Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തെൽ അവീവ്: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ അമേരിക്കയെക്കൂടി യുദ്ധക്കളത്തിൽ ഇറക്കാൻ ഇസ്രായേൽ നീക്കം. തെൽ അവീവിലെ യുഎസ് എംബസ്സി ഇറാൻ ആക്രമിച്ചതായി ഇസ്രായേലിലെ യുഎസ് അംബാസിഡർ പറഞ്ഞു. ട്രംപിന്റെ മിഡിൽ ഈസ്റ്റ് സന്ദർശനത്തെ തുടർന്നും അമേരിക്കക്ക് അകത്തുനിന്നുള്ള നിർദേശ പ്രകാരവും ഇസ്രയേലിന്റെ ഇറാൻ ആക്രമണത്തിൽ പങ്കുചേരാതിരിക്കാൻ ട്രംപിന് സമർദമുണ്ട്.
ഇറാൻ ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇസ്രായേൽ അമേരിക്കയുടെ സഹായം തേടിയെങ്കിലും അമേരിക്ക പങ്കാളിയാവുന്നില്ല എന്നറിയിച്ചതിനെ തുടർന്ന് ഇസ്രായേൽ തനിച്ച് ആക്രമണത്തിന് മുതിരുകയായിരുന്നു. എന്നാൽ ഇറാന്റെ ഭാഗത്ത് നിന്ന് പ്രത്യാക്രമണങ്ങളുണ്ടായതോടെ ഇസ്രായേൽ വീണ്ടും അമേരിക്കയുടെ മുന്നിലെത്തിയിരിക്കുകയാണ്. യുഎസിന്റെ കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ പശ്ചിമേഷ്യലേക്ക് വരുന്നുണ്ട് എന്നാണ് പുതിയ റിപോർട്ടുകൾ.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഇറാന്റെ ഏറ്റവും വലിയ ശത്രു ട്രംപ് ആണെന്നും, ട്രംപിനെ വധിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും പറയുന്നു. ഇതിലൂടെ അമേരിക്കയെ കൂടെ യുദ്ധക്കളത്തിലിറക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നത്. ഇറാന്റെ പുതിയ ആക്രമണത്തിൽ ഇസ്രയേലിലുള്ള യുഎസ് എംബസി തകർന്നിട്ടുണ്ടെന്ന് യുഎസ് അംബാസഡർ മൈക്ക് ഹക്കബിയുടെ ട്വീറ്റ് കൂടി വന്ന പശ്ചാത്തലത്തിൽ സംഘർഷത്തിൽ അമേരിക്കയുടെ പങ്കാളിത്തം വരും മണിക്കൂറുകളിൽ കൂടുതൽ ചർച്ചയാകും.
അതേസമയം, ഇസ്രായേൽ ആക്രമണങ്ങളെക്കുറിച്ച് ഞങ്ങൾക്ക് എല്ലാം അറിയാമായിരുന്നുവെന്നും ഇസ്രായേൽ പ്രതിരോധത്തെ സഹായിക്കുമെന്നും ട്രംപ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.