ബിബിസി ഡോക്യുമെന്‍ററി വിവാദം; മോദിയെ പിന്തുണച്ച് റഷ്യ

മറ്റുള്ളവർക്കെതിരെ ചില ഗ്രൂപ്പുകളുടെ താൽപര്യങ്ങളുടെ ഉപകരണമായി പ്രവര്‍ത്തിക്കുകയാണ്

Update: 2023-01-31 02:57 GMT
Editor : Jaisy Thomas | By : Web Desk

റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന്‍റെ വക്താവ്  മരിയ സഖരോവ

Advertising

മോസ്കോ: ബിബിസി ഡോക്യുമെന്‍റി വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് റഷ്യ. ബിബിസി റഷ്യക്കെതിരെ മാത്രമല്ല, മറ്റ് രാജ്യങ്ങൾക്കെതിരെയും വിവരയുദ്ധം(information war) നടത്തുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന്‍റെ വക്താവ് മരിയ സഖരോവ ആരോപിച്ചതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

''റഷ്യയ്‌ക്കെതിരെ മാത്രമല്ല , സ്വതന്ത്രനയം പിന്തുടരുന്ന ആഗോള അധികാര കേന്ദ്രങ്ങൾക്കെതിരെയും ബിബിസി വിവിധ മുന്നണികളിൽ വിവരയുദ്ധം നടത്തുന്നതിന്‍റെ മറ്റൊരു തെളിവാണിതെന്ന വസ്തുതയിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു'' വക്താവ് പറഞ്ഞു. ബിബിസി ബ്രിട്ടീഷ് സ്ഥാപനത്തിനുള്ളിൽ പോലും പോരാടുകയാണ്, മറ്റുള്ളവർക്കെതിരെ ചില ഗ്രൂപ്പുകളുടെ താൽപര്യങ്ങളുടെ ഉപകരണമായി പ്രവര്‍ത്തിക്കുകയാണെന്നും ഇത് തിരിച്ചറിയണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.



'മോദി: ദി ഇന്ത്യ ക്വസ്റ്റ്യന്‍' ഡോക്യുമെന്‍ററി രണ്ടു ഭാഗങ്ങളായാണ് പുറത്തുവന്നത്. ആദ്യ ഭാഗം ഗുജറാത്ത് വംശഹത്യയെ കുറച്ചുള്ളതായിരുന്നു. രണ്ടാമത്തേതില്‍ നരേന്ദ്ര മോദി രണ്ടാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള സംഭവ വികാസങ്ങളാണ് വിശദീകരിച്ചത്. ഡോക്യുമെന്‍ററിയുടെ ലിങ്കുകൾ ബ്ലോക്ക് ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും യൂട്യൂബിനും കേന്ദ്ര സര്‍ക്കാര്‍ നിർദേശം നൽകിയിരുന്നു. വസ്തുനിഷ്ഠതയില്ലാത്തതും കൊളോണിയൽ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതുമായ പ്രൊപഗാണ്ട എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഡോക്യുമെന്‍ററിയെ വിലയിരുത്തിയത്.



അതേസമയം ബിബിസി ഡോക്യുമെന്‍റി നിരോധനത്തിനെതിരായ ഹരജിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനം. ഫെബ്രുവരിആറിനാണ് ഹരജിയിൽ വാദം കേൾക്കുക.അഭിഭാഷകനായ എം എൽ ശർമ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ ബിബിസി ഡോക്യുമെന്‍ററിയുടെ ഒന്നും രണ്ടും ഭാഗങ്ങൾ പരിശോധിക്കണമെന്നും 2002ലെ ഗുജറാത്ത് കലാപത്തിൽ നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News