Writer - നൈന മുഹമ്മദ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിൽ യൂറോപ്യൻ നയതന്ത്ര പ്രതിനിധി സംഘത്തിന് നേരെ വെടിവെപ്പ് നടത്തി ഇസ്രായേൽ. യൂറോപ്യൻ, അറബ് രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരടങ്ങുന്ന പ്രതിനിധി സംഘത്തിന് നേരെ ഇസ്രായേൽ സൈനികർ അഞ്ച് ബുള്ളറ്റുകൾ ഉതിർത്തതായി വഫ വാർത്താ ഏജൻസി റിപോർട്ട് ചെയ്തു. എന്നാൽ ആളപായത്തെ കുറിച്ച് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. ജെനിൻ ക്യാമ്പിന്റെ സ്ഥിതി കാണാനും, മാനുഷിക സാഹചര്യങ്ങൾ വിലയിരുത്താനുമായി പ്രതിനിധി സംഘം ഒരു ഫീൽഡ് ട്രിപ് നടത്തുമ്പോഴാണ് ആക്രമണം.
പ്രതിനിധി സംഘത്തിന് നേരെ ഇസ്രായേൽ നടത്തിയ വെടിവെപ്പിന്റെ ദൃശ്യങ്ങൾ ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിരുന്നു. ക്യാമ്പ് സന്ദർശിച്ച പ്രതിനിധി സംഘത്തെ ഭയപ്പെടുത്താനാണ് ഇസ്രായേൽ ഇത് ചെയ്തത്. ഇസ്രായേലിന്റെ ഈ ഹീന കൃത്യത്തെ ശക്തമായി അപലപിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ജെനിൻ അഭയാർഥി ക്യാമ്പ് നിലവിൽ വാസയോഗ്യമല്ലാതായി മാറിയിരിക്കുകയാണ്. 12 ബുൾഡോസറുകൾ ഉപയോഗിച്ചാണ് ഈ ക്യാമ്പിലെ വീടുകളും അടിസ്ഥാന സൗകര്യങ്ങളും സൈന്യം തകർത്തത്. ഒരു ഏക്കർ വിസ്തൃതിയുള്ള സ്ഥലത്ത് വാട്ടർ ടാങ്കുകളും ജനറേറ്ററുകളും കൊണ്ടുവന്ന് ദീർഘകാല താവളത്തിനുള്ള തയാറെടുപ്പുകളാണ് സൈനിക എൻജിനീയർമാരുടെ സംഘം നടത്തിവരുന്നത്.
2023 ഒക്ടോബർ ഏഴിന് ശേഷം അനധികൃത കുടിയേറ്റക്കാരും ഇസ്രായേൽ സൈന്യവും വലിയ രീതിയിലുള്ള അതിക്രമങ്ങളാണ് അധിനിവേശ വെസ്റ്റ് ബാങ്കിൽ അഴിച്ചുവിടുന്നത്. ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ അധിനിവേശം നടത്തുന്നത് നിയമവിരുദ്ധമാണെന്നും വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും അനധികൃത കുടിയേറ്റക്കാർ ഒഴിഞ്ഞുപോകണമെന്നും 2024 ജൂലൈയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ എല്ലാ മാനുഷിക മൂല്യങ്ങളേയും കാറ്റിൽ പറത്തി ഇസ്രായേൽ ആക്രമണം തുടരുകയാണ്.