ആണവ നിർവ്യാപന കരാറിൽ നിന്ന് പിന്മാറാൻ ഇറാൻ

അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് എന്നിവയ്ക്ക് പുറമെ മറ്റ് അംഗ രാജ്യങ്ങൾക്ക് ആണവായുധങ്ങൾ സ്വന്തമാക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുന്നതാണ് ആണവ നിർവ്യാപന കരാർ

Update: 2025-06-16 10:08 GMT

ടെഹ്‌റാൻ: ആണവ നിർവ്യാപന കരാർ (NPT) ഉപേക്ഷിക്കുന്നതിനുള്ള ബിൽ ഇറാൻ പാർലമെന്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായീൽ ബഖായി പറഞ്ഞു. എന്നാൽ വൻതോതിലുള്ള നശീകരണ ആയുധങ്ങൾ വികസിപ്പിക്കുന്നതിനെ ഇറാൻ ഇപ്പോഴും എതിർക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.1968ൽ ഒപ്പുവെച്ച് 1970ൽ പ്രാബല്യത്തിൽ വന്ന 190 അംഗങ്ങളുള്ള കരാറിൽ നിന്നാണ് ഇറാൻ പിന്മാറാൻ തയ്യാറെടുക്കുന്നത്. അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് എന്നിവയ്ക്ക് പുറമെ മറ്റ് രാജ്യങ്ങൾക്ക് ആണവായുധങ്ങൾ സ്വന്തമാക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുന്നതാണ് ഈ കരാർ.

Advertising
Advertising

ആണവായുധങ്ങളുടെയും അനുബന്ധ സാങ്കേതികവിദ്യകളുടെയും വ്യാപനം തടയുക, ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗത്തിൽ സഹകരണം പ്രോത്സാഹിപ്പിക്കുക, ആണവ നിരായുധീകരണത്തിന്റെയും സമ്പൂർണ്ണ ആഗോള നിരായുധീകരണത്തിന്റെയും ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു അന്താരാഷ്ട്ര കരാറാണ് ആണവായുധ നിർവ്യാപന കരാർ (Treaty on the Non-Proliferation of Nuclear Weapons).

ആണവായുധം നിർമിക്കാൻ ആവശ്യമായ യുറേനിയം സമ്പുഷ്ടമാക്കാനുള്ള ഇറാന്റെ ശേഷി പരിമിതപ്പെടുത്താനുള്ള കരാറിൽ നിന്ന് യുഎസ് 2018 ൽ പിന്മാറിയത് മുതൽ ഇറാന്റെ ആണവ പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. തങ്ങളുടെ യുറേനിയം സമ്പുഷ്ടമാക്കാനുള്ള പരിപാടി സമാധാനപരമാണെന്ന് ഇറാൻ ആവർത്തിച്ച് വാദിക്കുന്നു. എന്നാൽ നിരവധി ആണവ ബോംബുകൾ നിർമിക്കാൻ ആവശ്യമായ സമ്പുഷ്ട യുറേനിയം രാജ്യത്തുണ്ടെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ തലവൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്നാൽ കരാറിൽ നിന്ന് പുറത്തുകടക്കുന്നത് സംബന്ധിച്ച് പാർലമെന്റ് ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിന്റെ ആക്രമണം പോലുള്ള സംഭവവികാസങ്ങൾ 'സ്വാഭാവികമായും രാജ്യത്തിന്റെ തന്ത്രപരമായ തീരുമാനങ്ങളെ ബാധിക്കുന്നുവെന്നും ഇസ്മായിൽ ബഖായി പറഞ്ഞു. 'മേഖലയിൽ കൂട്ട നശീകരണ ആയുധങ്ങൾ കൈവശം വച്ചിരിക്കുന്നത് സയണിസ്റ്റ് ഭരണകൂടം മാത്രമാണ്.' ഇസ്മായിൽ ബഖായി കൂട്ടിച്ചേർത്തു.

ഇസ്രായേൽ ആണവ നിർവ്യാപന കരാറിൽ ഉൾപ്പെട്ട അംഗരാജ്യമല്ല. ഇസ്രായേലിന് ആണവായുധങ്ങളുണ്ടെന്ന് വ്യാപകമായി കരുതപ്പെടുന്നു. എന്നാൽ അവർ അത് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News