'ആണവ നിർവ്യാപന കരാറിൽനിന്ന് പിന്മാറുന്നു;' നിർണായക നീക്കവുമായി ഇറാൻ

സംഘർഷം രൂക്ഷമാകുന്നതിനിടെ അതിനിർണായകമായൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഇറാൻ. ആണവ നിർവ്യാപന കരാറിൽനിന്ന് പിന്മാറാനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നു എന്നാണ് ഇറാൻ വിദേശകാര്യമന്ത്രാലയം തിങ്കളാഴ്ച അറിയിച്ചത്

Update: 2025-06-18 05:15 GMT
Editor : RizwanMhd | By : Web Desk

സംഘർഷം രൂക്ഷമാകുന്നതിനിടെ അതിനിർണായകമായൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഇറാൻ. ആണവ നിർവ്യാപന കരാറിൽനിന്ന് പിന്മാറാനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നു എന്നാണ് ഇറാൻ വിദേശകാര്യമന്ത്രാലയം തിങ്കളാഴ്ച അറിയിച്ചത്. ആണവായുധങ്ങളുടെ വ്യാപനം തടയുന്നതിനുള്ള ആഗോള ശ്രമങ്ങളിൽ സുപ്രധാന നാഴികക്കല്ലാണ് 1968ലെ ആണവ നിർവ്യാപന കരാർ.

സമീപകാല സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ പോകുകയാണ് എന്നാണ് ഇറാൻ പറയുന്നത്. ആണവ നിർവ്യാപന കരാറിൽനിന്ന് പിന്മാറാൻ പാർലമെന്റിന്റെ അംഗീകാരം ആവശ്യമാണ്. അതിനുള്ള തയാറെടുപ്പുകൾ നടക്കുകയാണെന്നാണ് ഇറാനി വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് പറയുന്നത്.

Advertising
Advertising

ആണവായുധം ഉപേക്ഷിക്കുക, ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയായ INTERNATIONAL ATOMIC ENERGY AGENCY യുമായി സഹകരിക്കുക ഉൾപ്പെടെയുള്ള നിബന്ധനകളാണ് ആണവ നിർവ്യാപന കരാറിലുള്ളത്. ഈ കരാറിന് കീഴിൽ, അമേരിക്ക, യു കെ, ഫ്രാൻസ്, റഷ്യ, ചൈന എന്നിങ്ങനെ അഞ്ചു രാജ്യങ്ങളെ മാത്രമാണ് ആണവായുധ രാജ്യങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളത്. 1968ൽ രൂപംകൊണ്ട കരാർ, 1970 ലാണ് പ്രാബല്യത്തിൽ വരുന്നത്. ആ വർഷംതന്നെ ഇറാൻ കരാറിന്റെ ഭാഗമായിരുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം, 191 രാജ്യങ്ങൾ കരാറിന്റെ ഭാഗമാണ്. എന്നാൽ, ഇസ്രായേൽ കരാറിൽ ഒപ്പുവച്ചിട്ടില്ല. പശ്ചിമേഷ്യയിൽ കരാറിന്റെ ഭാഗമല്ലാത്ത ഏകരാജ്യമാണ് ഇസ്രായേൽ.

അങ്ങനെയിരിക്കെയാണ്, ഇറാൻ ആണവായുധം വികസിപ്പിക്കുന്നു എന്ന അവകാശവാദം ഉന്നയിച്ച് ഇസ്രായേൽ ഇറാനിൽ ആക്രമണം നടത്തുന്നത്. അമേരിക്കയുടെ കൈയ്യിലോ INTERNATIONAL ATOMIC ENERGY AGENCYയുടെ പക്കലോ ഇസ്രായേലി വാദം സാധൂകരിക്കുന്ന യാതൊരു തെളിവും ഇല്ലാതിരിക്കെയായിരുന്നു സയണിസ്റ്റ് ഭരണകൂടത്തിന്റെ നടപടി. അതിനുപിന്നാലെയാണ് ആണവ നിർവ്യാപന കരാറിൽനിന്ന് പിൻവാങ്ങണമെന്ന മുറവിളി ഇറാനിൽ കൂടുതൽ ശക്തി പ്രാപിക്കുന്നത്.

പശ്ചിമേഷ്യയിൽ ആണവായുധശേഖരമുള്ള രാജ്യം ഇസ്രായേൽ മാത്രമാണെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം വാദിക്കുന്നത്. ഇസ്രായേലിന്റെ പക്കൽ ആണവായുധം ഉള്ളതായി നിരവധി റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. അതിനെ ഇസ്രായേൽ എതിർക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടുമില്ല. കരാറിൽ പങ്കാളികളല്ലാത്ത ഇസ്രായേൽ, ആണവായുധം വികസിപ്പിക്കുന്നു എന്ന വ്യാജ ആരോപണം ഉന്നയിച്ച് കാറിന്റെ ഭാഗമായ ഇറാനെ ആക്രമിച്ചു എന്നതാണ് അവിടെയൊരു വിഭാഗത്തെ ചൊടിപ്പിച്ചത്. കൂടാതെ ATOMIC ENERGY AGENCYയുമായി സഹകരിച്ചെങ്കിലും, കരാർ ഉപാധികൾ ഇറാൻ തെറ്റിക്കുന്നതായി അടുത്തിടെ സംഘടന പ്രമേയം പാസാക്കിയിരുന്നു. ഇതിന്റെ കൂടി മറപിടിച്ചായിരുന്നു നെതന്യാഹുവിന്റെ ആരോപണങ്ങൾ. ഇക്കാര്യങ്ങളും കരാറിൽനിന്ന് പിന്മാറാനുള്ള തീരുമാനത്തിലേക്ക് നയിക്കുന്നതാണെന്ന് ഇറാൻ വാദിക്കുന്നുണ്ട്.

അതേസമയം, കരാറിൽനിന്ന് പിൻവാങ്ങിയാലും ആണവായുധം വികസിപ്പിക്കാനുള്ള ഉദ്ദേശ്യമില്ലെന്നാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസാഷ്‌കിയാൻ തിങ്കളാഴ്ച വ്യക്തമാക്കിയത്. ആണവായുധ നിർമാണം ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖാംനഈയുടെ ശാസനയ്ക്ക് വിരുദ്ധമാണെന്നായിരുന്നു പ്രസിഡന്റ് ചൂണ്ടിക്കാട്ടിയത്. 2003 ഒക്ടോബറിലായിരുന്നു ഖാംനഈ വാക്കാലുള്ള ഫത്വ പുറപ്പെടുവിച്ചത്. കൂട്ട നശീകരണ ആയുധങ്ങളുടെ നിർമ്മാണവും ഉപയോഗവും നിരോധിച്ചുകൊണ്ടായിരുന്നു ആ ഫത്വ. അതിൽനിന്ന് ഇതുവരെയും ഇറാൻ പിന്നോട്ടുപോയിട്ടില്ല. അമേരിക്കൻ ദേശീയ രഹസ്യാന്വേഷണ വിഭാഗം മേധാവി, തുളസി ഗബ്ബാർഡും ഇക്കാര്യം അടുത്തിടെ അംഗീകരിച്ചിരുന്നു.

കരാറിൽനിന്ന് പിൻവാങ്ങുന്നത് സംബന്ധിച്ച് വ്യക്തമായ തീരുമാനങ്ങളിലേക്കൊന്നും ഇതുവരെ ഇറാൻ കടന്നിട്ടില്ല. എങ്കിൽ പോലും, ഈ പ്രഖ്യാപനം തന്നെ നിർണായകമാണെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

ഇനി മറ്റൊരു കാര്യം കൂടി, നിലവിലെ ഇസ്രായേലി ആക്രമണത്തിന് പിന്നിൽ ആണവായുധ നിർമാണത്തിന് തടയിടുകയാണ് ലക്ഷ്യമെന്നൊക്കെ ഇസ്രായേൽ അവകാശപ്പെടുന്നുണ്ടെങ്കിലും ഇറാനിൽ ഭരണമാറ്റം കൊണ്ടുവരികയാണ് യഥാർത്ഥ ഉദ്ദേശ്യമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഇസ്രായേലി പ്രധാനമന്ത്രി, ജൂൺ 15ന് ഫോക്സ് ന്യൂസിന് കൊടുത്ത അഭിമുഖത്തിലും അടുത്തിടെയായി ഇറാനുമായി ബന്ധപ്പെട്ട് നടത്തിവരുന്ന പ്രസംഗങ്ങളിലും അത് പ്രകടവുമാണ്.

Tags:    

Writer - RizwanMhd

contributor

Editor - RizwanMhd

contributor

By - Web Desk

contributor

Similar News