വിവരങ്ങൾ ചോരുമെന്ന ഭയം; രഹസ്യരേഖകൾ മന്ത്രിമാർക്ക് നൽകാതെ ഇസ്രായേൽ

മന്ത്രിസഭയെ കുറ്റപ്പെടുത്തി ഇസ്രായേൽ ദേശീയ സുരക്ഷാ കൗൺസിൽ തലവൻ

Update: 2024-05-23 04:56 GMT
Advertising

സുരക്ഷയുടെ കാര്യത്തിലും രഹസ്യാന്വേഷണത്തിലും എന്നും ലോകത്ത് നമ്പർ വൺ ആണെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. ആ അവകാശ വാദങ്ങൾക്കേറ്റ തിരിച്ചടിയായിരുന്നു ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണം. ​അയേൺ ഡോം പോലുള്ള സൈനിക സുരക്ഷാ സംവിധാനങ്ങളും മൊസാദിന്റെ ചാ​രപ്രവർത്തനവുമെല്ലാം നിഷ്പ്രഭമായ ദിനം. ഇതിന് ശേഷം ഗസ്സക്ക് നേരെ ഇസ്രായേൽ കനത്ത ആക്രമണം അഴിച്ചുവിട്ടെങ്കിലും അവരുടെ യുദ്ധലക്ഷ്യങ്ങൾ ഒന്നും നേടാൻ സാധിച്ചിട്ടില്ല. മാത്രമല്ല, രാജ്യത്തിനകത്തും അന്താരാഷ്ട്ര തലത്തിലും സർക്കാറിനെതിരെ വലിയ പ്രക്ഷോഭമാണ് നടക്കുന്നത്.

രാജ്യം ഗുരുതര സ്ഥിതിവിശേഷത്തിലൂടെ കടന്നുപോകുന്നതിനിടെ ഇസ്രായേലി മന്ത്രിസഭയിലും ഭിന്നത രൂക്ഷമാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ദിവസവും പുറത്തുവരുന്നുണ്ട്. നിർണായക വിവരങ്ങൾ ചോരുമെന്ന ഭയത്താൽ രഹസ്യരേഖകൾ പല ഇസ്രായേലി മന്ത്രിമാർക്കും നൽകുന്നില്ലെന്ന പുതിയ റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നു. ഇസ്രായേലി പത്രമായ ഇസ്രായേൽ ഹയോം ആണ് ഇക്കാര്യ റിപ്പോർട്ട് ചെയ്യുന്നത്.

ഇത് പൊളിറ്റിക്കൽ-സെക്യൂരിറ്റി മ​ന്ത്രിസഭയിലെ ഭിന്നത കൂടുതൽ വെളിപ്പെടുത്തുകയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സുപ്രധാനമായ രഹസ്യാന്വേഷണ വിവരങ്ങൾ ലഭിക്കുന്നതിൽ നിന്ന് നിരവധി മന്ത്രിമാരെയാണ് ബോധപൂർവം ഒഴിവാക്കിയത്. വിവരങ്ങൾ ചോർന്നത് കാരണം ഇസ്രായേൽ സൈന്യത്തിന് പലയിടങ്ങളിലും തിരിച്ചടി നേരിടുകയുണ്ടായി. കൂടാതെ സൈനികരെ അപകടത്തിലാക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിവരങ്ങൾ എല്ലാവർക്കും നൽകാത്തത്. ഒഴിവാക്കപ്പെട്ട മന്ത്രിമാർ ദേശസുരക്ഷ അപകടത്തിലാക്കുക മാത്രമല്ല, യുദ്ധസമയത്ത് ഫലപ്രദമായി പ്രവർത്തിക്കാനുള്ള മന്ത്രിസഭയുടെ കാര്യപ്രാപ്തിയെ തടസ്സപ്പെടുത്തുകയുമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഇസ്രായേലിലെ രാഷ്ട്രീയ-സുരക്ഷാ മന്ത്രിസഭ ചെറുതും രഹസ്യാത്മകവുമായി പ്രവർത്തിക്കുന്ന ഒന്നാണ്. തന്ത്രപ്രധാനമായ കാര്യങ്ങളിൽ ആഴത്തിലുള്ള ചർച്ചകളും തീരുമാനങ്ങളുമെല്ലാം കൈക്കൊള്ളുന്നത് ഈ മന്ത്രിസഭയാണ്. പ്രധാനമന്ത്രി, സുരക്ഷാ മന്ത്രി, വിദേശകാര്യ മന്ത്രി, ധനകാര്യ മന്ത്രി, നീതിന്യായ മന്ത്രി, ആഭ്യന്തര സുരക്ഷാ മന്ത്രി എന്നിവരടങ്ങുന്ന ആറ് സ്ഥിരം മന്ത്രിമാർ ഇതിലുണ്ടാകും. കൂടാതെ മറ്റുള്ളവരെയും ഇതിൽ ഉൾപ്പെടുത്താം.

മുൻകാലങ്ങളിലെല്ലാം നിർണായക തീരുമാനങ്ങളെടുക്കാനും ചർച്ചകൾ നടത്താനും ഈ മന്ത്രിസഭയെ പ്രധാനമന്ത്രിമാർ ഉപയോഗിച്ചിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ അതിന് സാധ്യമല്ലെന്നാണ് പത്രം വിലയിരുത്തുന്നത്. ചോർച്ചയെക്കുറിച്ചുള്ള ആശങ്കകൾ കാരണം സുരക്ഷാ ഏജൻസികൾ മന്ത്രിസഭാ യോഗത്തിൽ തന്ത്രപ്രധാനമായ വിവരങ്ങൾ നൽകുന്നില്ല. കഴിഞ്ഞവർഷം ഒക്ടോബറിൽ ലെബനാനിതിരായ ആക്രമണത്തിന്റെ വിശദാംശങ്ങൾ ചോർന്നത് വലിയ തിരിച്ചടിയായെന്ന് ഇസ്രായേൽ ഹയോമിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ചോർച്ചയുടെ പ്രത്യാഘാതങ്ങൾ വളരെ ഗുരുതരമാണ്. തന്ത്രപ്രധാനമായ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിൽ മന്ത്രിസഭ പരാജയപ്പെടുന്നു. ഇത് മന്ത്രിസഭയുടെ പ്രസക്തിയെ തന്നെ ദുർബലപ്പെടുത്തുകയും ദേശസുരക്ഷക്ക് ഗുരുതര അപകടം വരുത്തിവെക്കുകയും ചെയ്യുന്നു. മന്ത്രിസഭയിലുള്ള പലരും രാജ്യത്തെ ഒറ്റുകയാണ്. 2006 ജൂലൈയിലെ രണ്ടാം ലെബനാൻ യുദ്ധത്തേക്കാൾ സ്ഥിതി മോശമായിട്ടുണ്ടെന്നും പത്രം ചൂണ്ടിക്കാട്ടി.

മന്ത്രിസഭയിലെ അംഗങ്ങളെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന നിർദേശവും ഉയർന്നുവന്നിരുന്നു. എന്നാൽ, ​​പ്രധാനമന്ത്രി നെതന്യാഹു ഇത് നിരസിച്ചുവെന്നും ഇസ്രായേൽ ഹയോം വെളിപ്പെടുത്തുന്നു. വിവരങ്ങൾ ചോരുന്ന കാര്യം നെതന്യാഹു അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, അത് പരിഹരിക്കാനുള്ള നടപടികൾ ലക്ഷ്യം കണ്ടിട്ടില്ല എന്നതാണ് യാഥാർഥ്യം. കൂടാതെ, ദേശസുരക്ഷ, പ്രതിരോധം എന്നിവയിലെ നിയമനിർമ്മാണ നടപടികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് സുരക്ഷാ, സൈനിക നേതാക്കൾ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ഒക്‌ടോബർ ഏഴിലെ ആക്രമണവും യുദ്ധകാലത്തെ പരാജയങ്ങളുമെല്ലാം സംബന്ധിച്ച അന്വേഷണങ്ങൾ തുടരുകയാണ്. ഇതിനിടയിൽ മന്ത്രിസഭാ ചർച്ചകളിൽ പ്രധാന വിവരങ്ങൾ മറച്ചുവെക്കുന്നത് വലിയ ചർച്ചയായി മാറുമെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, മന്ത്രിസഭയെ കുറ്റപ്പെടുത്തി ഇസ്രായേൽ ദേശീയ സുരക്ഷാ കൗൺസിൽ തലവൻ സാച്ചി ഹനെഗ്ബി രംഗത്തുവന്നു. വടക്കൻ ഇസ്രായേലിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മന്ത്രിസഭക്ക് വ്യക്തമായ പദ്ധതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗസ്സക്കെതിരായ യുദ്ധത്തിൽ ഇസ്രായേലിന് ഇതുവരെ ലക്ഷ്യങ്ങളൊന്നും നിറവേറ്റാൻ സാധിച്ചിട്ടില്ല. യുദ്ധത്തിൻ്റെ തന്ത്രപരമായ ലക്ഷ്യങ്ങളൊന്നും നമ്മൾ നേടിയില്ല. ബന്ദികളെ കൈമാറുന്ന കാര്യത്തിൽ കരാർ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. ഹമാസ് ഇപ്പോഴും ചെറുത്തുനിൽപ്പ് തുടരുകയാണ്. ഗസ്സയിലെ ജനങ്ങൾക്ക് അവരുടെ വീടുകളിലേക്ക് സുരക്ഷിതമായി മടങ്ങാൻ സാധിക്കുന്നില്ല. യുദ്ധം അവസാനിക്കാൻ വർഷങ്ങളെടുക്കുമെന്നാണ് സൈന്യം പറയുന്നതെന്നും ഹനെഗ്ബി കൂട്ടിച്ചേർത്തു. ഇസ്രായേൽ വിദേശകാര്യ, സുരക്ഷാ സമിതിക്ക് നൽകിയ അഭിമുഖത്തിലാണ് ഹനെഗ്ബി ഇക്കാര്യം വ്യക്തമാക്കിയത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News