Writer - അൻഫസ് കൊണ്ടോട്ടി
anfas123
വാഷിങ്ടണ്‍: സുഹൃത്തുക്കളോടൊത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ദുരൂഹ സാഹചര്യത്തിൽ മരണം. ഹൈദരാബാദിലെ നാല്‍ഗൊണ്ട ജില്ലയിലെ മെല്ലാടുപ്പാലപ്പള്ളി സ്വദേശി പവന്‍ കുമാര്‍ റെഡിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റാണ് വിദ്യാര്‍ത്ഥിയുടെ ജീവന്‍ നഷ്ടമായതെന്ന് സമൂഹമാധ്യമങ്ങളടക്കം ഏറ്റുപിടിച്ചെങ്കിലും മരണകാരണം എന്തെന്ന് യുഎസ് ഔദ്യോഗിക വൃത്തങ്ങളോ ആരോഗ്യവകുപ്പോ സ്ഥിരീകരിച്ചില്ല. അത്താഴവിരുന്നിനിടെയുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന് പറയാനാകുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ യുഎസിലെ ലോക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനായി മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യന്‍ എംബസിയുമായി കുടുംബത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.