ്റണിന്റെ വടക്ക് പടിഞ്ഞാറു ഭാഗത്ത് ഒരു മിഡ് ഡേ ട്രാഫിക് പരിശോധന നടത്തുന്നതിനിടെയായിരുന്നു സന്ദീപിന് വെടിയേറ്റതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

ധലിവാളിനെ വെടിവച്ച് കൊന്ന കേസിൽ സോളിസിനെ അറസ്റ്റ് ചെയ്ത് മൂന്ന് വർഷത്തിന് ശേഷമാണ് വിധി വരുന്നത്. യു.എസ് പൊലീസിൽ 10 വർഷമായി സേവനമനുഷ്ടിച്ചുവന്ന ഉദ്യോഗസ്ഥനായിരുന്നു സന്ദീപ് സിങ്. യു.എസ് പൊലീസിലെ ആദ്യ ടർബൻ ധാരിയായ ഉദ്യോ​ഗസ്ഥനായിരുന്നു അദ്ദേഹം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News