ഗസ്സയിൽ 100 മസ്ജിദുകൾ നിർമ്മിക്കാനൊരുങ്ങി ഇന്തോനേഷ്യ

റമദാന്‍ വ്രതം അടുത്തിരിക്കെ പള്ളിനിർമാണത്തിൽ വേഗത്തിലുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഇന്തോനേഷ്യ മസ്ജിദ് കൗൺസിൽ ചെയർമാൻ

Update: 2025-01-30 04:25 GMT
Editor : rishad | By : Web Desk

ജക്കാര്‍ത്ത: ഗസ്സയില്‍ 100 മസ്ജിദുകള്‍ നിർമ്മിക്കാനുള്ള പദ്ധതിയുമായി ഇന്തോനേഷ്യ. വിശുദ്ധ റമദാന്‍ വ്രതം ആരംഭിക്കാനിരിക്കെ ഇക്കാര്യത്തില്‍ വേഗത്തിലുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഇന്തോനേഷ്യ മസ്ജിദ് കൗൺസിൽ ചെയര്‍മാനും മുൻ ഇന്തോനേഷ്യൻ വൈസ് പ്രസിഡന്റുമായ മുഹമ്മദ് ജുസുഫ് കല്ല പറഞ്ഞു.

ഗസ്സയിലെ സ്ഥിതിഗതികളെക്കുറിച്ച് ഇന്തോനേഷ്യൻ സമൂഹത്തെ അറിയിക്കേണ്ടത് പ്രധാനമാണെന്ന് മുഹമ്മദ് ജുസുഫ് കല്ല പറഞ്ഞു.

''ഒന്നര വർഷത്തിനുള്ളിൽ ഇസ്രായേൽ അധിനിവേശം ഗസ്സയെ തരിപ്പണമാക്കി. ആയിരത്തിലധികം പള്ളികളാണ് തകര്‍ത്തത്''- അദ്ദേഹം പറഞ്ഞു. ആദ്യപടിയായി 10 പള്ളികള്‍ നിര്‍മിക്കും. പിന്നെ എണ്ണം 100ലെത്തിക്കുമെന്നും മുഹമ്മദ് ജുസുഫ് കല്ല വ്യക്തമാക്കി. 

Advertising
Advertising

''ഇന്തോനേഷ്യന്‍ ജനത പള്ളി നിര്‍മാണവുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷ. പള്ളി നിര്‍മ്മാണം എങ്ങനെ നടപ്പിലാക്കണമെന്ന കാര്യം ഗസ്സയിലെ ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്നും''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ജനുവരി 19നാണ് ഗസ്സയില്‍ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്.  

അതേസമയം വെടിനിർത്തൽ കരാറായതിന് പിന്നാലെ 3,76,000 ലധികം ഫലസ്തീനികൾ വടക്കൻ ഗസയിലെ വീടുകളിലേക്ക് മടങ്ങിയതായാണ് യുഎൻ അറിയിക്കുന്നത്. തെക്കൻ ഗസ്സയേയും വടക്കൻ ഗസ്സയേയും വേർതിരിക്കന്ന നെത് സരിം ഇടനാഴിയിൽ നിന്ന് ഇസ്രായേൽ സൈന്യം പിന്മാറിയതോടെയാണ് ജനം വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയത്. ഇസ്രായേൽ ആക്രമണത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ വടക്കൻ ഗസ്സയിൽ നിന്നാണ് വ്യാപകമായി കൂട്ടപ്പലായനം ഉണ്ടായത്.     

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News