മലേഷ്യയിൽ നിന്ന് നായ്ക്കുട്ടികളെയും പൂച്ചയെയും കടത്തി; സിം​ഗപ്പൂരിൽ ഇന്ത്യൻ വംശജന് 12 മാസം തടവുശിക്ഷ

ഇതുവരെ പിടിക്കപ്പെട്ട മൃഗക്കടത്തുകളിൽ ഏറ്റവും ഗുരുതരമായ കേസുകളിലൊന്നാണ് ഇതെന്ന് നാഷണൽ പാർക്ക് ബോർഡ് പറഞ്ഞു.

Update: 2023-04-26 12:02 GMT

സിം​ഗപ്പൂർ: മലേഷ്യയിൽ നിന്ന് നായ്ക്കുട്ടികളേയും പൂച്ചകളേയും കടത്തിയ ഇന്ത്യൻ വംശജന് സിം​ഗപ്പൂരിൽ തടവുശിക്ഷ. 36കാരനായ ഗോബിസുവരൻ പരമൻ ശിവൻ എന്നയാൾക്കാണ്  ജയിൽ ശിക്ഷ വിധിച്ചത്. 12 മാസം തടവ് ശിക്ഷയാണ് ഇയാൾക്ക് ലഭിച്ചിരിക്കുന്നത്. മലേഷ്യയിൽ നിന്ന് സിംഗപ്പൂരിലേക്ക് 26 നായ്ക്കുട്ടികളെയും പൂച്ചയെയും ലോൺട്രി ബാഗിൽ കടത്തവയെയാണ് ഇയാൾ പിടിയിലായത്.

ഇതുവരെ പിടിക്കപ്പെട്ട മൃഗക്കടത്തുകളിൽ ഏറ്റവും ഗുരുതരമായ കേസുകളിലൊന്നാണ് ഇതെന്ന് നാഷണൽ പാർക്ക് ബോർഡ് പറഞ്ഞു. പിടികൂടുമ്പോൾ ഒരു നായ്ക്കുട്ടി ചത്തിരുന്നു. 18 നായ്കുട്ടികൾ പാർവോവൈറസ് അണുബാധ മൂലം പിന്നീട് മരിച്ചതായും ചാനൽ ന്യൂസ് ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു. ലൈസൻസില്ലാതെ വളർത്തുമൃഗങ്ങളെ അനധികൃതമായി ഇറക്കുമതി ചെയ്യുകയും മൃഗങ്ങൾക്ക് അനാവശ്യമായ വേദനയും കഷ്ടപ്പാടും ഉണ്ടാക്കുകയും ചെയ്ത കുറ്റത്തിനാണ് ഇയാളെ ശിക്ഷിച്ചത്.

Advertising
Advertising

2022 ഒക്ടോബർ 18നായിരുന്നു കേസിനാസ്പദമായ സംഭവം. ദക്ഷിണ പെനിൻസുലറിൽ മലേഷ്യയെയും സിംഗപ്പൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിൽ സിംഗപ്പൂർ ഭാഗത്തുള്ള തുവാസ് ചെക്ക്‌പോസ്റ്റിലെ ഇമിഗ്രേഷൻ ഓഫീസർമാർ ഒരു മലേഷ്യ‍ൻ രജിസ്ട്രേഷൻ ലോറി തടഞ്ഞുനിർത്തി നടത്തിയ പരിശോധയിലാണ് മൃ​ഗങ്ങളെ കണ്ടെത്തിയത്. ലോറിയുടെ വിവിധ കമ്പാർട്ടുമെന്റുകളിലായി ഒളിപ്പിച്ച നിലയിലാണ് 27 വളർത്തുമൃഗങ്ങളെ കണ്ടെത്തിയതെന്ന് നാഷണൽ പാർക്ക് ബോർഡ് വ്യക്തമാക്കി.

ചില മൃഗങ്ങളെ ലോൺട്രി ബാഗുകളിൽ ഒളിപ്പിച്ച് വാഹനത്തിന്റെ ഓവർഹെഡ് കമ്പാർട്ടുമെന്റിലാണ് സൂക്ഷിച്ചിരുന്നത്. കുറച്ച് നായ്ക്കുട്ടികളെ ഡ്രൈവറുടെയും യാത്രക്കാരുടേയും സീറ്റുകൾക്ക് പിന്നിൽ പ്ലാസ്റ്റിക് പാത്രങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.

ഈ നായ്ക്കുട്ടികളെ ആർക്കെങ്കിലും വിറ്റിരുന്നെങ്കിൽ കനൈൻ പാർവോ വൈറസ് മറ്റ് നായ്ക്കളിലേക്കും പടരുമായിരുന്നു എന്നും നാഷണൽ പാർക്ക് ബോർഡ് പറഞ്ഞു. കനൈൻ പാർവോ വൈറസ് ഒരു പകർച്ചവ്യാധിയാണ്. ചെറുപ്പത്തിൽ തന്നെ പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത നായ്ക്കളിൽ ഇത് അതിവേഗം പടരുകയും ജീവഹാനിക്ക് ഇടയാക്കുകയും ചെയ്യും.

2022 ഒക്‌ടോബറിനും 2023 മാർച്ചിനുമിടയിൽ 19 മൃഗക്കടത്ത് കേസുകൾ നാഷണൽ പാർക്ക് ബോർഡും മറ്റ് ഏജൻസികളും ചേർന്ന് കണ്ടെത്തിയിട്ടുണ്ട്.





Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News